
തിരുവനന്തപുരം: സർക്കാർ - മുന്നണി ഏകോപനമില്ല എന്നും പലപ്പോഴും അവഗണിക്കപ്പെടുന്നു എന്നുമുള്ള യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ തുറന്നുപറച്ചിലിന് നേതാക്കളുടെ സമ്മിശ്ര പ്രതികരണം. കൂടിയാലോചന വേണം എന്നും വലിയ പ്രതീക്ഷയോടെ ജനങ്ങൾ അധികാരത്തിലെത്തിച്ച സര്ക്കാരില് നിന്നും ഏകശിലപോലെ തീരുമാനങ്ങള് ഉണ്ടാകണമെന്നുമാണ് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചത്. എന്നാൽ, യുഡിഎഫിൽ ഹിമാലയൻ പ്രശ്നങ്ങളൊന്നുമില്ല എന്ന പ്രതികരണമാണ് പി കെ കുഞ്ഞാലിക്കുട്ടി നടത്തിയത്.
സമാധാനത്തോടെയും കൂടിയാലോചനയിലൂടെയും ഭംഗിയായി കാര്യങ്ങള്കൊണ്ടുപോകണം എന്നും ഉത്സാഹത്തോടെ അധികാരത്തിലേറിയ സര്ക്കാരില് നിന്നും ആ തരത്തില് തിരിച്ചും ജനം പ്രതീക്ഷിക്കുമെന്നും തിരുവഞ്ചൂര് രാധാകൃഷ്ണന് പറഞ്ഞു. എന്നാൽ, തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട വിഷയം നിൽക്കുമ്പോൾ ഇങ്ങനെയൊരു പ്രശ്നം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്ന് അടൂർ പ്രകാശിനെ പരോക്ഷമായി വിമർശിച്ച് മുസ്ലീം ലീഗ് നിലപാട് സ്വീകരിച്ചു.
അതേസമയം തന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച എം കെ മുനീർ തന്നെ ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് ആക്കാനുള്ള തീരുമാനം മുഖ്യമന്ത്രി വി ഡി സതീശന് ഏകപക്ഷീയമായി എടുത്ത തീരുമാനം അല്ലെന്ന്പറഞ്ഞു. തീരുമാനം യുഡിഎഫിൽ ചർച്ച ചെയ്തു എന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുനീറിനെ ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാനായി നിയമിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങുകയും ചെയ്തു.
അടൂർ പ്രകാശ് എഐസിസിക്ക് പരാതി നൽകുമെന്നാണ് പറഞ്ഞിരിക്കുന്നത്. എഐസിസി ഉചിതമായ നിലപാട് സ്വീകരിക്കട്ടെ എന്നാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അടൂർ പ്രകാശിനെ പൂർണ്ണമായും തള്ളാതെ അഭിപ്രായപ്പെട്ടത്.







Comments