
തിരുവനന്തപുരം: തലസ്ഥാനത്ത് പാർട്ടിയെ പ്രതിസന്ധിയിലാക്കി കൗൺസിലർ സ്ഥാനം രാജിവച്ച ആർ ശ്രീലേഖയെ അനുനയിപ്പിക്കാൻ ബിജെപിയുടെ നീക്കം. ശ്രീലേഖയുമായി കൂടിക്കാഴ്ച നടത്തുന്നതിനും പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പാർട്ടി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ശ്രമം ആരംഭിച്ചതായി റിപ്പോർട്ടുകൾ. ശ്രീലേഖയുമായി ഫോണിൽ സംസാരിച്ച രാജീവ് ചന്ദ്രശേഖർ തിങ്കളാഴ്ച നേരിട്ട് ചർച്ച നടത്തുമെന്നാണ് വിവരം.
വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മേയർക്ക് ആർ ശ്രീലേഖ രാജിക്കത്ത് നൽകിയത്. എന്നാൽ രാജി ഔദ്യോഗികമായി നൽകേണ്ടിയിരുന്നത് നഗരസഭാ സെക്രട്ടറിക്കാണ്. തിങ്കളാഴ്ച രാജിക്കത്തിന്റെ കോപ്പി കളക്ടർക്ക് നൽകുമെന്ന് ശ്രീലേഖ പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിൽ, ശാസ്തമംഗലം വാർഡ് കൗൺസിലറാണ് ആർ ശ്രീലേഖ.
ശ്രീലേഖയുടെ രാജിയോടെ ബിജെപിയുടെ അംഗസംഖ്യ 49 ആകും. ഭൂരിപക്ഷത്തിന് 51 പേരുടെ പിന്തുണയാണ് ആവശ്യമുള്ളത്. നിലവിൽ ഒരു സ്വതന്ത്രന്റെ പിന്തുണയിലാണ് ബിജെപി തിരുവനന്തപുരം കോര്പ്പറേഷന് ഭരിക്കുന്നത്. ശ്രീലേഖ രാജിയിൽ ഉറച്ചുനിന്നാൽ, കോർപറേഷനിൽ ഭരണ പ്രതിസന്ധി ഉണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്.
മേയർ സ്ഥാനാർത്ഥിയായി പരിഗണിച്ചശേഷം അവഗണിച്ചതും ദേശീയ വനിതാ കമ്മീഷൻ അംഗമായി പരിഗണിക്കാത്തതിലും ശ്രീലേഖയ്ക്ക് പരാതിയുണ്ടായിരുന്നു. ഔദ്യോഗികമായി ഉന്നത നിലയിലിരുന്ന ശ്രീലേഖയ്ക്ക് പ്രധാന പദവി നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടും നടപ്പാകാത്തതും രാജിക്ക് കാരണമാണെന്നാണ് സൂചന.
അതിനിടെ, ശ്രീലേഖ ടിവികെയുമായി ചർച്ചകൾ നടത്തി എന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. റിപ്പോർട്ട് സത്യമാണെങ്കിൽ, വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി രാജി നൽകിയ ശ്രീലേഖ ഇങ്ങനെയൊരു ചുവടുവയ്ക്കുന്നത് പാർട്ടിയോടുള്ള അതൃപ്തികൊണ്ടുമാത്രമായിരിക്കും.







Comments