
എൺപതുകളിൽ മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന നായകനാണ് ശങ്കർ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയില് തുടങ്ങി 1981 മുതൽ 1987 വരെയുള്ള വർഷങ്ങൾ മലയാള സിനിമയിൽ ശങ്കറിന്റെ തേരോട്ടക്കാലമായിരുന്നു എന്ന് തന്നെ വിശേഷിപ്പിക്കാം. ഇക്കാലയളവിൽ നൂറിനടുത്ത് ചിത്രങ്ങളിലാണ് ശങ്കർ അഭിനയിച്ചത്. മലയാളത്തില് മാത്രമല്ല അക്കാലത്ത് തമിഴിലും തിരക്കേറിയ നടനായിരുന്നു ശങ്കര്. ചോക്ളേറ്റ് ഹീറോ എന്ന പരിവേഷത്തിൽ തുടരെ തുടരെ ഹിറ്റുകൾ നല്കിയ താരത്തിന് കാമുക വേഷങ്ങളിൽ വെല്ലുവിളി ഉയർത്താൻ ആരുമില്ലായിരുന്നു എന്നു തന്നെ പറയാം.
പക്ഷേ നിരന്തരം ചോക്ലേറ്റ് ഹീറോ സിനിമകള് മാത്രം ചെയ്തതോടെ ശങ്കറും പ്രേക്ഷകരും ഒരുപോലെ മടുത്തു തുടങ്ങി. അതോടെ താരത്തിന്റെ കരിയർ വളർച്ചയും തടസ്സപ്പെട്ടു. പിന്നീട് ശങ്കറിന്റെ സിനിമകള് പ്രേക്ഷകരുടെ മുന്നിലെത്താതെയായി. റിപ്പീറ്റഡ് വേഷങ്ങള് കാരണം വലിയൊരു ഇടവേളയാണ് താരം സിനിമയില് നിന്നെടുത്തത്. ഇടയ്ക്ക് സംവിധായകനായും ശങ്കര് പ്രേക്ഷകര്ക്ക് മുന്നിലെത്തി.
ഇപ്പോഴിതാ തനിക്ക് ഐ.വി ശശിയുടെ സിനിമ എങ്ങനെയാണ് നഷ്ടപ്പെട്ടത് എന്നു പറയുകയാണ് ശങ്കര്. സിനിമയ്ക്കു വേണ്ടി മാനസികമായി തയാറെടുത്ത് കാത്തിരുന്നെന്നും പിന്നീട് തന്റെ പോസിറ്റീവ് ഇമേജ് ആ സിനിമയിലെ കഥാപാത്രത്തിന് യോജിക്കില്ല എന്ന കാരണം കൊണ്ട് സിനിമ നഷ്ടപ്പെട്ടെന്നും വലിയൊരു വിഷമമായിരുന്നു അതെന്നും പറയുകയാണ് ശങ്കര്.
‘‘ഒരു തലൈ രാഗം കഴിഞ്ഞ് എനിക്ക് ആദ്യത്തെ ഒരു സിനിമ വരുന്നത് ഐ. വി. ശശി സാറിന്റെയാണ്. ഐ വി. ശശി ഒരു സിനിമ ചെയ്യാൻ പോകുന്നു. അതിലേക്ക് എന്നെ ഓഡിഷന് വിളിച്ചു. ഓഡിഷനല്ല, എന്നെ വിളിച്ച് കാണണം എന്ന് പറഞ്ഞു. അപ്പോ സ്റ്റുഡിയോയിൽ പോയി ഞാൻ കണ്ടു. ഒരു തീയതി തൊട്ട് അടുത്ത തീയതി വരെ ഡേറ്റ് നോട്ട് ചെയ്യാൻ എന്നോട് പറഞ്ഞു. ഐ. വി. ശശിയുടെ സിനിമയിൽ അന്ന് അഭിനയിക്കുക എന്ന് പറഞ്ഞാൽ ഏറ്റവും ഭാഗ്യമുള്ള ഒരു കാര്യമാണ്. മലയാളത്തിലേക്ക് ഇനി ഇതിന്റെ അപ്പുറത്തേക്ക് ഒരു എൻട്രി വേണ്ട. ആ സമയത്ത് നമ്പർ വൺ ഡയറക്ടറാണ് അദ്ദേഹം. ഞാൻ വളരെ ഹാപ്പിയായി. ഞാൻ മലയാളത്തിൽ വരാൻ പോകുന്നു, അതും ഐ. വി. ശശിയുടെ സിനിമയിൽ.
അതു മാത്രമല്ല എനിക്ക് മലയാളത്തിൽ അഭിനയിക്കണം എന്ന് വലിയ ആഗ്രഹമായിരുന്നു. ഞാൻ ജനിച്ചു വളർന്നതൊക്കെ കേരളത്തിലല്ലേ, ഞാന് മലയാളിയല്ലേ. അതുകൊണ്ട് മലയാളത്തിലേക്കുള്ള എന്ട്രി കാത്ത് ഞാനിങ്ങനെ ആ സിനിമയ്ക്കായി വെയിറ്റ് ചെയ്തുകൊണ്ടിരുന്നു. പക്ഷേ ഒരു മാസമായിട്ടും അവരെന്നെ വിളിക്കുന്നില്ല. അതിനാല് ഞാൻ കമ്പനിയിൽ കോൺടാക്ട് ചെയ്തു.
