
അമേരിക്കയിൽ മൂന്ന് ഗോൾഫ് പന്തുകൾ വിഴുങ്ങിയ പാമ്പിനെ ശസ്ത്രക്രിയ നടത്താതെ രക്ഷപ്പെടുത്തി വെറ്ററിനറി ഡോക്ടർമാർ. സാൻ അന്റോണിയോയിലെ സൗത്ത് ടെക്സസ് ഏവിയൻ ആൻഡ് എക്സോട്ടിക് ആശുപത്രിയിലാണ് വിചിത്രമായ സംഭവം നടന്നത്. പാമ്പിന്റെ ശരീരത്തിനുള്ളിൽ കുടുങ്ങിയ മൂന്ന് ഗോൾഫ് പന്തുകളും വിദഗ്ധ സംഘം അതീവ ശ്രദ്ധയോടെ പുറത്തെടുക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ആശുപത്രി അധികൃതർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ വീഡിയോ വൈറലായി.
ചികിത്സയുടെ ഭാഗമായി പാമ്പിന് ശക്തമായ മയക്കം നൽകിയ ശേഷമാണ് നടപടികൾ ആരംഭിച്ചത്. ശരീരത്തിനുള്ളിൽ കുടുങ്ങിയ ഗോൾഫ് പന്തുകൾ പതുക്കെ പാമ്പിന്റെ വായിലേക്കെത്തുന്ന തരത്തിൽ ഡോക്ടർമാർ ശരീരം സൂക്ഷ്മമായി നിയന്ത്രിച്ചു. ഓരോ പന്തും വായിലെത്തുമ്പോൾ പാമ്പ് വായ തുറന്നതോടെ ഡോക്ടർമാർ അവ ഓരോന്നായി പുറത്തെടുക്കുകയായിരുന്നു.
ആദ്യ പന്ത് പുറത്തെടുത്തതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ശരീരത്തിനുള്ളിൽ രണ്ട് ഗോൾഫ് പന്തുകൾ കൂടി ഉണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് അതീവ ശ്രദ്ധയോടെ നടപടികൾ തുടർന്നു. ഒടുവിൽ മൂന്ന് പന്തുകളും സുരക്ഷിതമായി പുറത്തെടുത്തു. ശസ്ത്രക്രിയയുടെ ആവശ്യമില്ലാതെയാണ് പാമ്പിനെ രക്ഷിക്കാനായത്.
എക്സോട്ടിക് മൃഗങ്ങളുടെ ചികിത്സയിൽ പലപ്പോഴും അപ്രതീക്ഷിതമായ സംഭവങ്ങൾ നേരിടേണ്ടിവരാറുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പാമ്പ് ഗോൾഫ് പന്തുകളെ ഭക്ഷണമോ മുട്ടകളോ ആയി തെറ്റിദ്ധരിച്ചാകാം വിഴുങ്ങിയതെന്നാണ് സോഷ്യൽ മീഡിയയിലെ ചില പ്രതികരണങ്ങൾ. എന്തായാലും പാമ്പിനെ ശസ്ത്രക്രിയയില്ലാതെ രക്ഷപ്പെടുത്തിയ അപൂർവ ചികിത്സയുടെ ദൃശ്യങ്ങൾ ഇപ്പോൾ വലിയ കൗതുകമാണ് സൃഷ്ടിച്ചിരിക്കുന്നത്.







Comments