
ന്യൂഡല്ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരേയുള്ള പ്രതിഷേധ പരിപാടിയെ കുറിച്ച് ആലോചിക്കാന് ഇന്ഡ്യാസഖ്യം ഇന്ന് യോഗം ചേരും. ഗ്യാനേഷ്കുമാറിനെതിരേ രാജ്യവ്യാപകമായ പ്രതിഷേധത്തിനാണ് നീക്കം. പുറത്തും പാര്ലമെന്റിലും ഒരുപോലെ പ്രതിഷേധിക്കാനാണ് ലക്ഷ്യമിടുന്നത്. കോണ്സ്റ്റിറ്റിയൂഷന് ക്ലബ്ബിലാണ് പ്രതിപക്ഷ പാര്ട്ടികളുടെ യോഗം.
ഇന്ഡ്യാസഖ്യത്തിന് പിന്നാലെ കോണ്ഗ്രസിന്റെ വര്ക്കിംഗ് കമ്മറ്റിയും ചേരുന്നുണ്ട്. പ്രധാനമന്ത്രി രാജിവെയ്ക്കുക, ഗ്യാനേഷ്കുമാറിനെ പുറത്താക്കുക എന്നിവയാണ് കോണ്ഗ്രസിന്റെ ആവശ്യം. തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ രാജ്യത്തുടനീളം പൊതുജനറാലികളും പാര്ലമെന്റില് ഇംപീച്ച്മെന്റ് നീക്കവും നടത്താനാണ് ഉദ്ദേശം. തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയെ സഹായിക്കാന് വോട്ടുമോഷണം നടത്തിയെന്നാണ് രാഹുല്ഗാന്ധിയുടെ പ്രതികരണം. പ്രതിപക്ഷ പാര്ട്ടികളുടെ പ്രതിഷേധത്തില് ആദ്യം ഡല്ഹിയിലെ രാംലീലാ മൈദാനിയിയില് ആദ്യം റാലി നടത്താനും പിന്നീട് സംസ്ഥാനങ്ങളില് നടത്താനുമാണ് ആലോചന. ആദ്യ റാലിയുടെ തീയതിയും മറ്റും ഇന്ഡ്യാ മുന്നണിയോഗത്തില് ഉണ്ടാകുമെന്നാണ് കരുതുന്നത്.
കോണ്ഗ്രസിനെ പ്രതിനിധീകരിച്ച് രാഹുല്ഗാന്ധി, സോണിയാഗാന്ധി, മല്ലികാര്ജ്ജുന ഖാര്ഗേ എന്നിവര് ഉണ്ടാകും. തൃണമൂല് കോണ്ഗ്രസില് നിന്നും മമതാബാനര്ജി, അഭിഷേക് ബാനര്ജി, കല്യാണ് ബാനര്ജി, ഡെറക് ഒബ്രിയാന് എന്നിവരും പങ്കെടുക്കും. ഇടതുനേതാക്കള് ഝാര്ഖണ്ഡ് മുക്തി മോര്ച്ച തലവന് ഹേമന്ദ് സോറന്, ആര്ജെഡി തലവന് തേജസ്വീയാദവ്, എന്സിപിയുടെ സുപ്രിയാ സുലേ, നാഷണല് കോണ്ഫറന്സ് നേതാവ് ഒമര് അബ്ദുള്ള, പി.ഡി.പി. യുടെ മെഹ്ബൂബ മുഫ്ത്തി, ശിവസേനാ യുബിടി നേതാവ് ഉദ്ധവ് താക്കറെ എന്നിവര് പങ്കെടുക്കുമെന്നാണ് കരുതുന്നത്.
കേരളാകോണ്ഗ്രസ്, വിസികെ, എംഡിഎംകെ, ആര്എല്പി. ബി.എ.പി. എന്നിവര് പങ്കെടുക്കുമെന്നാണ് കരുതുന്നത്. തമിഴ്നാട്ടില് നിന്നും ടി.വി.കെ. യെയും കോണ്ഗ്രസ് വിളിച്ചിട്ടുണ്ട്. അതേസമയം സമാജ്വാദി പാര്ട്ടി തലവന് അഖിലേഷ് യാദവ് ഉണ്ടാകില്ല. പകരം മുതിര്ന്നനേതാവ് ഹരേന്ദ്ര മാലിക് പങ്കെടുക്കും. മല്ലികാര്ജ്ജുന ഖാര്ഗേയും കെ.സി.വേണുഗോപാലും അഖിലേഷ് യാദവുമായി സംസാരിച്ചു കഴിഞ്ഞു. എന്നാല് രാജ്യസഭാ നോമിനേഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണെന്ന് അറിയിച്ചിരിക്കുകയാണ്. ആംആദ്മി പാര്ട്ടിയും ഇന്ഡ്യാ യോഗത്തില് ഉണ്ടാകില്ല.
അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷനെതിരേയുള്ള പ്രതിഷേധത്തില് ഉണ്ടാകുമെന്ന് അറിയിച്ചിട്ടുള്ളതായിട്ടാണ് വിവരം. അതേസമയം ഡിഎംകെ യോഗത്തില് പങ്കെടുത്തേക്കില്ല. അവരും വിഷയത്തില് പുറത്ത് നിന്നും പിന്തുണയ്്ക്കും.







Comments