
വിജയവാഡ: ആന്ധ്രപ്രദേശിലെ വിജയവാഡയില് പണത്തിനെ ചൊല്ലിയുളള തര്ക്കത്തിനൊടുവില് യുവതിയെ കൊന്ന് കഷ്ണങ്ങളായി കനാലില് തളളിയ കേസില് ഇറച്ചിക്കട ഉടമ അറസ്റ്റില്. കല്യാണി (35) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മുഹമ്മദ് ഷാഫി(35) ആണ് അറസ്റ്റിലായത്.
സെപ്റ്റംബര് 18ന് ഇബ്രാഹിംപട്ടണത്താണ് കല്യാണിയുടെ മൃതദേഹം കണ്ടെത്തിയത്. അജ്ഞാത മൃതദേഹത്തെക്കുറിച്ചുളള വിശദാംശങ്ങള് സാമൂഹിക മാധ്യമങ്ങളില് പങ്കുവെച്ചതിന് പിന്നാലെ കൈയിലെ ടാറ്റു വെച്ച് ഇവരെ ബന്ധുക്കള് തിരിച്ചറിയുകയായിരുന്നു. തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് ഷാഫി അറസ്റ്റിലായത്.
സെപ്റ്റംബര് 17ന് മുഹമ്മദ് ഷാഫി കല്യാണിയെ ഭവാനിപുരത്തുളള തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയിയെന്നും അവിടെ വെച്ച് ഇരുവരും പണത്തെച്ചൊല്ലി തര്ക്കമുണ്ടായി എന്നുമാണ് റിപ്പോര്ട്ട്. തര്ക്കത്തിനിടെ ഷാഫി യുവതിയെ കത്തി ഇപയോഗിച്ച് ആക്രമിക്കുകയും കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടര്ന്ന് മൃതദേഹം ഒമ്പത് കഷണങ്ങളാക്കി മുറിച്ചതായും ശരീരഭാഗങ്ങള് കളയാന് കടയിലെ ജീവനക്കാരനായ ഗുരുവലുവിന്റെ സഹായം തേടിയെന്നുമാണ് പോലീസ് പറയുന്നത്. ശരീരഭാഗങ്ങള് ഗോല്ലാപ്പുടി പ്രദേശത്തെ കനാലില് കൊണ്ടുപോയി തളളുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങള്, സാങ്കേതിക അന്വേഷണം, മറ്റ് തെളിവുകള് എന്നിവ ഷാഫിയെ തിരിച്ചറിയാന് നിര്ണായകമായെന്ന് പോലീസ് അറിയിച്ചു. കൊലപാതകത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന കത്തിയും അന്വേഷണത്തിനിടെ കണ്ടെത്തിയിട്ടുണ്ട്.







Comments