
പൂനെ: കേതൻ അഗർവാൾ കൊലക്കേസിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കേസുമായി ബന്ധപ്പെട്ട് പൂനെ പോലീസ് സമർപ്പിച്ച 5,300-ലേറെ പേജുള്ള കുറ്റപത്രത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. കൊലപാതകത്തിന് മുമ്പ് കേതനെ ബെംഗളൂരുവിൽ എത്തിച്ച് കൈകാലുകൾ തകർക്കാനായിരുന്നു പദ്ധതി. കേസിലെ മൂന്ന് പ്രതികളിൽ ഒരാളായ റിതേഷ് ഹങ്കെ ബെംഗളൂരുവിലെ ഒരു സുഹൃത്തുമായി ഈ ആശയം ചർച്ച ചെയ്തിരുന്നുവെങ്കിലും ആ സുഹൃത്ത് അതിനെ എതിർക്കുകയാണുണ്ടായത്.
25 കാരനായ വ്യവസായി കേതൻ അഗർവാളിന്റെ കൊലപാതക കേസിൽ പ്രതിശ്രുതവധു സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും അടക്കം മൂന്ന് പ്രതികളെയാണ് പൂനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ചേതൻ ചൗധരിയും സിയ ഗോയലും ചേർന്ന് ആദ്യം കേതന്റെ കൈകാലുകൾ ഒടിക്കാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും സുഹൃത്ത് എതിർത്തതോടെ കൊലപാതകം നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി അവർ കൊലപാതക സിനിമകൾ കാണുകയും ചാറ്റ് ജിപിറ്റി ഉപയോഗിച്ച് കൊലപാതകം ആസൂത്രണം ചെയ്യുകയും ചെയ്തു. പോലീസ് അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടുന്നത് എങ്ങനെയെന്ന് മനസിലാക്കാൻ അവർ പോഡ്കാസ്റ്റുകളും കേട്ടു.
പ്രീ-വെഡ്ഡിങ് ഫോട്ടോഗ്രാഫിക്കായി യാത്ര ചെയ്യുന്നതിനിടയിൽ ജൂൺ 6-ന് സിയ ഗോയൽ കേതന്റെ പാസ്പോർട്ട് കീറിക്കളയുകയും കഫേയിലെ വാഷ്റൂമിൽ ഉപേക്ഷിക്കുകയും ചെയ്തു. യാത്ര നടക്കാതിരിക്കാൻ വേണ്ടിയായിരുന്നു ഇത്. പാസ്പോർട്ട് കീറിക്കളയാൻ നിർദ്ദേശിച്ചത് ചേതൻ ചൗധരിയാണ്. കൂടാതെ പ്രതികൾക്ക് പരിചയമുള്ള ഒരു യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് 'മഹി' എന്ന പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കാനും കാമുകൻ നിർദ്ദേശിച്ചു.
സിയയുമായി ചേർന്ന് ജൂൺ 18-ന് ലോഹഗഡ് കോട്ടയിൽ സർപ്രൈസ് ബർത്ത്ഡേ പ്ലാൻ ഉണ്ടെന്ന് വിശ്വസിപ്പിച്ച് കേതനെ അവിടേക്ക് വരുത്താനാണ് ഈ വ്യാജ അക്കൗണ്ടിലൂടെയുള്ള സന്ദേശങ്ങൾ ഉപയോഗിച്ചത്. കേതനെ കോട്ടയിലേക്ക് എത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു ഈ വ്യാജ അക്കൗണ്ട്. സംഭവത്തിന് ശേഷം ഈ അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്തു. കേതൻ അഗർവാളിനെ വിവാഹം കഴിക്കാൻ തനിക്ക് താൽപ്പര്യമില്ലെന്ന് സിയ ഗോയൽ പലരോടും പറഞ്ഞിരുന്നതായും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.







Comments