
ലോകസുന്ദരിപ്പട്ടം നേടിയ ശേഷം തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ടും ബോളിവുഡിലും തെന്നിന്ത്യയിലും താരറാണിയായി തിളങ്ങിയ അഭിനേത്രിയാണ് ഐശ്വര്യറായ് ബച്ചന്. മണിരത്നത്തിന്റെ തമിഴ് ചിത്രമായ ‘ഇരുവറി’ലൂടെ ബിഗസ്ക്രീനില് അരങ്ങേറ്റം കുറിച്ച താരത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കൈനിറയെ ചിത്രങ്ങളുമായി കരിയറില് തിളങ്ങി നില്ക്കുമ്പോഴാണ് താരം അഭിഷേക് ബച്ചനെ വിവാഹം ചെയ്ത് കുടുംബിനിയായി മാറിയത്. മകള് ആരാധ്യ കൂടി ജനിച്ചതോടെ താരം തീര്ത്തും സിനിമ ഉപേക്ഷിച്ചുവെന്നു തന്നെ പറയാം.
അപ്പോഴും ഫാഷന് റാമ്പുകളില് സജീവമായിരുന്നു ഐശ്വര്യ. അന്തര്ദേശീയ ബ്രാന്ഡുകളിലും ക്യാനിനുലുമടക്കം താരത്തിന്റെ റാമ്പ് വോക്കുകള് ക്യാമറക്കണ്ണുകള് ആഘോഷമാക്കി. റാമ്പില് ഐശ്വര്യ എത്തിയാല് പിന്നെ ക്ലിക്കുകളുടെ ഉത്സവമാണ്. തനിക്കേറെയിഷ്ടമുള്ള, പ്രത്യേകത തോന്നുന്ന കാമ്പുള്ള കഥാപാത്രങ്ങള് അവതരിപ്പിച്ചും ഐശ്വര്യ ഇടയ്ക്ക് ബിഗ്സ്ക്രീനില് എത്താറുണ്ട്. മണിരത്നത്തിന്റെ ‘പിഎസ് ടു’ എന്ന ചിത്രത്തിലാണ് ഐശ്വര്യ അവസാനമായി അഭിനയിച്ചത്.
ഇപ്പോഴിതാ ആഗോള താരങ്ങൾക്കൊപ്പം ലോറിയൽ പാരീസിന് വേണ്ടി പാരീസ് ഫാഷൻ വീക്ക് റൺവേയിൽ റാണിയായി തിളങ്ങുകയാണ് ഐശ്വര്യറായ് ബച്ചന്. കെൻഡൽ ജെന്നർ, സെലിൻ ഡിയോൺ, സിമോൺ ആഷ്ലി, ഇവാ ലോംഗോറിയ, കാര ഡെലെവിൻ തുടങ്ങിയവര്ക്കൊപ്പമാണ് താരം ചുവടുവെച്ചത്. ഐഫൽ ടവറിനും എക്കോൾ മിലിട്ടറിക്കും സമീപമുള്ള പ്ലേസ് ജോഫ്രെയിലാണ് ഈ ഫാഷൻ ഷോ നടന്നത്. പ്ലേസ് ജോഫ്രയിൽ നടന്ന ലോറിയൽ പാരീസിന്റെ ‘എക്സ്പ്രസ് യുവർ വർത്ത്’ എന്ന തീമിലുള്ള ഷോയിലാണ് താരം റാംപ് വാക്ക് ചെയ്തത്.
പ്രശസ്ത സ്റ്റൈലിസ്റ്റ് മോഹിത് റായ് ഡിസൈനും സ്റ്റൈലും ചെയ്ത സിറിയൻ ലക്ഷ്വറി ബ്രാൻഡായ യാര ഷൂമേക്കറുടെ ഫാൾ/വിന്റർ 2026-27 കളക്ഷനിൽ നിന്നുള്ള ബ്ലാക്ക് വെല്വറ്റ് ഗൗണാണ് താരം ധരിച്ചത്. ത്രിഡി ഫ്രിഞ്ച് എംബ്രോയ്ഡറിയും ക്രിസ്റ്റൽ പതിച്ച കേപ്പുമുള്ള ടൂ പീസ് ഗൗണായിരുന്നു ഇത്. ഡീപ്പ് നെക്ലൈനും ഒതുങ്ങിയ അരക്കെട്ടും ഫ്ലോർ-ലെങ്ത് ഡിസൈനുമുള്ള ഈ ഗൗണിനൊപ്പം മുത്തുകളും ക്രിസ്റ്റലുകളും പതിച്ച വെൽവെറ്റ് കേപ്പ്, വജ്രം പതിച്ച കിരീടം, ഡയമണ്ട് മോതിരങ്ങൾ, ഹൈ ഹീൽ ചെരുപ്പുകൾ എന്നിവയാണ് ഐശ്വര്യ ധരിച്ചത്. താരത്തിന്റെ ചുവന്ന തലമുടിയാണ് ഏറ്റവും വലിയ ഹൈലൈറ്റായി മാറിയത്. ചുവന്ന തലമുടിയും ബോൾഡ് ആയ ചുവപ്പ് ലിപ്സ്റ്റിക്കും അവരുടെ രാജകീയമായ ലുക്കിന് മാറ്റുകൂട്ടി. സോഫ്റ്റ് വേവ്സ് ആയി സൈഡ് പാർട്ടിങ് ചെയ്ത ചുവന്ന മുടിയില് ആദ്യമായിട്ടാണ് താരം പാരീസ് റാംപിലെത്തുന്നത്. താരത്തിന്റെ ലുക്കും സ്റ്റൈലും എലഗന്സും റാമ്പിലെ ക്വീന് അന്നുമിന്നും ഐശ്വര്യ റായ് തന്നെയാണെന്ന് തെളിയിക്കുകയാണ്.
