
ദുബായ്: യുഎഇയിൽ നിന്ന് ഇസ്രായേലിലേക്ക് സർവീസ് നടത്തിയ ഫ്ളൈ ദുബായ് വിമാനം അടിയന്തരമായി ഇറക്കിയതിനു പിന്നിൽ വിമാനത്തിലെ രണ്ട് പൈലറ്റുമാർ തമ്മിലുണ്ടായ അക്രമാസക്തമായ തർക്കമാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തർക്കത്തിനിടയിൽ പൈലറ്റുമാരിൽ ഒരാൾക്ക് കുത്തേറ്റതായി 'ടൈംസ് ഓഫ് ഇസ്രായേൽ' റിപ്പോർട്ട് ചെയ്യുന്നു.
കൂടാതെ, ആത്മഹത്യ ചെയ്യാനായി പൈലറ്റുമാരിൽ ഒരാൾ മനപ്പൂർവ്വം വിമാനം താഴേക്ക് കുത്തിയിറക്കാൻ ശ്രമിച്ചുവെന്നും, എന്നാൽ രണ്ടാമത്തെ പൈലറ്റ് അയാളെ തടഞ്ഞ് വിമാനത്തിന്റെ താഴേക്കുള്ള ഇറക്കം നിയന്ത്രിച്ചുവെന്നും ചില റിപ്പോർട്ടുകൾ പറയുന്നു. എന്നിരുന്നാലും, ഇസ്രായേലി അധികാരികൾ ഈ വിവരങ്ങൾ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വിമാനം വെറും രണ്ട് മിനിറ്റിനുള്ളിൽ 34,000 അടിയിൽ നിന്ന് ഏകദേശം 16,600 അടിയിലേക്ക് അതായത് 17,400 അടി താഴേക്ക് പതിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
അടിയന്തര മുന്നറിയിപ്പിനെ തുടർന്ന് ഇസ്രായേൽ വ്യോമസേനയുടെ ഫൈറ്റർ ജെറ്റുകൾ (യുദ്ധവിമാനങ്ങൾ) രംഗത്തിറക്കിയതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. ടേക്ക് ഓഫ് ചെയ്ത് ഏകദേശം രണ്ടര മണിക്കൂറിന് ശേഷമാണ് FZ1073 വിമാനം സൗദി അറേബ്യയിലെ സിവിലിയൻ, മിലിട്ടറി ബേസ് ആയ തബൂക്കിൽ സുരക്ഷിതമായി ഇറങ്ങിയത്. ആദ്യത്തെ എമർജൻസി അലേർട്ടിന് ശേഷം, വിമാനം പിന്നീട് നിയമവിരുദ്ധമായ ഇടപെടലുകളെ സൂചിപ്പിക്കുന്ന അന്താരാഷ്ട്ര കോഡായ 7500-ലേക്ക് മാറുകയായിരുന്നു. ദുബായ് എയർപോർട്ടിൽ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്തതു മുതൽ വിവരങ്ങൾ ഫ്ലൈറ്റ് റഡാർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ദുബായിക്കും ടെൽ അവീവിനുമിടയിൽ ഫ്ലൈദുബായ് പതിവായി നടത്തിവരുന്ന സർവീസാണ് FZ1073. 2020-ൽ ഇരു രാജ്യങ്ങളും തമ്മിൽ നയപരമായ ബന്ധം സാധാരണ നിലയിലായതു മുതൽ ഇസ്രായേലി ടൂറിസ്റ്റുകൾക്കിടയിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ് വളരെ പ്രശസ്തമായ ഒരു അവധിക്കാല കേന്ദ്രമായി മാറിയിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ സുരക്ഷിതരാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.







Comments