
വിമാനയാത്രയ്ക്കിടെ ചാറ്റ്ജിപിടിയുടെ സഹായത്തോടെ പുതിയ ബിസിനസ് ആശയം തയ്യാറാക്കുകയായിരുന്ന 77കാരൻ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഹൈദരാബാദ് സ്വദേശിയായ വി.ബി.ആർ. പ്രസാദാണ് കൗതുകകരമായ രീതിയിൽ ശ്രദ്ധ നേടിയത്. വിമാനത്തിൽ സമീപത്തിരുന്ന യാത്രക്കാരന്റെ ശ്രദ്ധയിൽപ്പെട്ടത് പ്രസാദ് ചാറ്റ്ജിപിടിയുമായി നടത്തിയ സംഭാഷണമായിരുന്നു. ലംബകൃഷി അടിസ്ഥാനമാക്കിയുള്ള ബിസിനസ് പദ്ധതിക്കാണ് അദ്ദേഹം എഐയുടെ സഹായം തേടിയത്.
എന്നാൽ ബിസിനസ് ആശയത്തേക്കാൾ ഏറെ ശ്രദ്ധ നേടിയത് ചാറ്റ്ജിപിടിയോട് പ്രസാദ് സംസാരിച്ച രീതിയായിരുന്നു. ഓരോ സന്ദേശത്തിലും അദ്ദേഹം ചാറ്റ്ജിപിടിയെ ‘സർ’ എന്നാണ് അഭിസംബോധന ചെയ്തത്. “നല്ല മാർഗനിർദേശത്തിന് നന്ദി, സർ. ഞാൻ വീണ്ടും നിങ്ങളിലേക്ക് വരാം, സർ” എന്ന രീതിയിലുള്ള സന്ദേശങ്ങളും അദ്ദേഹം അയച്ചിരുന്നു. 77-ാം വയസ്സിലും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് പുതിയൊരു സംരംഭത്തെക്കുറിച്ച് പ്രവർത്തിക്കുന്നതിനൊപ്പം എഐയോട് പുലർത്തിയ മര്യാദയും സഹയാത്രികനെ ആകർഷിച്ചു.
തുടർന്ന് ‘ടെക്നോസർ’ എന്ന പേരിൽ എക്സ് ഉപയോഗിക്കുന്ന സഹയാത്രികൻ പ്രസാദിന്റെ ചിത്രവും ചാറ്റ്ജിപിടിയുമായുള്ള സംഭാഷണത്തിന്റെ വിവരങ്ങളും സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. പോസ്റ്റ് അതിവേഗം ശ്രദ്ധ നേടി. ദശലക്ഷക്കണക്കിന് പേരാണ് സംഭവം കണ്ടത്. യാത്രയ്ക്കിടെ ഇരുവരും തമ്മിൽ സംസാരിക്കുകയും പിന്നീട് സൗഹൃദത്തിലാകുകയും ചെയ്തതായും പോസ്റ്റിൽ പറയുന്നു.
പ്രസാദിന്റെ സാങ്കേതികവിദ്യയോടുള്ള താൽപര്യത്തെയും പഴയകാല മര്യാദയോടെയുള്ള സംസാരരീതിയെയും നിരവധി പേർ അഭിനന്ദിച്ചു. പ്രായം പുതിയ സാങ്കേതികവിദ്യകൾ പരീക്ഷിക്കുന്നതിന് തടസ്സമല്ലെന്ന അഭിപ്രായവും പലരും പങ്കുവെച്ചു. എഐ കൂടുതൽ വ്യാപകമാകുന്ന കാലത്ത് 77കാരൻ ചാറ്റ്ജിപിടിയെ ‘സർ’ എന്ന് വിളിച്ച് ഉപയോഗിക്കുന്ന ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കൗതുകമായി മാറിയിരിക്കുന്നത്.







Comments