ദീർഘകാലമായി ‘ലോറിയൽ പാരീസി’ന്റെ അംബാസഡറായ ഐശ്വര്യ, നിരവധി അന്താരാഷ്ട്ര വേദികളിൽ ഈ ബ്രാൻഡിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. ‘ലെ ഡെഫിലെ’ എന്ന ബ്രാൻഡിന്റെ പാരീസ് ഫാഷൻ വീക്ക് റൺവേ ഷോയിലേക്കുള്ള തിരിച്ചുവരവായിരുന്നു ഈ പുതിയ റാമ്പ് വാക്ക്. ലോകമെമ്പാടുമുള്ള പ്രമുഖരെയും അംബാസഡർമാരെയും ഈ വർഷത്തെ ഷോ ഒരുമിച്ച് കൊണ്ടുവന്നു. സെലിൻ ഡിയോണിന്റെ അപ്രതീക്ഷിത സാന്നിധ്യവും ഈ ഷോയുടെ പ്രത്യേകതയായിരുന്നു.
റാമ്പിലെ റാണിയായി ഐശ്വര്യറായ് ബച്ചന് തിളങ്ങിയെങ്കിലും വീഡിയോകൾക്ക് താഴെ ‘ബോഡി ഷെയിമിംഗ്’ കമന്റുകളും കുറവല്ല. ഐശ്വര്യയുടെ സാന്നിധ്യത്തെയും ആത്മവിശ്വാസത്തെയും പല ആരാധകരും പ്രശംസിച്ചപ്പോൾ, ചിലര് അവരുടെ ശരീരപ്രകൃതിയെയാണ് വിമർശിച്ചത്. വയറിന്റെ വലിപ്പത്തെയും ശരീരഭാരത്തെയും ലക്ഷ്യമിട്ടുള്ളതായിരുന്നു പല കമന്റുകളും. ശരീരഭാരം കുറയ്ക്കുന്നില്ലേ എന്ന് ചോദിച്ചും, ഓസെംപിക് പോലുള്ള മരുന്നുകൾ ഉപയോഗിക്കണമെന്ന് നിർദ്ദേശിച്ചും ചിലർ രംഗത്തെത്തി.
‘ഐശ്വര്യ ഗർഭിണിയാണോ?, എന്ത് ഭീകരമായ വസ്ത്രമാണ് അവർ ധരിച്ചിരിക്കുന്നത്, ഷോയിൽ പങ്കെടുപ്പിക്കാൻ മറ്റൊരു മോഡലും ഉണ്ടായിരുന്നില്ലേ’ എന്നതടക്കമാണ് കമന്റുകള്. അടുത്തിടെ മകന് വിഹാന് ജനിച്ചശേഷമുള്ള കത്രീന കൈഫിന്റെ ശരീരപ്രകൃതിയെ വിമര്ശിച്ചുള്ള ട്രോളിംഗ് വന്നതിനു പിന്നാലെയാണ് ഐശ്വര്യയെയും ബോഡി ഷെയ്മിംഗിന് ഇരയാക്കിയിരിക്കുന്നത്.
എന്നാല് ഇതിനെതിരെ ബിഗ് ബോസ് വേദിയില് വച്ച് സല്മാന് സംസാരിച്ചിരുന്നു. അമ്മമാരായ ശേഷം സ്ത്രീകൾക്ക് ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളുടെ പേരിൽ അവർ നേരിടുന്ന വിമർശനങ്ങളെക്കുറിച്ചാണ് താരം സംസാരിച്ചത്. പരിണീതി ചോപ്ര, റിച്ച ഛദ്ദ തുടങ്ങിയ ചലച്ചിത്രമേഖലയിലെ മറ്റ് പ്രമുഖരും ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.







Comments