
മഴക്കാലത്ത് സ്കൂളിലെത്താൻ കുഞ്ഞിനെയും കൈയിലെടുത്ത് കുത്തൊഴുക്കുള്ള പുഴയിലൂടെ നടന്നുനീങ്ങുന്ന അധ്യാപികയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഛത്തീസ്ഗഢിലെ ബൽറാംപൂർ ജില്ലയിലാണ് സംഭവം. ധൗർപൂർ ഗ്രാമത്തിലെ സ്കൂളിലെത്താൻ അധ്യാപകരായ സന്ധ്യ ഹൽദറും കർമില ടോപ്പോയും ദിവസവും ഏറെ ബുദ്ധിമുട്ടേറിയ യാത്രയാണ് നടത്തുന്നത്. മഴ ശക്തമാകുന്നതോടെ പ്രദേശം പുറംലോകവുമായി ഒറ്റപ്പെടുന്ന അവസ്ഥയാണുള്ളത്.
വാഹനങ്ങൾക്ക് എത്തിച്ചേരാൻ കഴിയുന്ന അവസാന സ്ഥലമായ മർണയിലാണ് ഇരുവരും സ്കൂട്ടറുകൾ നിർത്തുന്നത്. അവിടെ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ ദൂരം കുന്നും പാറയും നിറഞ്ഞ വഴിയിലൂടെ കാൽനടയായി സഞ്ചരിച്ച ശേഷമാണ് പുഴയിലെത്തുന്നത്. തുടർന്ന് പുഴ മുറിച്ചുകടന്നാണ് സ്കൂളിലെത്തുന്നത്. മഴക്കാലത്ത് വെള്ളം കുറവുള്ള ദിവസങ്ങളിൽ മാത്രമാണ് സുരക്ഷിതമായി മറുകരയിലെത്താൻ കഴിയുക. വെള്ളം ഉയർന്നാൽ പുഴയുടെ കരയിൽ നിന്ന് തന്നെ യാത്ര അവസാനിപ്പിച്ച് മടങ്ങേണ്ടിവരുമെന്നും അധ്യാപകർ പറയുന്നു.
2014 മുതൽ ഇതേ സ്കൂളിൽ ജോലി ചെയ്യുന്ന കർമില ടോപ്പോയാണ് തന്റെ ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെയും കൈയിലെടുത്ത് പുഴ മുറിച്ചുകടക്കുന്നത്. ചില ദിവസങ്ങളിൽ വെള്ളം അരയ്ക്കും വയറിനും ഇടയോളം ഉയരാറുണ്ടെന്നും ഇത്തരം സാഹചര്യങ്ങളിലും കുട്ടികളെ പഠിപ്പിക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റാനാണ് അധ്യാപകർ ശ്രമിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. സ്കൂളിലെത്തുമ്പോൾ കുട്ടികൾ സന്തോഷത്തോടെ വരവേൽക്കുന്നതാണ് ഈ ബുദ്ധിമുട്ടേറിയ യാത്ര തുടരാൻ തങ്ങൾക്ക് പ്രചോദനമെന്നും അധ്യാപകർ വ്യക്തമാക്കി.
മഴക്കാലത്ത് ഇത്തരത്തിലുള്ള യാത്ര ഒഴിവാക്കണമെന്ന് പലരും നിർദേശിച്ചിട്ടുണ്ടെങ്കിലും വർഷംതോറും സമാനമായ സാഹചര്യമാണ് നേരിടുന്നതെന്ന് കർമില ടോപ്പോ പറഞ്ഞു. അധ്യാപകരുടെ ഈ സമർപ്പണത്തെക്കുറിച്ചുള്ള വിവരം വാർത്തകളിലൂടെയാണ് ബൽറാംപൂർ ജില്ലാ കളക്ടർ ചന്ദൻ സഞ്ജയ് ത്രിപാഠി അറിഞ്ഞത്. കുഞ്ഞിനെയും കൈയിലെടുത്ത് പുഴ കടന്ന് മൂന്ന് കിലോമീറ്റർ നടന്ന് സ്കൂളിലെത്തുന്ന അധ്യാപികയുടെ ആത്മാർഥതയെ അദ്ദേഹം അഭിനന്ദിക്കുകയും ഇത്തരം അധ്യാപകരുടെ സമർപ്പണം ജില്ലയ്ക്ക് അഭിമാനമാണെന്നും പ്രതികരിക്കുകയും ചെയ്തു.







Comments