
നിസ്ഷിന്: അതിശക്തമായ മഴയെ തുടര്ന്ന് ഒരു പന്തുപോലും എറിയാതെ ഇന്ത്യ ഏഷ്യന്ഗെയിംസിന്റെ സെമിയില്. മഴയെ തുടര്ന്ന് അഫ്ഗാനിസ്ഥാനെതിരേയുള്ള മത്സരം ഉപേക്ഷിക്കുകയും ഇന്ത്യയെ ജേതാക്കളായി പ്രഖ്യാപിക്കുകയും ആയിരുന്നു. മത്സരം വേണ്ടെന്ന് വെച്ചതോടെ ഐസിസിയുടെ ടി20 റാങ്കിംഗില് മുന്നിലുള്ള ടീം എന്ന നിലയില് ഇന്ത്യയ്ക്ക് സെമിയിലേക്ക് യോഗ്യത കിട്ടുകയായിരുന്നു.
തിങ്കളാഴ്ച നിസ്ഷിനില് പെയ്ത ശക്തമായ മഴയെത്തുടര്ന്ന് ടോസ് പോലും നടത്താതെയാണ് ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള 2026 ഏഷ്യന് ഗെയിംസ് പുരുഷ ക്രിക്കറ്റ് ക്വാര്ട്ടര് ഫൈനല് ഉപേക്ഷിച്ചത്. ദിവസം മുഴുവന് മഴയുണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനം ഉണ്ടായിരുന്നെങ്കിലും, അഞ്ച് ഓവറെങ്കിലും മത്സരം നടക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല് ദീര്ഘനേരം കാത്തിരുന്ന ശേഷം ഒഫീഷ്യലുകള് മത്സരം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചു.
ഒക്ടോബര് 1-ന് നടക്കുന്ന സെമിഫൈനലില് ഇന്ത്യ ശ്രീലങ്കയെയോ നേപ്പാളിനെയോ നേരിടും. നേരത്തേ പാകിസ്ഥാനും ഹോങ്കോങ്ങും തമ്മിലുള്ള ക്വാര്ട്ടര് ഫൈനല് മത്സരവും മഴകാരണം ഉപേക്ഷിച്ചിരുന്നു. റാങ്കിംഗിന്റെ അടിസ്ഥാനത്തില് പാകിസ്ഥാനും സെമിഫൈനലിലേക്ക് മുന്നേറി. ബംഗ്ളാദേശും മലേഷ്യയും തമ്മിലുള്ള മത്സരജേതാക്കളെ പാകിസ്താനും സെമിയില് നേരിടും. വ്യാഴാഴ്ചയാണ് സെമിഫൈനലുകള്.







Comments