
കൊല്ലം: കൊല്ലത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ കരിങ്കൊടി കാണിച്ച സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബിജെപി രംഗത്ത്. വിവിഐപി വാഹനത്തിന് തൊട്ടടുത്ത് വരെ പ്രതിഷേധക്കാർ എങ്ങനെയെത്തി എന്നാണ് പാർട്ടി ചോദിക്കുന്നത്. വീഴ്ച ചൂണ്ടിക്കാട്ടി ബിബി ഗോപകുമാർ എം എൽ എ ഡിജിപിക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ട്.
അമിത് ഷാ കഴിഞ്ഞ ദിവസം ആശ്രാമം മൈതാനത്ത് ഹെലികോപ്ടറിൽ എത്തിയ ശേഷം റോഡുമാർഗം നിർദിഷ്ട പരിപാടിയുടെ ഉദ്ഘാടനത്തിനായി കുണ്ടറയിലേക്ക് പോകും വഴിയായിരുന്നു കരിങ്കൊടിയുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഹനവ്യൂഹത്തിനു മുന്നിൽ എത്തിയത്. യൂത്ത് കോൺഗ്രസ് നേതാവ് ബിനു ചുള്ളിയിലും പ്രവർത്തകരും വിവിഐപി വാഹനത്തിന് 50 മീറ്റർ അരികിൽ വരെ എത്തിയതെങ്ങനെയെന്നാണ് ചോദ്യമുയരുന്നത്.
സുരക്ഷാവലയത്തിലേക്ക് ജനപ്രതിനിധികൾക്ക് കടക്കാൻ സാധിച്ചത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തണമെന്നും വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. പൊലീസിന്റെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടെങ്കിൽ കൃത്യവിലോപം കാട്ടിയവരെ കണ്ടെത്തി ശിക്ഷിക്കണം. സുരക്ഷാവലയം ഭേദിച്ചവർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ഗോപകുമാർ നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.







Comments