
‘കഹോ ന പ്യാര് ഹേ’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ബോളിവുഡിന്റെ ഹൃദയം കവര്ന്ന താരമാണ് ഹൃത്വിക് റോഷന്. അഭിനയമികവു കൊണ്ടും നൃത്തപാടവം കൊണ്ടും ആകര്ഷകമായ പൗരുഷം കൊണ്ടുമാണ് താരം പ്രേക്ഷകരുടെ മനസ്സിലിടം പിടിച്ചത്. വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെയും മികച്ച ആക്ഷൻ രംഗങ്ങളിലൂടെയും ബോളിവുഡിൽ തന്റെയിടം നേടിയെടുത്ത താരത്തെ പ്രേക്ഷകര് സ്നേഹപൂര്വ്വം വിളിക്കുന്നത് ‘ഗ്രീക്ക് ഗോഡ്..’ എന്നാണ്. പ്രായം 50 കടന്നെങ്കിലും നല്ല ഫിറ്റ്നസ് ഫ്രീക്കാണ് ഹൃത്വിക്.
വളരെ സെലക്ടീവായി സിനിമകള് ചെയ്ത് ഇന്നും ബോളിവുഡില് തന്റെ സ്ഥാനം താരം കാത്തുസൂക്ഷിക്കുന്നുണ്ട്. മികച്ച ആക്ഷന് രംഗങ്ങളുമായി എത്തുന്ന താരത്തിന്റെ ചിത്രങ്ങള്ക്കായി ആരാധകര് കാത്തിരിക്കാറുണ്ട്. തന്റെ സോഷ്യല് മീഡിയയിലൂടെ എല്ലാ സന്തോഷങ്ങളും പങ്കിടാറുള്ള താരം കാമുകി സബ ആസാദിനൊപ്പമുള്ള ചിത്രങ്ങളും അതിലൂടെ പങ്കുവയ്ക്കാറുണ്ട്. സബയോടുള്ള തന്റെ സ്നേഹം പലപ്പോഴും ഹൃദയനിര്ഭരമായ കുറിപ്പുകളിലൂടെ ഹൃത്വിക് പങ്കിടാറുണ്ട്.
ഇപ്പോഴിതാ ഇരുവരും ഒന്നിച്ച് അഞ്ച് വർഷം പൂർത്തിയാക്കിയ സന്തോഷം പങ്കിടുകയാണ് ഹൃത്വിക്. സബയ്ക്കായി സ്നേഹനിർഭരമായ ഒരു പോസ്റ്റ് പങ്കുവെച്ചാണ് താരം തന്റെ ആനിവേഴ്സറി സന്തോഷം പങ്കിട്ടിരിക്കുന്നത്.
‘‘ഇത് ഞങ്ങളുടെ ജന്മദിനമാണ്. അഞ്ചാം വാർഷികാശംസകൾ, എന്റെ പ്രിയപ്പെട്ടവളേ...’’ എന്നാണ് സബയ്ക്കൊപ്പമുള്ള ഹൃദയസ്പർശിയായ ചിത്രങ്ങൾ പങ്കിട്ട് ഹൃത്വിക് കുറിച്ചത്. നിരവധി ആരാധകരും സഹതാരങ്ങളും താരങ്ങള്ക്ക് ആശംസകളും സ്നേഹവും കമന്റുകളിലൂടെ കുറിക്കുന്നുണ്ട്. ഹൃതിക്കിന്റെ മുൻഭാര്യ സൂസെയ്ൻ ഖാന് കുറിച്ചത്, ‘വളരെ മനോഹരം, വാർഷികാശംസകൾ...’ എന്നാണ്. മൃണാൾ താക്കൂർ, നർഗിസ് ഫക്രി, ദിയ മിർസ, സോയ അക്തർ, പിങ്കി റോഷൻ എന്നിവരും ദമ്പതികൾക്ക് ആശംസകൾ നേർന്നിട്ടുണ്ട്.

ഹൃതിക് റോഷനും സബ ആസാദും തങ്ങൾ ഒന്നിച്ച് ചെലവഴിക്കുന്ന നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ മിക്കപ്പോഴും പങ്കുവെക്കാറുണ്ട്. ഹൃദയസ്പർശിയായ പോസ്റ്റുകളിലൂടെ സബയോടുള്ള തന്റെ സ്നേഹം ഹൃത്വിക് പലതവണ പ്രകടിപ്പിച്ചിട്ടുണ്ട്. 2022-ൽ കരൺ ജോഹറിന്റെ 50-ാം ജന്മദിനാഘോഷ വേളയിലാണ് സബയും ഹൃതിക്കും തങ്ങളുടെ ബന്ധം ഔദ്യോഗികമായി വെളിപ്പെടുത്തിയത്. ഹൃതിക്കിന്റെ കുടുംബ ചടങ്ങുകളിൽ സബയെ പതിവായി എത്താറുണ്ട്. മുംബൈയിൽ നടന്ന ഹൃതിക് റോഷന്റെ കസിൻ ഇഷാൻ റോഷന്റെ വിവാഹാഘോഷങ്ങളില് റോഷൻ കുടുംബത്തോടൊപ്പം ഹൃതിക്കും കാമുകി സബ ആസാദും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു.
സബയുമായുള്ള ബന്ധത്തിന് മുമ്പ് ഹൃത്വിക് സൂസെയ്ൻ ഖാനെയാണ് വിവാഹം ചെയ്തത്. 14 വർഷം നീണ്ട ദാമ്പത്യം 2014-ൽ അവസാനിപ്പിച്ചെങ്കിലും, അവർ ഇപ്പോഴും നല്ല സൗഹൃദം കാത്തുസൂക്ഷിച്ച്, തങ്ങളുടെ രണ്ട് ആൺമക്കളെ ഒരുമിച്ച് വളർത്തുകയും ചെയ്യുന്നു. സൂസെയ്ൻ 2022 മുതൽ അർസ്ലൻ ഗോണിയുമായി പ്രണയത്തിലാണിപ്പോള്. ഹൃത്വികും സബയും സൂസെയ്നും അര്സ്ലനും ഒരുമിച്ചുള്ള ചിത്രങ്ങളും സോഷ്യല് മീഡിയയില് താരങ്ങള് പങ്കിടാറുണ്ട്. സൂസെയ്ൻ ഖാനുമായുള്ള വിവാഹബന്ധത്തിലുണ്ടായ ഹൃതിക്കിന്റെ മക്കളായ ഹ്രെഹാൻ, ഹ്രിദാൻ എന്നിവരുമായും സബയ്ക്ക് നല്ലൊരു അടുപ്പമുണ്ട്.







Comments