
‘ശ്രേയക്കുട്ടി’യായി മലയാള ചലച്ചിത്ര ഗാനരംഗത്തേക്ക് കടന്നുവന്ന കുഞ്ഞു ഗായികയായിരുന്നു ശ്രേയ ജയദീപ്. റിയാലിറ്റി ഷോകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ട ശ്രേയ അമര് അക്ബര് അന്തോണി എന്ന ചിത്രത്തിലൂടെ ആദ്യമായി പിന്നണി ഗായികയായി. ഒരു കാലത്ത് പല മലയാളിക്കുട്ടികളുടെയും നാവിൽതുമ്പിൽ പതിവായെത്തിയിരുന്ന ‘എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത് പുന്നാരിച്ചൊരു മുല്ല നട്ടു...’ എന്നു തുടങ്ങുന്ന ഗാനത്തിലൂടെ ശ്രേയ ആസ്വാദകരുടെ മനസ്സിലിടം നേടി. ഒപ്പം എന്ന സിനിമയിൽ ‘മിനുങ്ങും മിന്നാമിനുങ്ങേ’ എന്ന ഗാനവും കൂടി ഹിറ്റായതോടെ ശ്രേയ പിന്നണി ഗാനരംഗത്ത് തന്റേതായ ഇടം നേടിയെടുത്തു.
ലോക പരിസ്ഥിതി ദിനത്തിൽ കേരള സർക്കാരിന്റെ ഹരിതശ്രീ പദ്ധതിയുടെ ഭാഗമായി, സുഗതകുമാരി ടീച്ചര് എഴുതിയ ഒരു തൈ നടാം നമുക്ക് അമ്മയ്ക്ക് വേണ്ടി എന്ന ഗാനം ജി വേണുഗോപാലിനൊപ്പം ശ്രേയ ആലപിച്ചതോടെ വലിയ രീതിയില് കുഞ്ഞു ഗായിക ശ്രദ്ധിക്കപ്പെട്ടു. ഇതു കൂടാതെ നിരവധി കവര്സോംഗുകളും ആൽബങ്ങളിലും ഹൈന്ദവ-ക്രിസ്തീയ ഭക്തിഗാനങ്ങളും ശ്രേയ പാടിയിട്ടുണ്ട്. പിന്നണിഗാനരംഗത്തു നിന്ന് ഗാനരചനയിതാവായും സംഗീതസംവിധായികയായും ശ്രേയ വളര്ന്നു.
ഇപ്പോഴിതാ ആ കുഞ്ഞുഗായിക സിനിമാഭിനയത്തിലേക്കും കടന്നിരിക്കുകയാണ്. സൈജു കുറുപ്പ് പോലീസ് വേഷത്തിലെത്തുന്ന ‘ആരം’ എന്ന സിനിമയിലൂടെയാണ് ശ്രേയയുടെ അരങ്ങേറ്റം. ലൊക്കേഷന് ചിത്രങ്ങളും സിനിമാ സ്റ്റില്ലുകളും പങ്കിട്ടാണ് ശ്രേയ തന്റെ സന്തോഷം ആരാധകരുമായി പങ്കിട്ടിരിക്കുന്നത്.
‘‘അതെ... അഭിനയരംഗത്തേക്കുള്ള എന്റെ അരങ്ങേറ്റ ചിത്രം...‘ആരം’ എന്ന സിനിമ എനിക്ക് വളരെ പ്രത്യേകതയുള്ള ഒന്നാണ്. ഈ മനോഹരമായ സിനിമയുടെ ഭാഗമാക്കിയതിന് രജീഷ് പരമേശ്വരൻ, ജുനൈസ് ബാബു, വിഷ്ണു രാമചന്ദ്രൻ എന്നിവരോട് വലിയൊരു നന്ദി...അടുത്തുള്ള തിയേറ്ററുകളിൽ ‘ആരം’ സിനിമ കാണുക...’’ എന്ന ക്യാപ്ഷന് നല്കിയാണ് ശ്രേയ തന്റെ സന്തോഷം പങ്കിട്ടിരിക്കുന്നത്. നിരവധി ആരാധകരാണ് ശ്രേയയ്ക്ക് കമന്റുകളിലൂടെ ആശംസകള് കുറിച്ചിരിക്കുന്നത്.







Comments