
കാനഡയിൽ വൈകുന്നേരം നടക്കാനിറങ്ങിയ 78-കാരിയായ ഇന്ത്യൻ വനിതയുടെ സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബ്രാംപ്ടണിലാണ് സംഭവം. ഏകദേശം 19.16 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളാണ് കവർന്നതെന്നാണ് റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ വയോധിക ഏറെ ഭയന്നുപോയതായും കുടുംബം വ്യക്തമാക്കി.
ജൂലൈ 28-ന് വൈകിട്ട് ആറുമണിക്ക് തൊട്ടുമുമ്പാണ് സംഭവം നടന്നത്. ചിൻഗ്വാകൂസി റോഡിനും ബോവാർഡ് ഡ്രൈവ് വെസ്റ്റിനും സമീപത്തെ താമസമേഖലയിൽ പതിവ് സായാഹ്ന നടത്തത്തിനിടെയാണ് വയോധികയെ ഒരു സ്ത്രീ സമീപിച്ചത്. ഇംഗ്ലീഷ് നന്നായി സംസാരിക്കാത്ത വയോധിക, ആദ്യം ഇവരെ സമീപവാസിയാണെന്നാണ് കരുതിയതെന്ന് മകൻ രാഘവേന്ദ്ര കുമാർ പറഞ്ഞു.
സിസിടിവി ദൃശ്യങ്ങളിൽ ഒരു എസ്യുവി വയോധികയുടെ സമീപത്ത് നിർത്തുന്നതും അതിൽ നിന്ന് ഒരു സ്ത്രീ ഇറങ്ങി അവരെ സമീപിക്കുന്നതും കാണാം. കാലിൽ തൊട്ട് അനുഗ്രഹം വാങ്ങുകയും പിന്നീട് കെട്ടിപ്പിടിക്കുകയും ചെയ്ത് വിശ്വാസം നേടിയ ശേഷം കഴുത്തിലെ യഥാർഥ സ്വർണമാല മാറ്റി പകരം വ്യാജ ആഭരണം ധരിപ്പിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. തുടർന്ന് കൈയിലെ സ്വർണവളകളും എടുത്ത് സംഘം എസ്യുവിയിൽ രക്ഷപ്പെട്ടതായും പറയുന്നു. ഏകദേശം 110 ഗ്രാം സ്വർണമാണ് നഷ്ടമായതെന്നാണ് കണക്കാക്കുന്നത്.
സംഭവത്തിന് ശേഷം വയോധിക വിറയ്ക്കുന്ന അവസ്ഥയിലായിരുന്നെന്നും ഏകദേശം 30 മിനിറ്റോളം സംസാരിക്കാൻ പോലും കഴിഞ്ഞില്ലെന്നും മകൻ പറഞ്ഞു. ആഭരണങ്ങൾക്ക് സാമ്പത്തിക മൂല്യത്തേക്കാൾ വലിയ വൈകാരിക പ്രാധാന്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 1971-ൽ വിവാഹസമയത്ത് പരേതനായ ഭർത്താവ് സമ്മാനിച്ച ആഭരണങ്ങളായിരുന്നു അവ. സംഭവത്തിൽ ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദൃശ്യങ്ങളിൽ കാണുന്ന സ്ത്രീയെ അന്വേഷണത്തിൽ താൽപര്യമുള്ള വ്യക്തിയായി പൊലീസ് തിരിച്ചറിഞ്ഞതായും വെള്ള നിറത്തിലുള്ള ഷെവർലെ ഇക്വിനോക്സ് വാഹനവും അന്വേഷണ പരിധിയിലാക്കിയതായും റിപ്പോർട്ടുണ്ട്.







Comments