
നടന് ധര്മ്മജന് ബോള്ഗാട്ടി ചലച്ചിത്ര അക്കാദമി ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതില് സന്തോഷമുണ്ടെന്ന് സംവിധായകന് വി.സി. അഭിലാഷ്. കോമഡി നടനായി മാത്രം ഒതുങ്ങേണ്ട ആളല്ല ധര്മ്മജന് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നല്ല സിനിമകളുടെ ഭാഗമാവണമെന്ന് പറയാറുളള ധര്മ്മജന് ഏറെ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണെന്നും അഭിലാഷ് ഫേസ്ബുക്കില് കുറിച്ചു.
' ആളൊരുക്കം' എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ സംവിധായകനാണ് അഭിലാഷ്. ദേശീയ പുരസ്കാരം നേടിയ ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രന്സിന് സംസ്ഥാന അവാര്ഡും ലഭിച്ചിരുന്നു.
വി.സി. അഭിലാഷിന്റെ കുറിപ്പ് :
ഇത്തവണ ചലച്ചിത്ര അക്കാദമി ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരിൽ ധർമ്മജൻ ബോൾഗാട്ടിയും ഉൾപ്പെട്ടത് ഏറെ സന്തോഷം തോന്നുന്ന കാര്യമാണ്. എൻ്റെ രണ്ട് സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട് എന്നത് കൊണ്ടല്ല ഇത് പറയുന്നത്.
എൻ്റെ മൂന്നാമത്തെ സിനിമ 'പാൻ ഇന്ത്യൻ സ്റ്റോറി'യിൽ ധർമ്മജൻ ബോൾഗാട്ടിയെ പ്രധാന വേഷം ചെയ്യാനായി കാസ്റ്റ് ചെയ്യുമ്പോൾ അതു വേണോ എന്നെന്നോട് ചോദിച്ചവരുണ്ട്. അങ്ങനെയൊരു ചോദ്യം ഞാൻ മുൻപ് കേട്ടത് ആളൊരുക്കത്തിൽ ഇന്ദ്രൻസേട്ടനെ നായകവേഷത്തിലേക്ക് ക്ഷണിച്ചപ്പോളാണ്.
ധർമ്മജന് സാധാരണയിൽ നിന്നും വ്യത്യസ്തമായി തീരെ കോമഡിയില്ലാത്ത പ്രധാനപ്പെട്ടൊരു വേഷമാണ് പാൻ ഇന്ത്യൻ സ്റ്റോറി'യിൽ ഞാൻ നൽകിയത്. എന്നെ അത്ഭുതപ്പെടുത്തിയ പ്രകടനമായിരുന്നു ആ സിനിമയിൽ അദ്ദേഹത്തിൻ്റേത്. വളരെ സങ്കീർണമായ കഥാസന്ദർഭങ്ങളുളള ഗൗരവമേറിയ സിനിമയായിരുന്നു പാൻ ഇന്ത്യൻ സ്റ്റോറി. അഭിനയിക്കുന്നതെന്ത്, യാഥാർത്ഥ്യമെന്ത് എന്ന് അഭിനേതാക്കൾക്ക് പോലും ആശയക്കുഴപ്പം ഉണ്ടാക്കുന്ന തരം സന്ദർഭങ്ങൾ നിറഞ്ഞ സിനിമയാണത്. മുഖ്യ വേഷങ്ങൾ ചെയ്യുന്നവർക്കൊക്കെ ധർമ്മസങ്കടം ഉണ്ടാവുക സ്വാഭാവികമായിരുന്നു. സംവിധായകനിൽ പൂർണ്ണമായി വിശ്വസിച്ച് അന്ന് ധർമ്മജൻ നൽകിയ പിന്തുണ ഓർക്കുന്നു.
ഒരു ദിവസത്തെ ചിത്രീകരണത്തിന് ശേഷം ഹോട്ടൽ റൂമിൽ വച്ച് അദ്ദേഹം എന്നോട് ലോകത്തെ ചലച്ചിത്രമേളകളുടെ ചരിത്രത്തെയും അവയുടെ നടത്തത്തിനെയും കുറിച്ച് ചോദിച്ചു. ഒരു കോമഡി നടനായി മാത്രം ഒതുങ്ങേണ്ട ആളല്ല ധർമ്മജൻ എന്ന എൻ്റെ ധാരണയെ ഉറപ്പിക്കുന്നതായിരുന്നു ഞങ്ങളുടെ സംഭാഷണം. ലോകസിനിമയിൽ നടക്കുന്ന നവീന മാറ്റങ്ങളെക്കുറിച്ച് അറിയാൻ അദ്ദേഹം കാണിച്ച താൽപര്യം എന്നിൽ കൗതുകമുണ്ടാക്കി. ഇടയ്ക്ക് ഞങ്ങൾ ഫോണിൽ സംസാരിക്കുമ്പോൾ പുള്ളി പറയാറുമുണ്ട്. - എനിക്കൊരുപാട് നല്ല സിനിമകളുടെ ഭാഗമാവണം.
വലിയ രീതിയിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരാളാണ് ധർമ്മജൻ എന്ന് തോന്നിയിട്ടുണ്ട്. പുള്ളിയുമായി നമ്മൾ കുറച്ചധികം നേരം സംസാരിച്ചിരിക്കുമ്പോൾ നമുക്കത് മനസിലാവും. ഏത് വിഷയത്തെ കുറിച്ചും അയാൾക്ക് കൃത്യമായ ധാരണയുണ്ട്. സ്വന്തം രാഷ്ട്രീയം മറ്റ് പലരേക്കാളും തുറന്ന് പറയുകയും ചാവുന്നത് വരെയും പ്രസ്ഥാനത്തിൽ ഉറച്ച് നിൽക്കും എന്ന് പറയുകയും പറയുന്ന ആളാണ്. ഒരിക്കൽ ധർമ്മജൻ ദേശീയ രാഷ്ട്രീയത്തെ കുറിച്ച് വിശദമായി സംസാരിക്കുന്നത് കേട്ടു. നമ്മൾ കാണാത്ത പല വശങ്ങളും പുള്ളിയുടെ നിരീക്ഷണത്തിൽ ഉണ്ട്. അതെന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. താമസിക്കാൻ നൽകിയ ഹോട്ടൽ റൂമിൽ 'മറ്റ് സൗകര്യങ്ങൾ ഇല്ലെങ്കിലും കുഴപ്പമില്ല, രാവിലെ പത്രം കിട്ടാനുള്ള ഏർപ്പാട് ചെയ്താൽ മാത്രം മതിയാകും' എന്നു പറഞ്ഞ അഭിനയിക്കാൻ വന്ന ധർമ്മജനെ എനിക്ക് ഓർമ്മയുണ്ട്.
സകല മനുഷ്യരെയും പോലെ ധർമ്മജനും പോരായ്മകളുണ്ട്. ബലഹീനതകൾ ഉണ്ട്. അതുകാരണം വീഴ്ചകളും ഉണ്ടായിട്ടുണ്ടാവാം. പക്ഷേ അതൊക്കെ മാറ്റിവെച്ചാൽ നല്ലൊരു മനുഷ്യനും ഒന്നാന്തരം പ്രതിഭയുമാണ് ധർമ്മജൻ ബോൾഗാട്ടി. അതെനിക്ക് തിരിച്ചറിയാനായിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ലഭിച്ച പുതിയ സ്ഥാനലബ്ധിയിൽ എനിക്ക് അതിരുകളില്ലാത്ത സന്തോഷവും ഉണ്ട്.







Comments