
സൂര്യയെയും മമിത ബൈജുവിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത വിശ്വനാഥ് ആന്ഡ് സണ്സ് എന്ന ചിത്രത്തെക്കുറിച്ച് നടന് ശിവരാജ് കുമാര് പറഞ്ഞ വാക്കുകളാണ് ഇപ്പോള് ശ്രദ്ധനേടുന്നത്. സിനിമ കണ്ടതിനു ശേഷം താന് വികാരാധീനനായെന്നും കണ്ണ് നിറഞ്ഞുപോയെന്നും താരം പറഞ്ഞു.
‘സിനിമ കണ്ടപ്പോള് എന്റെ മാതാപിതാക്കളായ കന്നഡ ഇതിഹാസ താരം രാജ്കുമാറിനെയും പാര്വ്വതമ്മയെയുമാണ് ഓര്മ്മവന്നത്. കഥയും കഥാപാത്രങ്ങളുടെ വൈകാരിക മുഹൂര്ത്തങ്ങളും ആഴത്തില് സ്പര്ശിച്ചു.
മാതാപിതാക്കളോടുളള സ്നേഹവും കുടുംബബന്ധങ്ങളുടെ ഇഴയടുപ്പവും വളരെ മനോഹരമായാണ് ചിത്രത്തില് ആവിഷ്കരിച്ചിരിക്കുന്നത്. സിനിമ കഴിഞ്ഞിട്ടും ഒരു മണിക്കൂറോളം എനിക്ക് ഉറങ്ങാന് കഴിഞ്ഞില്ല. മാതാപിതാക്കളെയും കുടുംബത്തെയും കുറിച്ച് ചിന്തിച്ച് എന്റെ കണ്ണ് നിറഞ്ഞു, ’ശിവരാജ് കുമാര് പറഞ്ഞു. എന്നെങ്കിലും അത്തരമൊരു മനോഹരമായ കുടുംബ ചിത്രം ചെയ്യണമെന്നുളള തന്റെ ആഗ്രഹവും താരം തുറന്നുപറഞ്ഞു.
അതേസമയം വന് സ്വീകാര്യതയായിരുന്നു വിശ്വനാഥ് ആന്ഡ് സണ്സിന് ലഭിച്ചത്. കുടുംബബന്ധങ്ങളുടെ വൈകാരികതയും പ്രണയവുമെല്ലാം മനോഹരമായി അവതരിപ്പിച്ച ചിത്രം ബോക്സ് ഓഫീസിലും വലിയ വിജയമാണ് നേടിയത്.







Comments