
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടിപ്രതിഷേധം നടത്തിയതിന്റെ പേരില് മൂന്ന് യുവമോര്ച്ചാ പ്രവര്ത്തകര് അറസ്റ്റില്. തിരുവനന്തപുരം ചാക്കയില് വെച്ച് മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുമ്പോള് കരിങ്കൊടിയുമായി എത്തി പ്രതിഷേധിച്ചവരാണ് അറസ്റ്റിലായത്. മന്ത്രിമാര്ക്കെതിരേ കരിങ്കൊടി പ്രതിഷേധം തുടരാന് യുവമോര്ച്ച തീരുമാനിച്ചതോടെ മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടാന് പോലീസും തീരുമാനം എടുത്തിരിക്കുകയാണ്.
ഇന്നലെ വൈകിട്ടായിരുന്നു പ്രതിഷേധമുണ്ടായത്. വാഹനത്തിന് മുന്നിലേക്ക് ചാടിവീഴുകയായിരുന്നു. കൊല്ലത്ത് അമിത്ഷായ്ക്ക് എതിരേ യൂത്ത്കോണ്ഗ്രസ് പ്രവര്ത്തകര് കരിങ്കൊടി കാട്ടി പ്രതിഷേധിച്ചതില് സുരക്ഷാവീഴ്ച ഉണ്ടായെന്നും കേസെടുക്കും വരെ മന്ത്രിമാര്ക്കെതിരേ കരിങ്കൊടിപ്രതിഷേധം നടത്താനുമാണ് യുവമോര്ച്ച തീരുമാനം. നേരത്തേ അമിത്ഷായ്ക്ക് എതിരേ നടന്ന പ്രതിഷേധത്തില് സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്നാണ് പോലീസ് കൊടുത്ത റിപ്പോര്ട്ട്. കേന്ദ്രമന്ത്രിയുടെ യാത്ര തടസ്സപ്പെടുത്തിയിട്ടില്ലെന്നും അമിത്ഷായ്ക്ക് അടുത്തേക്ക് പ്രതിഷേധക്കാര് എത്തിയിട്ടില്ലെന്നുമായിരുന്നു കണ്ടെത്തല്.
ഇതോടെ മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടാനാണ് ഇന്റലിജന്റ്സ് മേധാവി നല്കിയിരിക്കുന്ന റിപ്പോര്ട്ട്. നിലവില് മുഖ്യമന്ത്രിയുടെ യാത്രയില് എസ്കോര്ട്ടും പൈലറ്റും മാത്രമാണ് വാഹനവ്യൂഹത്തില് ഉള്ളത്. മുഖ്യമന്ത്രിയുടെ തന്നെ നിര്ദേശമാണ് ഇത്. എന്നാല് മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടണമെന്ന് ഇന്റലിജന്റസ് മേധാവി ജില്ലാ പോലീസ് മേധാവികള്ക്ക് നിര്ദേശം നല്കിയിരിക്കുകയാണ്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില് കൂടുതല് പോലീസുകാരെ വിന്യസിപ്പിക്കും. മഫ്തിയിലും പോലീസിനെ വിന്യസിപ്പിക്കാന് നിര്ദേശമുണ്ട്.







Comments