
നഗോയ: ഏഷ്യന് ഗെയിംസിലെ വനിതകളുടെ 400 മീറ്റര് ഹര്ഡില്സില് ദേശീയ റെക്കോര്ഡ് തിരുത്തി ഇന്ത്യന് താരം വിത്യ രാംരാജ്. ഫൈനലില് വെങ്കലം നേടിയതിനൊപ്പമാണ് മലയാളിതാരം പി.ടി. ഉഷയുടെ 42 വര്ഷം പഴക്കമുള്ള റെക്കോര്ഡ് വിത്യ മറികടന്നത്. 54.75 സെക്കന്ഡിലാണ് വിത്യ 400 മീറ്റര് ഹര്ഡില്സ് പൂര്ത്തിയാക്കിയത്. 1984ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സില് പി.ടി. ഉഷ കുറിച്ച 55.42 സെക്കന്ഡായിരുന്നു ഇതുവരെയുള്ള ദേശീയ റെക്കോര്ഡ്.
കഴിഞ്ഞ ഏഷ്യൻ ഗെയിംസിലും വിത്യ പി.ടി ഉഷയുടെ റെക്കോർഡിന് ഏറെ അടുത്തെത്തിയിരുന്നു. ഹീറ്റ്സിൽ 55.42 സെക്കൻഡിൽ ഫിനിഷ് ചെയ്ത താരം വെറും 0.01 സെക്കൻഡിനാണ് അന്ന് ദേശീയ റെക്കോർഡ് നഷ്ടപ്പെടുത്തിയത്. ഏഷ്യൻ ഗെയിംസിലെ ഈ ഇനത്തിൽ വിത്യയുടെ തുടർച്ചയായ രണ്ടാം വെങ്കല മെഡലാണിത്. കഴിഞ്ഞ പതിപ്പിലും താരം മൂന്നാം സ്ഥാനത്തെത്തിയിരുന്നു.ഈ ഏഷ്യൻ ഗെയിംസിൽ വിത്യയുടെ രണ്ടാം മെഡലാണിത്. നേരത്തെ മിക്സഡ് 4x400 മീറ്റർ റിലേ ടീമിനൊപ്പം താരം വെള്ളി നേടിയിരുന്നു. വനിതകളുടെ 4x400 മീറ്റർ റിലേയിലും വിത്യ മത്സരിക്കും.
നഗോയയിലെ ഫൈനലിൽ തുടക്കം മുതൽ തന്നെ മികച്ച താളത്തിലായിരുന്നു വിത്യ. അവസാന ഘട്ടത്തിൽ വേഗം കൂട്ടിയ താരം 54.75 സെക്കൻഡിൽ ഫിനിഷ് ചെയ്ത് മൂന്നാം സ്ഥാനത്തെത്തി.വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ സ്വർണം യുഎഇയുടെ മറിയം കരീം സ്വന്തമാക്കി. 54.31 സെക്കൻഡിലാണ് മറിയം ഫിനിഷ് ചെയ്തത്. ഏഷ്യൻ ഗെയിംസ് റെക്കോർഡും താരം തിരുത്തി. കസാഖിസ്ഥാന്റെ അഡെലിന സെംസ് 54.58 സെക്കൻഡിൽ വെള്ളി നേടി. മറ്റൊരു ഇന്ത്യൻ താരമായ അനു രാഘവനും ഫൈനലിൽ മികച്ച പ്രകടനം പുറത്തെടുത്തു. 55.88 സെക്കൻഡിലാണ് അനു ഓട്ടം പൂർത്തിയാക്കിയത്. അഞ്ചാം സ്ഥാനത്താണ് താരം ഫിനിഷ് ചെയ്തത്.







Comments