
കോഴിക്കോട്: റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി മന്ത്രി കെ എം ഷാജി. സ്വകാര്യ വാഹനങ്ങൾ സർക്കാർ ആവശ്യത്തിനായി ഉപയോഗിക്കുന്നതിൽ നിയമപരമായി തെറ്റില്ല. ഔദ്യോഗിക വാഹനവും പദവിയും സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നാണ് നിയമമെന്നും മന്ത്രി സഞ്ചരിക്കുന്ന വാഹനമാണ് മന്ത്രിയുടെ വാഹനം എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രി ഔദ്യോഗിക വാഹനത്തിലാണ് വാർത്താ സമ്മേളനത്തിന് എത്തിയത്.
താൻ റേഞ്ച്റോവറിനു മുന്നിൽ നിൽക്കുന്നതായി പ്രചരിക്കുന്ന ചിത്രം എഐ നിർമ്മിതമാണെന്നും മന്ത്രി പറഞ്ഞു. കാറിന്റെ മുന്നില് താൻ നില്ക്കുന്ന നില്പ്പാണ് ഈ ഫോട്ടോയിലെ അശ്ലീലം. എന്തൊരു അഹങ്കാരമുള്ള നില്പ്പാണ്. ഇത്തരത്തില് നില്ക്കുന്ന കെ എം ഷാജിയുടെ ഒരു ഫോട്ടോ കോഴിക്കോട്ടെ മാധ്യമപ്രവര്ത്തകര് കാണിച്ചുതരാമോ എന്നു ചോദിച്ച മന്ത്രി ഫോട്ടോ വ്യാജം ആണോയെന്ന് അന്വേഷിക്കാനുള്ള മാന്യത പോലും കാണിച്ചില്ല എന്നും കുറ്റപ്പെടുത്തി.
അഴീക്കോട് എംഎൽഎയായിരുന്ന കാലത്തും താൻ ഉപയോഗിച്ചിരുന്നത് ഇതേ വാഹനമായിരുന്നുവെന്ന് ഷാജി പറഞ്ഞു. ആദ്യം വാഹനം തന്റേതാണെന്നും പിന്നീട് സുഹൃത്തിന്റേതാണെന്നും വാർത്തകൾ വന്നു. സുഹൃത്തിന് എന്തോ ഉപകാരം ചെയ്തിട്ടാണ് അയാള് ആ വണ്ടി തന്നത് എന്നാണ് വിമർശനമുയർന്നത്. പ്രത്യുപകാരം പ്രതീക്ഷിച്ചിട്ട് മാത്രമാണ് എന്തും ചെയ്യുന്നത് എന്നുള്ള ചില ആളുകളുടെ മാനസിക വ്യാപാരത്തിന്റെ കുഴപ്പമാണ്. അനുമതിയില്ലാതെ യാത്ര ചെയ്തു എന്നായി പിന്നീടുള്ള വിമർശനം. കൂര്ഗില് പോകാന് മാത്രമാണ് അനുമതി എന്ന് പിന്നീട് പ്രചരിച്ചു. മന്ത്രിമാർ സ്വകാര്യ വാഹനം ഉപയോഗിക്കുമ്പോൾ മുൻകൂർ അനുമതി വേണമെന്നത് നിയമമല്ലെന്നും മറിച്ച് കീഴ്വഴക്കം മാത്രമാണെന്നും ഷാജി വ്യക്തമാക്കി.
വിദേശയാത്രയ്ക്കിടെ തനിക്കൊപ്പം ബാർ ഉടമ ഉണ്ടായിരുന്നുവെന്ന തരത്തിലുള്ള പ്രചാരണവും നടന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ ഷംസീറിനുമൊപ്പം ബാർ ഉടമ നിൽക്കുന്ന ചിത്രം പുറത്തുവന്നതോടെ വിവാദത്തിന്റെ ദിശ മാറിയെന്നും അദ്ദേഹം ആരോപിച്ചു. സിപിഐഎമ്മിന്റെ സൈബർ വിഭാഗം നടത്തിയ പ്രചാരണങ്ങൾ മുഖ്യധാരാ മാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ തന്റെ വകുപ്പിൽ നടന്നതായി ആരോപിക്കുന്ന പതിനായിരത്തോളം അനധികൃത നിയമനങ്ങൾ പുറത്തുവരുമെന്ന ആശങ്കയാണ് തന്നെ ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങൾക്ക് പിന്നിലെന്നും ഷാജി ആരോപിച്ചു.







Comments