
കൊച്ചി: നടി അന്സിബ ഹസന്റെ പരാതിയില് നടി ലക്ഷ്മിപ്രിയക്കെതിരെ പോലീസ് കേസെടുത്തു. അന്സിബയെ അപകീര്ത്തിപ്പെടുത്തുന്ന തരത്തിലും അശ്ലീലധ്വനിയുളളതുമായ പരാമര്ശങ്ങള് നടത്തിയെന്ന പരാതിയിലാണ് പാലാരിവട്ടം പോലീസ് കേസെടുത്തത്. എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിര്ദേശത്തെ തുടര്ന്നാണ് നടപടി.
ലക്ഷ്മിപ്രിയ ഒരു യുട്യൂബ് ചാനലില് നല്കിയ അഭിമുഖത്തിലൂടെ തന്നെ അപകീര്ത്തിപ്പെടുത്തുന്ന പരാമര്ശങ്ങള് നടത്തിയെന്നാണ് അന്സിബയുടെ പരാതി. ആദ്യം പാലാരിവട്ടം പോലീസ് കേസെടുത്തിരുന്നില്ല. തുടര്ന്ന് അന്സിബ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും പരാതി സ്വകാര്യ അന്യായമായി പരിഗണിക്കാനായിരുന്നു നിര്ദേശം. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ പരാതി വീണ്ടും പരിഗണിക്കാന് മജിസ്ട്രേറ്റ് കോടതിക്ക് നിര്ദേശം ലഭിച്ചു.
തുടര്ന്നാണ് കേസെടുക്കാന് പാലാരിവട്ടം പോലീസിന് എറണാകുളം മജിസ്ട്രേറ്റ് കോടതി നിര്ദേശം നല്കിയത്. താരസംഘടനയായ ' അമ്മ' യുമായി ബന്ധപ്പെട്ട തര്ക്കങ്ങള്ക്കിടെയായിരുന്നു അന്സിബയും ലക്ഷ്മിപ്രിയയും തമ്മിലുളള പ്രശ്നങ്ങള് പുറത്തുവന്നത്.







Comments