
നാലു പതിറ്റാണ്ടിലധികമായി ബോളിവുഡിന്റെ നിത്യഹരിത അഭിനേതാവായി തുടരുന്ന താരമാണ് അനില് കപൂര്. സിനിമയില് തിളങ്ങി നില്ക്കുന്ന താരത്തിന്റെ വ്യക്തി ജീവിതവും ആരാധകര് ഏറെ അസൂയയോടെ നോക്കിക്കാണുന്നതാണ്. 53 വർഷം നീണ്ടുനിന്ന ഒരു പ്രണയകഥയും 42 വര്ഷം തികച്ചു കഴിഞ്ഞ ദാമ്പത്യവുമാണ് അനില് കപൂറിന്റേത്.
സിനിമയിൽ തന്റെ ഇടം കണ്ടെത്താൻ ശ്രമിക്കുകയും ഓഡിഷനുകൾക്കായി നടക്കുകയും ചെയ്യുന്ന സമയത്താണ് അക്കാലത്ത് മോഡലായിരുന്ന സുനിതയെ പരിചയപ്പെടുന്നത്. അനിലിന്റെ സുഹൃത്തുക്കളില് ഒരാള് അന്നത്തെ ശ്രദ്ധേയ മോഡലായിരുന്ന സുനിതയ്ക്ക് അനിലിന്റെ നമ്പർ നൽകി ഒന്ന് പറ്റിക്കാൻ ആവശ്യപ്പെട്ടു. സുനിതയുടെ ശബ്ദം കേട്ടയുടൻ തന്നെ താരം ആകൃഷ്ടനായി. പിന്നീട് ആ ബന്ധം സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വിവാഹത്തിലേക്കും വളര്ന്നു പന്തലിച്ചു. വിവാഹത്തിലേക്ക് കടക്കുന്നതിന് മുൻപ് അനിൽ കപൂറും സുനിതയും പതിനൊന്ന് വർഷത്തോളം പ്രണയത്തിലായിരുന്നു. തന്റെ ആദ്യ സിനിമ ഒപ്പിട്ട ശേഷമാണ് അദ്ദേഹം സുനിതയോട് വിവാഹാഭ്യർത്ഥന നടത്തിയത്. തൊട്ടടുത്ത ദിവസം തന്നെ ഇരുവരും വിവാഹിതരായി.
ഇപ്പോഴിതാ വിവാഹത്തിന് മുൻപ് സുനിത കപൂർ മുന്നോട്ടുവച്ച രസകരമായ നിബന്ധനയെക്കുറിച്ച് പറയുകയാണ് അനില് കപൂര്. വിവാഹശേഷം താൻ അടുക്കളയിൽ കയറാൻ ആഗ്രഹിക്കുന്നില്ലെന്ന് സുനിത നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നുവെന്നും ആ നിബന്ധന തനിക്ക് കൂടുതൽ കഠിനമായി അധ്വാനിക്കാനുള്ള പ്രചോദനമായെന്നും അനിൽ കപൂർ പറഞ്ഞു.
‘‘അടുക്കളയിൽ കയറേണ്ടി വരില്ലെങ്കിൽ മാത്രമേ എന്നെ വിവാഹം കഴിക്കൂ എന്ന് സുനിത അന്ന് വ്യക്തമാക്കിയിരുന്നു. അത് കേട്ടപ്പോൾ ഒരു കാര്യത്തിൽ എനിക്ക് വ്യക്തത വന്നു, അവൾക്ക് അടുക്കളയിൽ പോകേണ്ടിവരാത്ത വിധം സ്വന്തം അധ്വാനം കൊണ്ട് ഞാൻ വിജയം കണ്ടെത്തണം, ആവശ്യത്തിന് പണം സമ്പാദിക്കണം. ആ ഉത്തരവാദിത്തം ഞാൻ സന്തോഷത്തോടെ ഏറ്റെടുത്തു. ഇന്നും ഞാൻ അഭിമാനത്തോടെ പറയും, സുനിത ഇന്നുവരെ അടുക്കളയിൽ കയറിയിട്ടില്ല...’’ എന്നാണ് അനില് കപൂര് പറഞ്ഞത്. സ്റ്റാർ പ്ലസിലും ജിയോ ഹോട്ട്സ്റ്റാറിലുമായി സംപ്രേഷണം ചെയ്യുന്ന ‘ഇന്ത്യ കെ ടോപ്പ് 1 പെർസെന്റ്’ എന്ന ഗെയിം റിയാലിറ്റി ഷോയുടെ വേദിയിലാണ് അനിൽ കപൂർ ഇക്കാര്യം പറഞ്ഞത്. മത്സരാർഥികളിലൊരാൾ വീട്ടുജോലികളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ ആഗ്രഹിക്കുന്നതായി പറഞ്ഞതോടെയാണ് അനിൽ തന്റെ വിവാഹകാലത്തെ ഓർമകൾ പങ്കുവെച്ചത്.
