
റാഞ്ചി: റാഞ്ചിയിലെ ഒരു സ്വകാര്യ മദ്യ ചില്ലറവിൽപ്പനശാലയിൽ ഒരു കുരങ്ങൻ കയറിച്ചെന്ന് അരബോട്ടിൽ വോഡ്ക അടിച്ച് ഫിറ്റായി മയങ്ങിവീണു! അതിക്രമിച്ചുകയറിയ കുരങ്ങിനെ തുരത്തിയോടിക്കാൻ പല ശ്രമങ്ങളും നടത്തി. അവസാനം, ബിസ്കറ്റ് ഇട്ടുകൊടുത്ത് ശ്രദ്ധതിരിക്കാൻ ശ്രമിച്ചു, ഒരു ഫലവും ഉണ്ടായില്ല.
ആളുകളെ വകവയ്ക്കാതെ ഷോപ്പിനുള്ളിൽ കയറിയ വിദ്വാൻ ഒരു കുപ്പി വോഡ്ക പൊട്ടിച്ച് കുടിച്ചു! കുപ്പിയിൽ പകുതിയോളം തീർന്നപ്പോഴേക്കും ആൾ ഫിറ്റായി മദ്യക്കുപ്പികളുടെ പെട്ടികൾക്ക് മേൽ മയങ്ങിവീഴുകയും ചെയ്തു!
ഫിറ്റായ കുരങ്ങൻ കിടന്നു മയങ്ങുന്നതുകണ്ട നാട്ടുകാർ ആ അപൂർവമായ കാഴ്ച മൊബൈലിൽ പകർത്തി. കടയിൽ മദ്യം വാങ്ങാനെത്തിയവരും ജീവനക്കാരും സാധാരണപോലെ കാര്യങ്ങൾ ചെയ്യുമ്പോൾ, കുരങ്ങൻ പിന്നിൽ സുഖമായി ഉറങ്ങുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
എന്നാൽ, ഇത് അവനെ സംബന്ധിച്ചിടത്തോളം വലിയ പുതുമയല്ല. അവൻ സ്ഥിരമായി ആളുകൾ ഉപേക്ഷിക്കുന്ന മദ്യക്കുപ്പികളിൽ നിന്ന് മദ്യം ഊറ്റിക്കുടിക്കുമായിരുന്നത്രേ! അതിന്റെ രുചി അമ്പേ പിടിച്ചതുകൊണ്ടാവും അവൻ മദ്യഷോപ്പ് റെയ്ഡ് ചെയ്യാൻ എത്തിയത്!
നിയമപരമായ മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം







Comments