
ബ്ലാക്ക് ആന്ഡ് വൈറ്റ് കാലം മുതല് മലയാള സിനിമയില് നായികയായി തിളങ്ങി നിന്നിരുന്ന നായികയാണ് ഷീല. 1960-കളുടെ ആരംഭത്തിൽ സിനിമയിലെത്തിയ ഷീല, രണ്ടു പതിറ്റാണ്ടു കാലം മലയാളത്തിലും തമിഴിലുമായി വെള്ളിത്തിരയിൽ നിറഞ്ഞു നിന്നു. സ്ഫോടനം എന്ന ചിത്രത്തോടെ താൽകാലികമായി അഭിയന രംഗത്തുനിന്ന് ഇടവേളയെടുത്ത താരം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചെത്തി. രണ്ടാം വരവില് അമ്മ വേഷങ്ങളിലടക്കം തിളങ്ങിയാണ് താരം പ്രേക്ഷകഹൃദയം കീഴടക്കിയത്.
നിലവില് അഭിനയത്തില് നിന്നെല്ലാം മാറി വരകളുടെ ലോകത്താണ് ഷീല. അഭിനയത്തില് നിന്ന് മാറി നില്ക്കുകയാണെങ്കിലും ഇടയ്ക്ക് ചില അഭിമുഖങ്ങളിലൂടെ ഷീല ആരാധകര്ക്ക് മുന്നില് പ്രത്യക്ഷപ്പെടാറുണ്ട്. പ്രായം 81 കഴിഞ്ഞുവെങ്കിലും, ഇന്നും ആളുകള്ക്ക് മുന്നില് തന്നെ പ്രസന്റ് ചെയ്യുന്നതില് അതീവ ശ്രദ്ധ ചെലുത്തുന്ന എവര്ഗ്രീന് നായികയാണ് താരം.
സിനിമയില് തിളങ്ങി നിന്നിരുന്ന കാലത്ത് തന്നെയാണ് തമിഴ് സിനിമകളിലെ പ്രമുഖതാരം രവിചന്ദ്രനെ ഷീല വിവാഹം ചെയ്തത്. രവിചന്ദ്രന് ആദ്യം വിമല എന്നൊരാളെ വിവാഹം ചെയ്തിരുന്നു. പിന്നീടാണ് ഷീലയെ വിവാഹം ചെയ്തത്. രണ്ടുപേരും സിനിമാലോകത്തു നിന്നുള്ളവരായതു കൊണ്ട് ഇവരുടേത് പ്രണയവിവാഹമാണെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്.
ഇപ്പോഴിതാ താനും രവിചന്ദ്രനുമായുള്ള വിവാഹത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് ഷീല. അന്തരിച്ച തമിഴ് നടൻ രവിചന്ദ്രനുമായുള്ള തന്റെ വിവാഹം പ്രണയത്തിലൂടെയോ പ്രണയബന്ധത്തിലൂടെയോ ഉണ്ടായതല്ലെന്നും രവിചന്ദ്രൻ തന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന സമയത്ത് താൻ ഏകാന്തതയും ഒറ്റപ്പെടലും അനുഭവിക്കുകയായിരുന്നുവെന്നും, അതൊരു പ്രണയവിവാഹമായിരുന്നില്ലെന്നുമാണ് ഷീല പറയുന്നത്.
‘‘പ്രണയമൊന്നും ആയിരുന്നില്ല. അദ്ദേഹത്തിന്റെ ആദ്യ വിവാഹ ബന്ധത്തില് പ്രശ്നങ്ങളൊക്കെ നേരിട്ടുകൊണ്ടിരിക്കുന്ന സമയത്താണ് എനിക്കും വിവാഹമൊക്കെ ആലോചിച്ചുകൊണ്ടിരുന്നത്. ആ സമയത്ത് എന്റെ സഹോദരിമാരുടെയെല്ലാം വിവാഹം കഴിഞ്ഞു. ഞാൻ ഒറ്റയ്ക്കായി. രവിചന്ദ്രന്റെ അമ്മയെയും സഹോദരിമാരെയെല്ലാം എനിക്ക് നന്നായി അറിയാം. അവരെല്ലാം ചേർന്ന് പറഞ്ഞു. അങ്ങനെയാണ് ആ കല്യാണം നടന്നത്.
ആദ്യം ഞങ്ങളൊരുമിച്ച് ചെയ്ത ഇദയ കമലം എന്ന സിനിമയില് അഭിനയിക്കുന്ന കാലത്തൊന്നും ഞങ്ങള്ക്കിടയില് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. അതിന് ശേഷം ഗൗരി കല്യാണം എന്ന സിനിമയില് ഒന്നിച്ച് അഭിനയിച്ചു. അന്നും ഞങ്ങള്ക്കിടയില് പ്രണയമോ സൗഹൃദമോ ഒന്നും ഉണ്ടായിരുന്നില്ല. കണ്ടാല് ചിരിക്കും സംസാരിക്കും, ഞാനും തിരക്കിലാണ് അദ്ദേഹവും തിരക്കിലാണ്. മലയാളത്തില് ഞാനും അദ്ദേഹവും നാലഞ്ച് സിനിമകളില് ഒന്നിച്ച് അഭിനയിച്ചിരുന്നു, അതെല്ലാം കല്യാണത്തിന് ശേഷമായിരുന്നു. അദ്ദേഹവും ഞാനും ചേർന്ന് മഞ്ഞള് കുങ്കുമം എന്ന സിനിമയെടുത്തിരുന്നു.
