
രാജസ്ഥാനിലെ ജയ്പൂർ മെട്രോയിൽ ആദ്യമായി യാത്ര ചെയ്ത റഷ്യൻ യുവതിയുടെ അനുഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇന്ത്യയിൽ താമസിക്കുന്ന റഷ്യൻ ട്രാവൽ വ്ലോഗർ വേര പ്രോകോഫേവയാണ് ജയ്പൂർ മെട്രോയിലെ തന്റെ ആദ്യ യാത്ര വീഡിയോയായി പങ്കുവെച്ചത്. ഹവാ മഹലിന് സമീപമുള്ള മെട്രോ സ്റ്റേഷനിലേക്ക് പോകുന്നതിനായി സ്റ്റേഷൻ ജീവനക്കാരുടെ സഹായം തേടുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്.
സ്റ്റേഷനിലെത്തിയ ശേഷം പ്ലാറ്റ്ഫോമും മറ്റ് സൗകര്യങ്ങളും കണ്ട യുവതി ഏറെ സന്തോഷം പ്രകടിപ്പിച്ചു. പ്ലാറ്റ്ഫോമിനെ പ്രശംസിച്ച അവർ ആദ്യ അനുഭവത്തിന് ‘10/10’ റേറ്റിങ്ങും നൽകി. മെട്രോ സ്റ്റേഷന്റെ സൗകര്യങ്ങളും കാഴ്ചകളും വീഡിയോയിൽ പകർത്തിയ വേര, ജയ്പൂർ മെട്രോയുടെ അനുഭവം ദുബായ് മെട്രോയെ ഓർമിപ്പിക്കുന്നതായും പറഞ്ഞു.
ഹവാ മഹലിന് സമീപമുള്ള സ്റ്റേഷനിലേക്കുള്ള യാത്രയിലും വേര തന്റെ അനുഭവങ്ങൾ വീഡിയോയിൽ പങ്കുവെച്ചു. സാധാരണ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കപ്പുറം ജയ്പൂരിലെ പൊതുഗതാഗത സംവിധാനവും നേരിട്ട് പരിചയപ്പെടുന്ന യാത്രയായിരുന്നു ഇത്. ‘പിങ്ക് സിറ്റി’യുടെ ചരിത്രപരമായ കാഴ്ചകൾക്കൊപ്പം നഗരത്തിന്റെ ആധുനിക സൗകര്യങ്ങളും വിദേശ യാത്രികയുടെ വീഡിയോയിലൂടെ ശ്രദ്ധ നേടുകയായിരുന്നു.
വീഡിയോ വൈറലായതോടെ നിരവധി ഇന്ത്യക്കാരാണ് പ്രതികരണങ്ങളുമായി എത്തിയത്. പലരും വേരയെ ജയ്പൂരിലേക്ക് സ്വാഗതം ചെയ്യുകയും രാജസ്ഥാനിലെ അനുഭവം പങ്കുവെച്ചതിന് നന്ദി അറിയിക്കുകയും ചെയ്തു. ഡൽഹി മെട്രോയും രാജ്യത്തെ റാപ്പിഡ് റെയിൽ സംവിധാനങ്ങളും കൂടി പരീക്ഷിക്കണമെന്ന നിർദേശങ്ങളും ചിലർ മുന്നോട്ടുവച്ചു. ജയ്പൂർ മെട്രോയിലെ ആദ്യ യാത്രയ്ക്ക് റഷ്യൻ യുവതി നൽകിയ ‘പത്തിൽ പത്ത്’ റേറ്റിങ്ങാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ച.







Comments