
തിരുവനന്തപുരം: എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് മർദ്ദിച്ചതിനെതിരെ പോലീസ് ഉദ്യോഗസ്ഥനുനേരെ ഭീഷണി മുഴക്കി സിപിഎം ജില്ലാ സെക്രട്ടറിയും എംഎൽഎയുമായ വി.ജോയ്. സിപിഎം സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ചിനിടെയാണ് കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ വി.ജയചന്ദ്രന് മുമ്പാകെ ഭീഷണി മുഴക്കിയത്. ഇതിന്റെ വീഡിയോ ഇപ്പോൾ പ്രചരിക്കുന്നുണ്ട്.
'അയാളെക്കൊണ്ട് പൊറുതിമുട്ടുകയാണെങ്കിൽ ഞാൻ പറയുകയാണ്, ഒരു കൊലപാതകം നടക്കും, നിങ്ങൾ നോക്കിക്കോ' എന്ന് വി.ജോയ് പറഞ്ഞു. കൊലപാതകം നടക്കുമെന്ന് എസിപിക്ക് മുന്നിൽ വി, ജോയ് പറയുന്ന ഒരു വീഡിയോ ആണ് പ്രചരിക്കുന്നത്. കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐ ഗോകുലിനെ ലക്ഷ്യമിട്ടാണ് ഇത്തരമൊരു ഭീഷണിയെന്നാണ് ആരോപണം.
കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐ ഗോകുലും സി ഐ സതീഷ് കുമാറും ചേർന്നാണ് ബുധനാഴ്ച രാത്രി യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ കയറി എസ്എഫ്ഐ പ്രവർത്തകരെ മർദിച്ചതെന്ന് സിപിഎം ആരോപിച്ചിരുന്നു. ഇവരെ നേരിടുമെന്ന തരത്തിലുള്ള ഓൻലൈൻ പ്രചാരണങ്ങളും ശക്തമായിരുന്നു. ഭീഷണിയെ തുടർന്ന് കന്റോണ്മെന്റ് ഇസ്പെക്ടർ സതീഷ് കുമാറിന്റെ കാട്ടാക്കടയിലെ വസതിക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
ആനാവൂർ നാഗപ്പൻ, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വി.ജോയിയുടെ ഭീഷണി. എന്നാൽ കൊലപാതം നടത്തുമെന്നല്ല താൻ പറഞ്ഞതെന്നും പോലീസ് കൊല്ലുമെന്നുള്ള മുന്നറിയിപ്പാണ് നൽകിയതെന്നും വി.ജോയ് വിശദീകരിച്ചു. കുട്ടികളെ ഇങ്ങനെ മൃഗീയമായി അടിച്ചാൽ കൊല്ലപ്പെടുമെന്നും, അപ്പോൾ കൊലപാതകം നടക്കുമെന്നുമാണ് താൻ അസിസ്റ്റന്റ് കമ്മിഷണറോട് പറഞ്ഞെന്ന് വി.ജോയ് പ്രതികരിച്ചു.







Comments