
കൊൽക്കത്ത: അധികാരവും രാഷ്ട്രീയ നിലനിൽപ്പും ലക്ഷ്യമിട്ടാണ് മമത ബാനർജിയും സിപിഐഎമ്മും കൈകോർക്കുന്നതെന്ന് ബിജെപി വക്താവ് എൻ.വി സുഭാഷ്. പശ്ചിമ ബംഗാളിൽ പതിറ്റാണ്ടുകളായി പരസ്പരം എതിർപക്ഷത്തായിരുന്ന തൃണമൂൽ കോൺഗ്രസും സിപിഐഎമ്മും എസ്ഐആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സംയുക്ത സമരത്തിലേക്ക് നീങ്ങുന്നതിനെതിരെയാണ് ബിജെപിയുടെ വിമർശനം.
മമത ബാനർജിയും സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയും ഫോണിൽ സംസാരിച്ചതിനും തുടർന്ന് മമതയോട് സിപിഎമ്മിനൊപ്പം സമരം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയതിനും പിന്നാലെയാണ് ബിജെപി പ്രതികരിച്ചത്.
തൃണമൂൽ കോൺഗ്രസിനും മമത ബാനർജിക്കുമെതിരെ വർഷങ്ങളോളം പോരാടിയ സിപിഎമ്മിന് നിരവധി പ്രവർത്തകരുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് എൻ.വി സുഭാഷ് പറഞ്ഞു. എന്നാൽ സ്വന്തം രാഷ്ട്രീയ നിലനിൽപ്പ് പ്രതിസന്ധിയിലായതോടെ തത്ത്വങ്ങളും ആശയങ്ങളും മാറ്റിവെച്ച് സിപിഎം തൃണമൂലുമായി കൈകോർക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
ഈ സ്വാർത്ഥ രാഷ്ട്രീയ സഖ്യത്തെ പശ്ചിമ ബംഗാളിലെ ജനങ്ങൾ തിരിച്ചറിയുമെന്നും പൂർണമായി തള്ളിക്കളയുമെന്നും സുഭാഷ് പറഞ്ഞു. സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപി മികച്ച വിജയം നേടുമെന്നും ജനങ്ങൾ നരേന്ദ്ര മോദിയുടെ വികസന നയങ്ങൾക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.







Comments