
ബിഹാറിലെ സ്കൂളിലെ സ്മാർട്ട് ക്ലാസ് മുറിയിൽ വിദ്യാർഥികൾ ഭോജ്പുരി പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വിവാദം. റോഹ്താസ് ജില്ലയിലെ ജഗ്ദയാൽ സിങ് ഹൈസ്കൂളിലാണ് സംഭവം. 14 വിദ്യാർഥികൾ ക്ലാസ് മുറിക്കുള്ളിൽ പാട്ടുപാടിയും നൃത്തം ചെയ്തും ആഘോഷിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഖേസരി ലാൽ യാദവിന്റെ പാട്ടിനൊപ്പമാണ് വിദ്യാർഥികൾ നൃത്തം ചെയ്യുന്നതെന്നാണ് റിപ്പോർട്ട്.
ചൊവ്വാഴ്ചയാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് റിപ്പോർട്ട്. ഡിജിറ്റൽ പഠനത്തിനും വിദ്യാർഥികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുമായി ഒരുക്കിയ സ്മാർട്ട് ക്ലാസ് മുറിയിലാണ് സംഭവം നടന്നത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് സ്കൂൾ പ്രിൻസിപ്പൽ ലാൽ ബഹാദൂർ സിങ് യാദവിനോട് സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചു.
വീഡിയോ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ റോഹ്താസ് ജില്ലാ മജിസ്ട്രേറ്റ് ദീപക് കുമാറിന്റെ നിർദേശപ്രകാരം അന്വേഷണ സംഘത്തെയും നിയോഗിച്ചു. സ്മാർട്ട് ക്ലാസ് മുറിയുടെ ചുമതലയുണ്ടായിരുന്ന വ്യക്തിക്കെതിരെ നടപടിയുണ്ടാകാമെന്നും സംഭവത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെയും വിദ്യാഭ്യാസ വകുപ്പ് ചട്ടങ്ങൾ അനുസരിച്ച് നടപടി സ്വീകരിക്കാമെന്നും അധികൃതർ അറിയിച്ചു.
അതേസമയം, വിദ്യാർഥികൾക്ക് സ്മാർട്ട് ക്ലാസ് മുറിയിൽ പ്രവേശിക്കാൻ എങ്ങനെ സാധിച്ചു, ആ സമയത്ത് ഇവരുടെ മേൽനോട്ടത്തിന് ആരാണ് ചുമതലയുണ്ടായിരുന്നത്, സ്കൂൾ ചട്ടങ്ങൾ പാലിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണത്തിൽ പരിശോധിക്കുക. പഠനത്തിനായി ഒരുക്കിയ ഡിജിറ്റൽ സൗകര്യങ്ങളുടെ ഉപയോഗവും വിദ്യാർഥികളുടെ മേൽനോട്ടവും സംബന്ധിച്ച ചർച്ചകൾക്കും വീഡിയോ വഴിവെച്ചിരിക്കുകയാണ്.







Comments