ഒരു മത്സരാർത്ഥിയുമായുള്ള സംഭാഷണത്തിനിടെ തന്റെ ഭാര്യ സുനിത കപൂർ ഒരിക്കൽ തനിച്ച് ഹണിമൂണിന് പോയ കാര്യവും അനില് കപൂര് പറഞ്ഞു. കങ്കണ റണാവത്തിന്റെ ‘ക്വീൻ’ എന്ന സിനിമയെക്കുറിച്ചുള്ള ചർച്ച വന്നപ്പോഴാണ്, ഭാര്യ സുനിത തനിച്ച് ഹണിമൂണിന് പോയ കാര്യം അനിൽ ഓർത്തത്. ‘‘സുനിത തനിയെയാണ് ഹണിമൂണിന് പോയത്, ഞാൻ കൂടെ പോയിരുന്നില്ല. സുനിതയാണ് എന്റെ രാജ്ഞി, എന്നും അവൾ അങ്ങനെ തന്നെയായിരിക്കും...’’ അനില് കപൂര് പറഞ്ഞു. അനിലിന്റെ വാക്കുകളും ഇന്നും മങ്ങാത്ത ഇവരുടെ പ്രണയവും പരസ്പര പിന്തുണയും ഏറ്റെടുക്കുകയാണ് ആരാധകര്.
ഭാര്യ സുനിതയെക്കുറിച്ച് അനിൽ കപൂർ പലപ്പോഴും സ്നേഹം നിറച്ചാണ് സംസാരിക്കാറുള്ളത്. പഴയൊരു അഭിമുഖത്തിൽ, സുനിതയെ കണ്ടുമുട്ടിയ കാലത്തെ തന്റെ കഷ്ടപ്പാടുകളെക്കുറിച്ച് അനിൽ കപൂര് പങ്കുവച്ചിട്ടുണ്ട്. അനിൽ സിനിമയിൽ നിലയുറപ്പിക്കാൻ ശ്രമിച്ചിരുന്ന അക്കാലത്ത് സാമ്പത്തികമായി സ്വതന്ത്രയായിരുന്ന സുനിത പലപ്പോഴും താരത്തിന് പിന്തുണയായി നിന്നിരുന്നു. പണം കൈയിലില്ലാത്ത സമയങ്ങളിൽ പോലും സുനിത തന്നെയാണ് പല കാര്യങ്ങളും നോക്കിയിരുന്നതെന്ന് അനിൽ പറഞ്ഞിട്ടുണ്ട്.
‘‘ഒരു ബാങ്കറുടെ മകളും മികച്ച മോഡലിംഗ് കരിയറുള്ള വ്യക്തിയുമായിരുന്നു സുനിത. സിനിമകളിലൊക്കെ കാണുന്നതുപോലെയല്ല കാര്യങ്ങൾ നടന്നത്. ‘എന്റെ കാമുകിയാകുമോ’ എന്ന് ഞാൻ അവളോട് ചോദിച്ചിട്ടില്ല. ഞങ്ങൾക്കത് പരസ്പരം മനസ്സിലാകുമായിരുന്നു. ഞാൻ ആരാണെന്നോ എന്റെ തൊഴിൽ എന്താണെന്നോ അവൾക്ക് പ്രശ്നമായിരുന്നില്ല. അതൊരിക്കലും ഒരു വിഷയമേ ആയിരുന്നില്ല. അവൾ ഒരു ലിബറൽ കുടുംബത്തിൽ നിന്നുള്ളവളായിരുന്നു...ബാങ്കറുടെ മകൾ, മികച്ച മോഡലിംഗ് കരിയർ. ഞാനാണെങ്കിൽ തീർത്തും വരുമാനമൊന്നുമില്ലാത്ത അവസ്ഥയിലും.
ഞാൻ ചെമ്പൂരിലും അവൾ നെപ്പിയൻ സീ റോഡിലുമായിരുന്നു താമസം. ഞാൻ വിളിക്കുമ്പോൾ ‘ബസിൽ വന്ന് ഒരു മണിക്കൂറിനുള്ളിൽ എത്താം’ എന്ന് പറയുമായിരുന്നു. അപ്പോൾ അവൾ ‘വേണ്ട, ടാക്സിയിൽ വേഗം വാ’ എന്ന് പറഞ്ഞ് ബഹളം വെക്കും. ‘എന്റെ കയ്യിൽ പണമില്ലല്ലോ’ എന്ന് ഞാൻ പറയുമ്പോൾ, ‘നീ വാ, ബാക്കി ഞാൻ നോക്കിക്കോളാം’ എന്ന് പറഞ്ഞ് അവൾ തന്നെ എന്റെ ടാക്സി കൂലി നൽകുമായിരുന്നു...’’ എന്നായിരുന്നു അനില് പറഞ്ഞിട്ടുള്ളത്.
പ്രണയകാലത്ത് ഒരിക്കൽ സാധാരണ ഹോട്ടലിലും മറ്റൊരിക്കൽ അൽപം മെച്ചപ്പെട്ട ഹോട്ടലിലുമൊക്കെയായി ഇരുവരും ഭക്ഷണം കഴിക്കാൻ പോകുമായിരുന്നെന്നും കൈയിൽ ബില്ലടക്കാൻ പണമില്ലാത്ത ദിവസങ്ങളിൽ അനിലിന്റെ കൈയിലില്ലാത്തപ്പോൾ ചിരിച്ചുകൊണ്ട് തന്റെ ബാഗിൽ നിന്നെടുത്ത് നൽകിയിരുന്നത് സുനിതയായിരുന്നുവെന്നും അനിൽ പറഞ്ഞിട്ടുണ്ട്.
അനിൽ കപൂറിനും സുനിതയ്ക്കും മൂന്ന് മക്കളാണുള്ളത് – സോനം കപൂർ, റിയ കപൂർ, ഹർഷവർദ്ധൻ കപൂർ. റിയ ഒരു ഫാഷൻ ഡിസൈനറും ചലച്ചിത്ര നിർമ്മാതാവുമാണ്, സോനവും ഹർഷവർദ്ധനും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.







Comments