ആരും വിശ്വസിക്കില്ല, എന്നാലും ഞങ്ങളുടേത് ശരിക്കും ഒരു അറേഞ്ച്ഡ് മാര്യേജ് തന്നെയായിരുന്നു. പ്രണയമൊന്നും ഉണ്ടായിരുന്നില്ല, പക്ഷേ വിവാഹം കഴിക്കാന് തീരുമാനിച്ചതിന് ശേഷം പരസ്പരം മനസ്സിലാക്കി. ജോർജ് വിഷ്ണു എന്ന മകൻ ഞങ്ങള്ക്ക് ജനിച്ചു. നല്ല മനുഷ്യനായിരുന്ന അദ്ദേഹം കാരണമാണ് ഒരു മകനെ എനിക്ക് ലഭിച്ചത്...’’ ഷീല പറഞ്ഞു. ടൂറിംഗ് ടാക്കീസ് എന്ന തമിഴ് യൂട്യൂബ് ചാനലില് ചിത്ര ലക്ഷ്മണന് നല്കിയ അഭിമുഖത്തിലാണ് ഷീല മനസ് തുറന്നത്.
ഒരു കാലത്ത് തമിഴ് സിനിമയില് നിറഞ്ഞു നിന്നിരുന്ന താരമാണ് രവിചന്ദ്രന്. കലൈജ്ഞര് തിലകം, പുരട്ചി കലൈജ്ഞര് എന്നൊക്കെ ഒരു കാലത്ത് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നു. വിമോചനസമരം, ആരോമലുണ്ണി, ശക്തി പോലുള്ള ഏതാനും മലയാള സിനിമകളിലും രവിചന്ദ്രന് അഭിനയിച്ചിട്ടുണ്ട്.
ഒപ്പമഭിനയിച്ച താരങ്ങളെക്കുറിച്ചും ഷീല മനസ്സു തുറന്നു സംസാരിക്കുന്നുണ്ട്. ‘‘ഒപ്പം അഭിനയിച്ച കമല് ഹാസനുമായി ഇപ്പോള് കണ്ടാല് ഹായ് പറയുന്ന ബന്ധം മാത്രമേയുള്ളൂ. ഷൂട്ടിംഗ് കഴിഞ്ഞ് വന്നാല് ഒപ്പം അഭിനയിച്ചവരെ നോക്കാറേയില്ല. ഷൂട്ടിംഗില് ഞാൻ വളരെ ഡെഡിക്കേറ്റഡ് ആയിരിക്കും. കഥാപാത്രത്തെക്കുറിച്ച് സംവിധായകനോട് സംസാരിക്കും. മലയാളത്തില് ഞാൻ വളരെ കംഫർട്ടബിള് ആണ്. നല്ല കഥയും കഥാപാത്രങ്ങളും അവിടെ നിന്ന് ലഭിച്ചു. ക്യാരക്ടർ നന്നായിട്ടേ കാര്യമുള്ളൂ. നോവലുകള് സിനിമയാക്കിയ കാലമായിരുന്നു അത്.
ശാരദയും ഞാനും ജയഭാരതിയും ഒരേ കാലഘട്ടത്തില് അഭിനയിച്ചവരാണ്. പക്ഷേ ഞങ്ങള്ക്കിടയില് മത്സരമുണ്ടായിരുന്നില്ല. ഷോട്ട് കഴിഞ്ഞ് എല്ലാവരും മരത്തിനടിയില് വന്നിരിക്കും. കാരവാനില്ല. തെലുങ്കില് നിന്നും കന്നഡയില് നിന്നുമുള്ളവർ അവിടെ വന്നിരിക്കും. ഞങ്ങള് മത്സരിച്ചില്ല. അത്രയും സിനിമകളുണ്ട്. ഞങ്ങള് മൂന്ന് പേരുമേയുണ്ടായിരുന്നുള്ളൂ.
തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഭരണത്തില് വന്നിട്ട് മൂന്ന് മാസമായിട്ടേയുള്ളൂ. കുട്ടിയാണ്. കുറച്ച് സമയം കൊടുക്കൂ. അദ്ദേഹത്തെ പോലെ ഇനിയൊരാള്ക്ക് വരാനാകില്ല. പേഴ്സണല് കാര്യങ്ങളൊക്കെ സംസാരിക്കുന്നു. എന്തിനാണതൊക്കെ. അത് വലിയ തെറ്റാണ്....’’ ഷീല പറഞ്ഞു. അഭിനയത്തില് പണ്ടത്തെപ്പോലെ സജീവമല്ലെങ്കിലും മികച്ച കഥാപാത്രങ്ങള് അവതരിപ്പിക്കാനായി ഷീല ഇന്നും ക്യാമറയ്ക്ക് മുന്നിലെത്താറുണ്ട്. അമ്മ, അമ്മൂമ്മ റോളുകളിലടക്കം താരം മികച്ച പ്രകടനം കാഴ്ചവയ്ക്കാറുമുണ്ട്. അനുരാഗം എന്ന സിനിമയിലാണ് ഷീല ഒടുവില് അഭിനയിച്ചത്. ചെന്നെെയില് മകനും കുടുംബത്തിനുമൊപ്പമാണ് ഷീലയിപ്പോള് താമസിക്കുന്നത്.







Comments