
കണ്ണൂർ: മന്ത്രി ഒജെ ജനീഷിന്റെ ഓദ്യോഗിക വാഹനത്തിന് നേരെ തളിപ്പറമ്പിലുണ്ടായ ആക്രമണത്തിൽ 14 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. പൊതു മുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, കലാപശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. പ്രജീഷ് ബാബു, അക്ഷയ് കെ കെ, അതുൽരാജ്, സിദ്ധാർഥ് ടി, ബിനിൽ കൃഷ്ണൻ, രമിത് തുടങ്ങിയവർക്കെതിരെയാണ് കേസ് എടുത്തത്. മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് നാശനഷ്ടം വരുത്തിയെന്നാണ് എഫ്ഐആർ. ഫ്ലാഗ് പോസ്റ്റ് ഒടിച്ചതിനെ തുടർന്ന് 2000 രൂപ നഷ്ടമുണ്ടാക്കിയതായും എഫ്ഐആറിൽ പറയുന്നു.
ആക്രമണത്തിൽ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു. കണ്ണൂർ തളിപ്പറമ്പ് കുപ്പത്ത് വെച്ചാണ് ആദ്യം വാഹനത്തിനുനേരെ ആക്രമണം നടന്നത്. പിന്നാലെ പയ്യന്നൂരിലും ആക്രമണമുണ്ടായി. പ്രതിഷേധക്കാർ കല്ലുകൊണ്ടും കൈകൊണ്ടും വാഹനത്തിന് ആഞ്ഞടിച്ചു. കാറിന്റെ റെയിൽ ഗാർഡുകൾ പൊട്ടിയിട്ടുണ്ട്.
അതേസമയം തന്റെ വാഹനം തടഞ്ഞ് ഡിവൈഎഫ്ഐ നടത്തിയ ആക്രമണത്തിൽ രൂക്ഷ പ്രതികരണവുമായി മന്ത്രി ഒ.ജെ ജനീഷ്. ഡിവൈഎഫ്ഐ നടത്തുന്നത് പ്രതിഷേധമല്ല, അക്രമമാണെന്നും കലാപാഹ്വാനം നടത്തിയത് സംസ്ഥാന സെക്രട്ടറി എം വിജിൻ ആണെന്നും മന്ത്രി. കലാപം ഉണ്ടാക്കി കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാനാണ് ശ്രമം. ഡിവൈഎഫ്ഐയെ തനിക്ക് പേടിയില്ല, ഒരു പൊതു പരിപാടിയും പ്രതിഷേധത്തെ ഭയന്ന് റദ്ദാക്കില്ല, ഡിവൈഫ്ഐക്കാരെ നേരിടാൻ യൂത്ത് കോൺഗ്രസ് തെരുവിലിറങ്ങരുതെന്നും ജനീഷ് പറഞ്ഞു. കണ്ണൂരിൽ രണ്ടിടത്താണ് ഒ.ജെ ജനീഷിന്റെ വാഹനം ആക്രമിക്കപ്പെട്ടത്.







Comments