
ജാർഖണ്ഡിലെ റാഞ്ചിയിൽ മദ്യക്കടയിലെത്തിയ കുരങ്ങൻ കുപ്പിയിൽ നിന്ന് മദ്യം കുടിച്ച ശേഷം കടയ്ക്കുള്ളിൽ തന്നെ കിടന്നുറങ്ങിയ സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഒർമാഞ്ചി ബ്ലോക്ക് ചൗക്കിന് സമീപത്തെ മദ്യക്കടയിലാണ് വിചിത്രമായ സംഭവം നടന്നത്. കടയ്ക്കുള്ളിൽ കയറിയ പെൺകുരങ്ങൻ ആദ്യം ചുറ്റും നടന്നെങ്കിലും പിന്നീട് അവിടെ സൂക്ഷിച്ചിരുന്ന മദ്യക്കുപ്പിയിലേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു. കുപ്പിയിൽ നിന്ന് മദ്യം കുടിച്ചതിന് പിന്നാലെ കുരങ്ങൻ കടയ്ക്കുള്ളിൽ തന്നെ കിടന്നുറങ്ങി.
കുരങ്ങൻ കടയ്ക്കുള്ളിൽ കയറിയപ്പോൾ ജീവനക്കാർ അതിനെ പുറത്താക്കാൻ ശ്രമിക്കുകയും ബിസ്കറ്റ് നൽകി ശ്രദ്ധ തിരിക്കാൻ നോക്കുകയും ചെയ്തിരുന്നു. എന്നാൽ ബിസ്കറ്റിൽ താൽപര്യം കാണിക്കാതെ കുരങ്ങൻ മദ്യക്കുപ്പി കൈക്കലാക്കുകയായിരുന്നു. കുപ്പി തുറന്ന് അതിലെ മദ്യം കുടിക്കുന്ന കാഴ്ച കണ്ട കടയിലുണ്ടായിരുന്നവർ അമ്പരന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പലരും മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.
മദ്യം കുടിച്ചതിന് പിന്നാലെ കുരങ്ങന് മയക്കം അനുഭവപ്പെട്ടതായാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. തുടർന്ന് കടയ്ക്കുള്ളിലെ മദ്യക്കുപ്പികൾ സൂക്ഷിച്ചിരുന്ന പെട്ടികൾക്ക് മുകളിൽ കയറി കിടന്ന കുരങ്ങൻ ഉറങ്ങുകയായിരുന്നു. ആളുകൾ സമീപത്തെത്തിയപ്പോഴും ഇടയ്ക്കൊന്ന് കണ്ണുതുറന്ന ശേഷം വീണ്ടും ഉറങ്ങുന്നതാണ് വീഡിയോയിൽ കാണുന്നത്. കുരങ്ങൻ നേരത്തെയും പ്രദേശത്ത് ഉപേക്ഷിച്ച കുപ്പികളിൽ അവശേഷിച്ച മദ്യം നക്കിക്കുടിക്കുന്നത് കണ്ടിട്ടുണ്ടെന്ന് കടയിലുണ്ടായിരുന്നവർ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.
വിവരം ലഭിച്ചതോടെ കുരങ്ങിനെ സുരക്ഷിതമായി കടയിൽ നിന്ന് മാറ്റാൻ രക്ഷാസംഘം സ്ഥലത്തെത്തി. പിന്നീട് കുരങ്ങൻ ബോധം വീണ്ടെടുത്ത് കടയിൽ നിന്ന് പുറത്തുപോയതായാണ് റിപ്പോർട്ട്. മദ്യക്കടയിലെത്തിയ കുരങ്ങൻ കുപ്പിയിൽ നിന്ന് മദ്യം കുടിക്കുകയും പിന്നാലെ അവിടെത്തന്നെ കിടന്നുറങ്ങുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം വൈറലായത്.







Comments