
തെന്നിന്ത്യന് ലേഡി സൂപ്പര്സ്റ്റാറെന്ന വിശേഷണം ആരാധകര് ആഘോഷത്തോടെ നല്കിയ അഭിനേത്രിയാണ് നയന്താര. മലയാള സിനിമയിലൂടെ തുടക്കം കുറിച്ച് പിന്നീട് തെന്നിന്ത്യയുടെ താരറാണിയായി മാറിയ സുന്ദരി. നാനും റൗഡി താൻ എന്ന തമിഴ് റൊമാന്റിക് ചിത്രത്തിന്റെ സെറ്റില് വച്ചാണ് നയന്സും സംവിധായകന് വിഘ്നേഷും കണ്ടുമുട്ടിയത്. ആ സിനിമ കഴിയും മുമ്പേ ഇരുവരും തമ്മില് പ്രണയത്തിലായി. കുറച്ചു വര്ഷത്തെ ഡേറ്റിംഗിനു ശേഷം ചെന്നൈയിൽ നടന്ന ഒരു ഗംഭീര ചടങ്ങില് വച്ച് ഇരുവരും വിവാഹിതരായി. 2022 ല് ഇവര്ക്ക് രണ്ടാള്ക്കും വാടക ഗർഭധാരണത്തിലൂടെ ഇരട്ട ആൺകുട്ടികൾ ജനിക്കുകയും ചെയ്തു.
മക്കളുടെ ജനനത്തിനു ശേഷമാണ് നയന്താര സോഷ്യല് മീഡിയയില് ആക്ടീവായത്. ഉയിർ രുദ്രോ നീൽ, ഉലക് ദൈവിക് എന്നാണ് ഇവരുടെ മക്കളുടെ യഥാര്ത്ഥ പേര്. ഉയിരെന്നും ഉലഗെന്നും വിളിപ്പേരുള്ള മക്കളുടെ ചിത്രങ്ങളും അവരുടെ കുസൃതികളും വിക്കിയ്ക്കൊപ്പമുള്ള ചിത്രങ്ങളും യാത്രാവിശേഷങ്ങളുമെല്ലാം നയന്സ് അതിലൂടെ പങ്കിടാറുണ്ട്. താരം പങ്കിടുന്ന ചിത്രങ്ങളെല്ലാം ആരാധകര് സന്തോഷത്തോടെ ഏറ്റെടുക്കാറുമുണ്ട്.
ഇപ്പോഴിതാ മക്കളുടെ നാലാം ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങള് പങ്കിടുകയാണ് നയന്താര. മക്കള്ക്കും വിഘ്നേഷിനുമൊപ്പമുള്ള ചിത്രങ്ങളും കേക്കിന്റെ ചിത്രവും ആഘോഷങ്ങളുടെ ചിത്രവുമെല്ലാം നയന്സ് പങ്കുവച്ചിട്ടുണ്ട്. വൈറ്റ് ഹാര്ട്ട് ഇമോജി ക്യാപ്ഷനായി നല്കിയാണ് താരത്തിന്റെ പോസ്റ്റ്. സമൃദ്ധമായ പച്ചപ്പും മരങ്ങളും മൃഗങ്ങളുടെ രൂപത്തിലുള്ള അലങ്കാരങ്ങളും പ്രത്യേക തീമിലുള്ള കേക്കുകളും ഉൾപ്പെടുത്തി, കാടിന്റെ പശ്ചാത്തലമൊരുക്കിയുള്ളതായിരുന്നു ബര്ത്ത്ഡേ ആഘോഷം. ഒരു ചിത്രത്തില്, സമൃദ്ധമായ ചെടികളും മരങ്ങളും കാടിന്റെ പ്രതീതിയുണർത്തുന്ന അലങ്കാരങ്ങളും കൊണ്ട് മനോഹരമാക്കിയിരിക്കുന്ന പശ്ചാത്തലത്തില് സ്നേഹത്തോടെ മക്കളെ എടുത്തുപിടിച്ച് പോസ് ചെയ്യുന്ന വിക്കിയെയും നയന്സിനെയും കാണാം. അവർക്ക് മുന്നിലായി നിരവധി കേക്കുകളും വെച്ചിട്ടുണ്ട്. രണ്ടാമത്തെ ചിത്രത്തില്, ജംഗിള് തീമില് മനോഹരമായ മൃഗങ്ങളുടെ രൂപങ്ങളും നിരവധി അലങ്കാരങ്ങളും അടങ്ങിയ, രണ്ട് തട്ടുകളുള്ള ജന്മദിന കേക്ക് കാണാം.
സെലിബ്രിറ്റികളും ആരാധകരുമടക്കം നിരവധി പേര് താരത്തിന്റെ പോസ്റ്റിന് ആശംസകള് നേരുന്നുണ്ട്. ‘ഉലഗിനും ഉയിരിനും ജന്മദിനാശംസകൾ... ആ തീം വളരെ ഇഷ്ടമായി...’ എന്നാണ് പേര്ളി മാണി നല്കിയ കമന്റ്. ഹാര്ട്ട് ഐ ഇമോജി ശ്രീനിഷിന്റെ കമന്റ്. ‘ഈ കൊച്ചു കുരുന്നുകൾക്ക് ജന്മദിനാശംസകൾ...’ എന്നാണ് പി.വി.സിന്ധു കുറിച്ചത്. ‘അവർ രണ്ടുപേർക്കും വളരെ സന്തോഷകരമായ ജന്മദിനാശംസകൾ നേരുന്നു. അവരുടെ എല്ലാ സ്വപ്നങ്ങളും ആഗ്രഹങ്ങളും സഫലമാകട്ടെ; ഒപ്പം അവരുടെ ജീവിതം എപ്പോഴും സ്നേഹവും ചിരിയും സന്തോഷവും കൊണ്ട് നിറയട്ടെ....’ എന്നാണ് ശരണ്യ ഭാഗ്യരാജ് കുറിച്ചത്.

അതേസമയം, തങ്ങളുടെ മക്കളായ ഉയിറും ഉലഗും ഊർജ്ജസ്വലമായി നൃത്തം ചെയ്യുന്ന മനോഹരമായ ഒരു വീഡിയോ നയൻതാരയും വിഗ്നേഷും ഇന്നലെ പങ്കുവെച്ചിരുന്നു. തങ്ങളുടെ ജീവിതത്തിൽ മക്കൾ വന്നതിലുള്ള നന്ദി അവർ ഹൃദയസ്പർശിയായ ഒരു കുറിപ്പിലൂടെ പ്രകടിപ്പിക്കുകയും ചെയ്തു. ‘‘ഞങ്ങളുടെ ജീവിതത്തിലെ സന്തോഷം, അനുഗ്രഹം, അർത്ഥം, സംഗീതം, ഊർജ്ജം, വികാരം, ഞങ്ങളുടെ ‘ഉയിരും’...‘ഉലകും’ - നിങ്ങൾ രണ്ടുപേർക്കും ജന്മദിനാശംസകൾ... ഉയിര്, ഉലഗ് - ഞങ്ങളുടെ ജീവിതത്തിന്റെ സ്പന്ദനങ്ങൾ...
ഓരോ നിമിഷവും, ഓരോ സെക്കൻഡിലും, നിങ്ങളെ ഞങ്ങൾക്ക് നൽകിയതിന് അമ്മയും അച്ഛനും ദൈവത്തോട് നന്ദി പറയുന്നു; നിങ്ങളെ ഞങ്ങൾ ഒരുപാട് സ്നേഹിക്കുന്നു...’’ എന്നാണവര് കുറിച്ചത്.







Comments