
തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറികെ സി വേണുഗോപാലിനെതിരെ നടന്ന സൈബർ ആക്രമണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കോൺഗ്രസ് നേതാവ് ജോൺസൺ എബ്രഹാം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണം തുടങ്ങിയത്. നേരത്തെ ഡിജിപിക്ക് നൽകിയ പരാതിയിൽ നടപടികളൊന്നുമുണ്ടായിരുന്നില്ല.
കേരളത്തിലെ മുഖ്യമന്ത്രി നിർണയ സമയത്തായിരുന്നു കോൺഗ്രസ് സംഘടനാ ശ്രേണിയിലെ രണ്ടാമൻ എന്ന് വിളിക്കപ്പെടുന്ന കെ സി വേണുഗോപാലിനെതിരെ ശക്തമായ സൈബർ ആക്രമണം നടന്നത്. വേണുഗോപാലിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈയിലാണ് ജോൺസൺ എബ്രഹാം ആദ്യ പരാതി നൽകിയത്. ഡിജിപിയുടെ ഓഫീസിൽ നിന്ന് ആലപ്പുഴ സൈബർ സെല്ലുമായി ബന്ധപ്പെടാൻ നിർദേശം ലഭിച്ചു. സൈബർ പൊലീസിന് സ്വന്തം നിലയിൽ ആക്രമണം നടത്തിയ അക്കൗണ്ടുകളുടെ വിശദാംശങ്ങൾ കൈമാറുകയും ചെയ്തു. എന്നാൽ, അതിൽ തുടർ നടപടികൾ ഉണ്ടായില്ല. ഇതേ തുടർന്നാണ് രണ്ട് മാസത്തിനു ശേഷം രമേശ് ചെന്നിത്തലയെ സമീപിച്ചിരിക്കുന്നത്.
സൈബർ ആക്രമണം നടന്ന സമയത്ത് മുഖ്യമന്ത്രി പദത്തിലേക്ക് ഉയർന്നു കേട്ടത്ത് കെ സി വേണുഗോപാലിന്റെയും വി ഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും പേരുകളായിരുന്നു. വി ഡി സതീശനാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി, രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയും. കോൺഗ്രസ് നേതാവിനെതിരെ പാർട്ടിക്കുള്ളിൽ നിന്ന് ഉണ്ടായ സൈബർ ആക്രമണത്തെ കുറിച്ച് അന്വേഷിക്കുന്നതും നടപടി സ്വീകരിക്കുന്നതും എങ്ങനെയെന്ന് കാത്തിരുന്നു കാണേണ്ട കൗതുക കാഴ്ചയായിരിക്കും എന്നാണ് പൊതുവെയുള്ള വിലയിരുത്തലുകൾ.







Comments