
മുംബൈയിൽ റാപ്പിഡോ ബുക്ക് ചെയ്ത യുവതിക്ക് ലഭിച്ച യാത്രയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മുംബൈ സ്വദേശിയായ റുചിക രാജ്പുത് പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധ നേടിയത്. റാപ്പിഡോ ബുക്ക് ചെയ്ത് യാത്രക്കാരിയെ തേടിയെത്തിയത് ഒരു വനിതാ ഡ്രൈവറാണെന്ന് മനസിലായതോടെയാണ് റുചികയ്ക്ക് സന്തോഷമായത്. കാത്തുനിൽക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ യാത്ര മുഴുവൻ റുചിക വീഡിയോയിൽ പകർത്തുകയായിരുന്നു.
വനിതാ ഡ്രൈവർ എത്തുന്നത് കണ്ടതോടെ ‘വളരെ ആവേശത്തിലാണ്’ എന്നായിരുന്നു റുചികയുടെ പ്രതികരണം. തുടർന്ന് ഡ്രൈവറോടൊപ്പം ബൈക്കിൽ യാത്ര ചെയ്തതിന്റെ ദൃശ്യങ്ങളും അവർ പങ്കുവെച്ചു. സാധാരണ ഒരു യാത്രയായി തുടങ്ങിയ അനുഭവം, വനിതാ ഡ്രൈവറുടെ സാന്നിധ്യം കാരണം റുചികയ്ക്ക് ഏറെ വ്യത്യസ്തമായി തോന്നുകയായിരുന്നു.
ലക്ഷ്യസ്ഥാനത്ത് എത്തിയ ശേഷമാണ് റുചിക തന്റെ അനുഭവം പങ്കുവെച്ചത്. അടുത്തിടെ തനിക്ക് ലഭിച്ച റാപ്പിഡോ യാത്രകളിൽ ഏറ്റവും സുരക്ഷിതവും സുഗമവുമായ യാത്രകളിലൊന്നായിരുന്നു ഇതെന്ന് അവർ പറഞ്ഞു. ഇത്തരം ജോലികളിലേക്ക് കൂടുതൽ സ്ത്രീകൾ എത്താൻ വനിതാ ഡ്രൈവറെ കാണുന്നത് പ്രചോദനമാകുമെന്ന പ്രതീക്ഷയും റുചിക പങ്കുവെച്ചു. തുടർന്ന് ഡ്രൈവറോട് നന്ദി പറയുകയും ചെയ്തു.
വീഡിയോ പുറത്തുവന്നതോടെ നിരവധിപ്പേരാണ് പ്രതികരണങ്ങളുമായി എത്തിയത്. ഒരു ദിവസത്തിനുള്ളിൽ തന്നെ വീഡിയോയ്ക്ക് ദശലക്ഷക്കണക്കിന് കാഴ്ചകൾ ലഭിച്ചു. കൂടുതൽ സ്ത്രീകൾ ഇത്തരം സേവനങ്ങളിലേക്ക് എത്തണമെന്നും വനിതാ യാത്രക്കാർക്ക് ഇത് ആത്മവിശ്വാസം നൽകുമെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു. റാപ്പിഡോയും വീഡിയോയ്ക്ക് പ്രതികരിച്ച് പിന്തുണയ്ക്ക് നന്ദി അറിയിച്ചു.







Comments