
പൊതുസ്ഥലങ്ങളിലെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് ശക്തമായ ഓർമ്മപ്പെടുത്തലുമായി ബോളിവുഡ് താരം കൃതി സനോൺ. പെൺമക്കളുടെ ദിനത്തോടനുബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലാണ് സ്ത്രീകൾ നേരിടുന്ന അരക്ഷിതാവസ്ഥയെക്കുറിച്ച് താരം ആശങ്ക പ്രകടിപ്പിച്ചത്. സമീപകാലത്തായി സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ചർച്ചയാകുന്നതിനിടയിലാണ് നടിയുടെ പ്രതികരണം. പെൺമക്കൾക്ക് സ്വന്തം രാജ്യത്ത് എപ്പോഴും ഭയമില്ലാതെ ജീവിക്കാൻ കഴിയുന്ന ഒരു സാഹചര്യം ഉണ്ടാക്കണമെന്നും കൃതി സനോൺ ആവശ്യപ്പെട്ടു.
‘ഈ പെൺമക്കളുടെ ദിനത്തിൽ, ചില പുരുഷന്മാർ എന്നെ പിന്തുടരുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു എന്ന് പറഞ്ഞ് നിങ്ങളുടെ മകൾ വീട്ടിലേക്ക് വിളിക്കുന്നത് ഒന്ന് സങ്കൽപ്പിക്കൂ. രാത്രിയിൽ അവൾ തനിച്ചുനടക്കുമ്പോൾ ഇടയ്ക്കിടെ തിരിഞ്ഞുനോക്കുന്നത് സങ്കൽപ്പിക്കൂ. അവൾ വീട്ടിലെത്തുന്നതിന് മുമ്പ് ഫോൺ ഓഫ് ആകുന്നത് സങ്കൽപ്പിക്കൂ. ഇപ്പോൾ അതൊന്ന് മനസ്സിലാക്കൂ,’ കൃതി കുറിച്ചു.
ലൈവ് ലൊക്കേഷൻ പങ്കിടുക, പെപ്പർ സ്പ്രേ കരുതുക, നടന്നുപോകുന്നതിന് പകരം ക്യാബ് ബുക്ക് ചെയ്യുക, യാത്രയ്ക്കിടയിൽ ആർക്കെങ്കിലും ഫോൺ ചെയ്യുക തുടങ്ങിയ സ്ത്രീകൾ പൊതുവെ സ്വീകരിക്കുന്ന സുരക്ഷാ മുൻകരുതലുകളെക്കുറിച്ചും താരം വ്യക്തമാക്കി. ഈ മുൻകരുതലുകൾ സ്ത്രീകളുടെ ദൈനംദിന ജീവിതത്തിന്റെ പ്രതീക്ഷിക്കപ്പെട്ട ഭാഗമായി മാറിയിരിക്കുന്നുവെന്നും അവർ ചൂണ്ടിക്കാണിച്ചു.
ഒരു മകൾക്ക് രാത്രിയിൽ തനിച്ചുവീട്ടിലേക്ക് നടക്കാനും, ഇരുട്ടിയ ശേഷം പാർക്കിലിരിക്കാനും, തനിക്ക് ഇഷ്ടമുള്ളത് ധരിക്കാനും, ഭയമില്ലാതെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാനും, അല്ലെങ്കിൽ ആക്രമിക്കപ്പെടുമെന്ന ഭയമില്ലാതെ പൊതുസ്ഥലങ്ങളിൽ സാധാരണപോലെ ജീവിക്കാനും കഴിയുന്ന ആ ദിവസം... അതാണ് നമ്മൾ പെൺമക്കളുടെ ദിനമായി ആഘോഷിക്കേണ്ടത്, കൃതി കൂട്ടിച്ചേർത്തു.
സുരക്ഷിതമായി എത്തി എന്ന് പറഞ്ഞ് ഇതുവരെ വീട്ടിലേക്ക് വിളിച്ചിട്ടുള്ള എല്ലാ പെണ്മക്കൾക്കും വേണ്ടി; അങ്ങനെയുള്ള ഒരു ഉറപ്പ് പറയേണ്ടി വരാത്ത ഒരു ലോകത്ത് നിങ്ങൾക്ക് ഒരുനാൾ ജീവിക്കാൻ കഴിയട്ടെ... അതാണ് നമ്മുടെ പെൺമക്കൾ അർഹിക്കുന്ന ലോകം! അത് അവർക്ക് നൽകേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ് എന്ന് പറഞ്ഞാണ് അവർ കുറിപ്പ് അവസാനിപ്പിച്ചത്.







Comments