പാവമണി എന്ന് പറഞ്ഞ ഒരു ഡയറക്ടറായിരുന്നു. കോൺടാക്ട് ചെയ്തപ്പോ അവർ പറഞ്ഞു, ഒരു ചെറിയൊരു ചേഞ്ചുണ്ട് എന്ന്. ആ ചിത്രത്തിൽ രവീന്ദ്രനെ കാസ്റ്റ് ചെയ്തു എന്ന് പറഞ്ഞു. രവീന്ദ്രൻ ‘ഒരു തലൈ രാഗ’ത്തിലുമുണ്ട്. ‘അത് കാസ്റ്റ് ചെയ്യാൻ കാരണം ശങ്കർ അതിൽ കുറച്ച് സോഫ്റ്റ് ആയിട്ടുള്ള ഒരു റൊമാന്റിക് ഹീറോ അല്ലേ. മറ്റേതൊരു കുറച്ച് നെഗറ്റീവ് ക്യാരക്ടറാണല്ലോ. അപ്പോ നെഗറ്റീവ് ആയിട്ടുള്ള ഒരാളെ വേണം ആ സിനിമയിൽ...’എന്നായിരുന്നു അവരുടെ റീസൺ. അപ്പോ അങ്ങനെ ഞാൻ ആ സിനിമയിൽ നിന്ന് പുറത്തായി. പക്ഷേ രണ്ടാമത്തെ ദിവസം ഭയങ്കര വിഷമമായി. ഐ. വി. ശശിയുടെ ഒരു സിനിമ നമുക്ക് നഷ്ടപ്പെടുക എന്ന് പറയുന്നത് അന്നുമിന്നും ഭയങ്കര വിഷമമാണല്ലോ.
ഞാനിങ്ങനെ വിഷമിച്ച് ഇരിക്കുമ്പോഴാണ് എനിക്കൊരു കോൾ വരുന്നത്. നവോദയ ഓഫീസിൽ വിളിച്ച് വരാൻ പറഞ്ഞു. ഞാൻ നേരെ നവോദയ ഓഫിസിലേക്ക് പോയി, അവിടെ ഓഡിഷൻ ചെയ്തു. അവിടെ ഫാസിലുണ്ട്, സിബി മലയിലുണ്ട്, ജിജോ ഉണ്ട്, പക്ഷേ അവരെ ആരെയുമെനിക്ക് പരിചയമില്ല. അപ്പച്ചൻ മുതലാളിയെ മാത്രം എനിക്കറിയാം. പുറത്തിട്ടിരുന്ന ചെയറിലിരുന്ന്, ‘ആ അങ്ങോട്ട് പോകൂ...ആ അകത്ത്... അകത്തോട്ട് പൊക്കോളൂ...’ എന്നദ്ദേഹത്തിന്റെ സ്റ്റൈലില് പറഞ്ഞു. അങ്ങനെ ഞാൻ അകത്തു പോയി. അവർ എന്റെ അടുത്ത് ഒരു സീൻ അഭിനയിച്ചു കാണിക്കാൻ പറഞ്ഞു. മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ പൂർണ്ണിമ മരിച്ചു കിടക്കുമ്പോൾ ഞാൻ വന്ന് കാണുന്ന ഒരു സീനായിരുന്നു അത്. അതാണ് അഭിനയിച്ചു കാണിക്കാൻ പറഞ്ഞത്. ഞാൻ എന്റെ സ്റ്റൈലിൽ അത് ചെയ്തു, അവര്ക്കത് ഭയങ്കര ഇഷ്ടമായി. സിനിമയിലും അതുപോലെ തന്നെയാണ് ചെയ്തിരിക്കുന്നത്.
അവർ ഓക്കെ പറഞ്ഞ ശേഷം മുതലാളിയായിട്ട് സംസാരിക്കാൻ പറഞ്ഞു. അങ്ങനെ ഞാൻ അപ്പച്ചൻ മുതലാളിയെ പോയി കണ്ടു. ‘ആ എന്താ വേണ്ടത്? എന്നദ്ദേഹം ചോദിച്ചു. ഞാൻ പറഞ്ഞു, ‘എനിക്ക് റെമ്യൂണറേഷൻ ഒന്നും പറയാൻ അറിയില്ല, ഞാൻ തുടങ്ങിയട്ടേയുള്ളൂ. പിന്നെ ഇത്രയും നല്ലൊരു കമ്പനിയല്ലേ, അപ്പോ എനിക്ക് അങ്ങനെയൊന്നുമില്ല, എന്താ തരുന്നത് എന്ന് വെച്ചാൽ ഞാൻ വാങ്ങിക്കാൻ തയ്യാറാണ്...’ എന്ന്. അന്നെനോട് പറഞ്ഞ തുക ഒരു വലിയ തുക തന്നെയാണ്. 10,000 രൂപയാണെനിക്ക് തന്നത്. അന്നത്തെ 10,000 എന്ന് പറയുന്നതിന്റെ വാല്യൂ എനിക്ക് വാക്കുകളിലൂടെ എക്സ്പ്രെസ് ചെയ്തു പറയാൻ പറ്റില്ല, അത്രയ്ക്ക് വലുതായിരുന്നു അത്...’’ ശങ്കർ പറയുന്നു. ഒരു പ്രമുഖ മാധ്യമവുമായുള്ള അഭിമുഖത്തിലാണ് ശങ്കര് ഈ അനുഭവം പങ്കിട്ടത്.







Comments