
കേദാർനാഥ് തീർഥാടനത്തിനിടെ രണ്ട് മുംബൈ സ്വദേശികളായ തീർഥാടകരെ കോവർകഴുതകളെ നിയന്ത്രിക്കുന്നവർ കോലുകൊണ്ട് മർദിച്ചെന്ന ആരോപണം. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലെ ജംഗിൾചട്ടി മേഖലയിലാണ് സംഭവം. ഒക്ടോബർ ഒന്നിന് കേദാർനാഥിലേക്ക് നടന്ന് പോകുന്നതിനിടെയാണ് തീർഥാടകരും കോവർകഴുത നടത്തിപ്പുകാരും തമ്മിൽ തർക്കമുണ്ടായതെന്നാണ് റിപ്പോർട്ട്.
മുംബൈ സ്വദേശികളായ മൻജി വാധ്ജി വാവിയ, ഭൻജി ദാംജി പട്ടേൽ എന്നിവരാണ് ആക്രമണത്തിനിരയായത്. കോവർകഴുതകളുടെ നീക്കവുമായി ബന്ധപ്പെട്ട തർക്കം വാക്കേറ്റത്തിലേക്ക് നീങ്ങിയതിന് പിന്നാലെ മൂന്ന് പേർ ചേർന്ന് ഇരുവരെയും കോലുകൊണ്ട് ആക്രമിച്ചെന്നാണ് പരാതി. മർദനത്തിൽ ഇരുവർക്കും പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം ശ്രദ്ധ നേടിയത്. മൂന്ന് പേർ ചേർന്ന് തീർഥാടകരെ കോലുകൊണ്ട് മർദിക്കുന്നതും ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഇരുവരും ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പിന്നീട് ഇരുവരും തലയ്ക്ക് പരിക്കേറ്റ നിലയിൽ മുറിവ് കെട്ടിയിരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
പരിക്കേറ്റ തീർഥാടകർ സോൻപ്രയാഗ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതിനെ തുടർന്ന് മൂന്ന് അജ്ഞാത കോവർകഴുത നടത്തിപ്പുകാർക്കെതിരെ കേസെടുത്തു. സംഭവത്തിൽ ഉൾപ്പെട്ടവരെ തിരിച്ചറിയുന്നതിനും ആക്രമണത്തിന് പിന്നിലെ സാഹചര്യം കണ്ടെത്തുന്നതിനുമുള്ള നടപടികൾ തുടരുകയാണ്. തീർഥാടകരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുമെന്നും യാത്രയ്ക്കിടെ മോശം പെരുമാറ്റമോ ആക്രമണമോ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.







Comments