
റിയാദ്: സൗദി അറേബ്യയില് വിമാനം ഇറക്കി യാത്രക്കാരെ ഇന്ത്യന് പൈലറ്റ് രക്ഷപ്പെടുത്തിയ സംഭവത്തില് കോ പൈലറ്റ് തീവ്രവാദ കാഴ്ചപ്പാടുകള് പുലര്ത്തിയിരുന്നതായി റിപ്പോര്ട്ട്. ഒമാനില് നിന്നുള്ള ഇയാള് സിറിയയില് സമയം ചെലവഴിച്ചിട്ടുണ്ടെന്നും അവിടെ തീവ്രവാദ ആശയങ്ങള്ക്ക് അടിമപ്പെട്ടിരിക്കാമെന്നുമാണ് അമേരിക്കയും ഇസ്രായേലും ആരോപിക്കുന്നത്. ഹമാം അല്-ഹമ്മാമി എന്നയാളാണ് കോ പൈലറ്റ് എന്നാണ് സൗദിയുടെ അല് അറബിയ മാധ്യമം റിപ്പോര്ട്ട് ചെയ്യുന്നത്.
ആളെ തിരിച്ചറിഞ്ഞെങ്കിലും ഇയാളുടെ പേര് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഫ്ളൈദുബായ് വിമാനത്തില് ഉണ്ടായ സംഭവത്തിന് ശേഷം രണ്ട് ദിവസങ്ങള് പിന്നിട്ടിട്ടും, ആരാണ് ആക്രമണകാരി എന്ന കാര്യത്തെക്കുറിച്ചോ ആകാശത്തുവെച്ച് ഉണ്ടായ സാഹചര്യത്തെക്കുറിച്ചോ അതിന് പിന്നിലെ കാരണത്തെക്കുറിച്ചോ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പ്രാദേശിക തലത്തിലുള്ള അന്വേഷണവിവരമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. യുഎഇ യും ഇയാളുടെ ഐഡന്റിറ്റിയെക്കുറിച്ച് മൗനം പാലിക്കുകയാണ്.
ഇംഗ്ലണ്ടില് ഏവിയേഷന് മാനേജ്മെന്റ് പഠിച്ചയാളാണ് ഹമാം. അല്-ഹമ്മാമിയുടെ ലിങ്ക്ഡ്ഇന് പ്രൊഫൈല് പ്രകാരം ഇംഗ്ലണ്ടിലെ ബക്കിംഗ്ഹാംഷയര് യൂണിവേഴ്സിറ്റിയിലാണ് അദ്ദേഹം പഠിച്ചതെന്ന് സി.എന്.എന് റിപ്പോര്ട്ട് ചെയ്തു. ആ പേരുള്ള ഒരാള് മൂന്ന് വര്ഷത്തെ ഡിസ്റ്റന്സ് ലേണിംഗ് കോഴ്സ് പൂര്ത്തിയാക്കി 2023-ല് ഏവിയേഷന് മാനേജ്മെന്റില് ബിരുദം നേടിയതായി ഒരു സര്വകലാശാലാ വൃത്തം വാര്ത്താ ഏജന്സിയോട് സ്ഥിരീകരിച്ചു.
കോ-പൈലറ്റ് 'തീവ്രവാദവല്ക്കരണത്തിന്' വിധേയനായിട്ടുണ്ടെന്ന് ഇസ്രായേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹു ആരോപിച്ചിരുന്നു.
സംഭവത്തിന് ടെഹ്റാനുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള പ്രാഥമിക വിവരങ്ങള് തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപും മാധ്യമപ്രവര്ത്തകരോട് പറഞ്ഞു. തീവ്രവാദ ആശയങ്ങള് സ്വീകരിച്ചിട്ടുണ്ടെന്ന ആശങ്കയെത്തുടര്ന്ന് രാജ്യത്തെ ദേശീയ എയര്ലൈന് അദ്ദേഹത്തെ ഒമാനില് പറക്കുന്നതില് നിന്ന് വിലക്കിയിരുന്നതായി എബിസി ന്യൂസും വാള്സ്ട്രീറ്റ് ജേണലും റിപ്പോര്ട്ട് ചെയ്തു. സംഭവം നടന്ന് ഏകദേശം ഒന്പത് മണിക്കൂറിന് ശേഷം ബുധനാഴ്ച വളരെ പെട്ടെന്നാണ് അല്-ഹമ്മാമിയുടെ ലിങ്ക്ഡ്ഇന് പ്രൊഫൈലില് രണ്ട് പോസ്റ്റുകള് അപ്ലോഡ് ചെയ്തതെന്ന് സി.എന്.എന് റിപ്പോര്ട്ടില് പറയുന്നു.
മുന് അല്-ഖേദ തലവന് ഐമാന് അല്-സവാഹിരിയുടെ ചിത്രങ്ങളും, 2009-ല് ഒന്പത് പേരുടെ (ഏഴ് യു.എസ് സി.ഐ.എ ഉദ്യോഗസ്ഥരും കോണ്ട്രാക്ടര്മാരും ഉള്പ്പെടെ) മരണത്തിനിടയാക്കിയ ചാവേര് ആക്രമണം നടത്തിയ ഹുമാം ഖലീല് അബു-മുലാല് അല്-ബലാവിയുടെ ചിത്രങ്ങളും അടങ്ങിയതായിരുന്നു അതിലൊരു വീഡിയോ. അല്-ബലാവി അല്-ക്വയ്ദയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്ന ആളാണ്. ഒമാന് പുറത്ത്, സിറിയയിലാണ് കോ-പൈലറ്റ് തന്റെ ഭൂരിഭാഗം സമയവും ചെലവഴിച്ചതെന്ന് അല് അറബിയയുടെ മറ്റൊരു റിപ്പോര്ട്ടില് പറയുന്നു. യു.എ.ഇയിലേക്ക് പോകുന്നതിന് മുന്പ് തീവ്രവാദ ആശയങ്ങള്ക്ക് അദ്ദേഹം വിധേയനായെന്നും എബിസി ന്യൂസും വാള്സ്ട്രീറ്റ് ജേണലും റിപ്പോര്ട്ട് ചെയ്തു.
ഒമാന് എയര് വിട്ടു, പിന്നീട് ഫ്ളൈദുബായ് ഇയാളെ ജോലിക്ക് എടുത്തു. ഒമാനില് റിപ്പോര്ട്ട് ചെയ്യപ്പെട്ട നിയന്ത്രണങ്ങള്ക്കിടയിലും, യു.എ.ഇ ആസ്ഥാനമായുള്ള എയര്ലൈന് ജോലിക്കെടുക്കുകയായിരുന്നു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില് നിന്ന് 180 യാത്രക്കാരുമായി ഇസ്രായേലിലെ ബെന് ഗൂറിയന് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടതായിരുന്നു ഫ്ലൈഡുബായ് വിമാനമായ എഫ് ഇസഡ്1073. വിമാനം സൗദി അറേബ്യയ്ക്ക് മുകളിലൂടെ ഏകദേശം 33,000 മുതല് 34,000 അടി വരെ ഉയരത്തില് പറക്കുമ്പോള്, കോ-പൈലറ്റ് ക്യാപ്റ്റന് സ്മിത് മച്ചാറിനെ ആക്രമിക്കുകയായിരുന്നു.







Comments