
ക്യാമറയ്ക്ക് മുന്നില് പെട്ടെന്ന് പ്രതികരിക്കേണ്ടി വരുമ്പോള് തനിക്ക് ബുദ്ധിമുട്ടുണ്ടാകാറുണ്ടെന്ന് നടി നിഖില വിമല്. അത് നിങ്ങളുടെ ആരുടെയും പ്രശ്നമല്ലെന്നും തന്റേതാണെന്നും താരം പറഞ്ഞു. പെട്ടെന്ന് ഒരു ദിവസം കാറില് നിന്നിറങ്ങുമ്പോള് ഒരു പത്ത് വീഡിയോ ക്യാമറകള് വന്നിട്ട് സംസാരിക്കൂ എന്ന് പറഞ്ഞാല് താന് അതിന് തയാര് ആയിരിക്കില്ലെന്നും നടി കൂട്ടിച്ചേര്ത്തു. ധൂമകേതുവിന്റെ പ്രസ് മീറ്റീനിടെയായിരുന്നു നിഖിലയുടെ പ്രതികരണം.
'പെട്ടെന്ന് ക്യാമറയായിട്ട് വരുമ്പോൾ എനിക്ക് അത് എന്റെ ഒരു പ്രൈവസി സ്പേസ് പോലെയാണ്. അത് എന്റെ പ്രശ്നമാണ്, നിങ്ങളുടെ പ്രശ്നമല്ല. നിങ്ങളോട് എങ്ങനെ റിയാക്ട് ചെയ്യണമെന്ന് അറിയാത്തതിന്റെ പ്രശ്നമാണ്. എനിക്ക് അറിയാം നിങ്ങൾക്ക് വേണ്ടത് ഒരു കണ്ടന്റാണ്. അതിനകത്തുനിന്നാണ് നിങ്ങൾ ചോദിക്കുന്നത്. ചിലപ്പോൾ ചോദിക്കുന്ന ചോദ്യം ഭയങ്കര ഇറിറ്റേറ്റിങ് ആണെങ്കിലും റെസ്പോണ്ട് ചെയ്യാതിരിക്കുക എന്ന് പറയുമ്പോൾ അങ്ങ് രക്ഷപ്പെട്ടുപോകാലോ എന്നുള്ളതുകൊണ്ടാണ്. അല്ലാതെ നിങ്ങളോട് എന്തെങ്കിലും ദേഷ്യം ഉണ്ടായിട്ടൊന്നുമല്ല', നിഖില പറഞ്ഞു.
'ഒരു പ്രസ് മീറ്റ് എന്ന് പറയുമ്പോൾ ഞാൻ തയ്യാർ ആയിരിക്കും. അല്ലാതെ പെട്ടെന്ന് ഒരു ദിവസം കാറിൽ നിന്നിറങ്ങുമ്പോൾ ഒരു പത്ത് വീഡിയോ ക്യാമറകൾ വന്ന് നിൽക്കുക, 'സംസാരിക്കൂ' എന്ന് പറയുമ്പോൾ ചിലപ്പോൾ ഞാൻ അത്ര തയ്യാർ ആയിരിക്കില്ല. അതുകൊണ്ടുള്ള ഒരു പ്രശ്നമാണ്. അത് എന്റെ പ്രശ്നമാണ്', നിഖില കൂട്ടിച്ചേർത്തു.
അതേസമയം, നിഖില നായികയായി എത്തിയ ധൂമകേതു മികച്ച പ്രതികരണങ്ങൾ നേടി തിയേറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ്. സജിൻ ഗോപു, ഷൈൻ ടോം ചാക്കോ, ഗണപതി, സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്.







Comments