
മധ്യപ്രദേശിലെ ഭിന്ദിൽ സർക്കാർ സ്കൂൾ അധ്യാപകനെതിരെ വിദ്യാർഥിനികളുടെ ആരോപണം. ക്ലാസെടുക്കുന്നതിന് പകരം അധ്യാപകൻ മൊബൈൽ ഫോണിൽ ഗെയിം കളിക്കുകയാണെന്നും പെൺകുട്ടികളോട് ഇൻസ്റ്റഗ്രാം ഐഡി ചോദിക്കുകയാണെന്നുമാണ് വിദ്യാർഥിനികൾ ആരോപിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം ശ്രദ്ധനേടുകയാണ്.
ഭിന്ദ് ജില്ലയിലെ കോട് ഗ്രാമത്തിലെ സർക്കാർ ഹൈസ്കൂളിലാണ് സംഭവം. നയാഗാവ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്കൂളിലെ അധ്യാപകനായ പ്രശാന്തിനെതിരെയാണ് വിദ്യാർഥിനികൾ ആരോപണം ഉന്നയിച്ചത്. അധ്യാപകൻ പഠിപ്പിക്കുന്നതിൽ ശ്രദ്ധ ചെലുത്താതെ ക്ലാസ് സമയത്ത് മൊബൈൽ ഫോണിൽ വിവിധ ഗെയിമുകൾ കളിക്കാറുണ്ടെന്നും വിദ്യാർഥിനികൾ പറഞ്ഞു.
പെൺകുട്ടികളോട് ഇൻസ്റ്റഗ്രാം ഐഡി ചോദിച്ചതായും ഒരു വിദ്യാർഥിനി മാധ്യമങ്ങളോട് പറഞ്ഞു. അധ്യാപകൻ പഠിപ്പിക്കാനാണോ വരുന്നതെന്നും അതോ പെൺകുട്ടികളുടെ ഇൻസ്റ്റഗ്രാം ഐഡി ചോദിക്കാനാണോ വരുന്നതെന്നും വിദ്യാർഥിനി ചോദിച്ചു. ക്ലാസ് സമയത്ത് മേശപ്പുറത്ത് കാലുവെച്ച് മൊബൈൽ ഫോണിൽ ഗെയിം കളിക്കുന്നതായും കുട്ടികൾ ആരോപിച്ചു.
വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പരാതിയെ തുടർന്നാണ് സംഭവം പുറത്തുവന്നത്. ആരോപണങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകർ അധ്യാപകനോട് ചോദിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ലെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ഔദ്യോഗിക അന്വേഷണം നടത്തിയോ തുടർനടപടി സ്വീകരിച്ചോ എന്നതിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വിദ്യാർഥികളുടെ ആരോപണങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.







Comments