
ഇന്ത്യൻ സിനിമാലോകത്ത് പകരം വെക്കാനില്ലാത്ത പ്രതിഭയാണ് മലയാളികളുടെ സ്വന്തം സൂപ്പർതാരം മോഹൻലാൽ. മലയാളത്തിന് പുറമെ ഇന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള താരത്തിന്റെ അഭിനയപാടവം പലപ്പോഴും സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചയാകാറുണ്ട്. പല താരങ്ങളും സംവിധായകരും എഴുത്തുകാരും സിനിമാപ്രവര്ത്തകരും മോഹന്ലാലിന്റെ അഭിനയമികവിനെക്കുറിച്ച് പല വേദികളിലും പ്രശംസിച്ച് സംസാരിച്ചിട്ടുമുണ്ട്.
ഇപ്പോഴിതാ തെന്നിന്ത്യയില് ബ്രഹ്മാണ്ഡ സിനിമകളൊരുക്കി പാന് ഇന്ത്യന് സംവിധായകനായി മാറിയ എസ്.എസ്. രാജമൗലി മോഹന്ലാലിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല് മീഡിയയില് നിറയുന്നത്. നേരിട്ട കണ്ട സമയത്ത് മോഹന്ലാലിന്റെ ആക്ടിംഗ് പ്രോസസ്സിനെക്കുറിച്ച് ചോദിച്ചെന്നും അതിന് മോഹന്ലാല് പറഞ്ഞ മറുപടി കേട്ടപ്പോള് കൗതുകം തോന്നിയെന്നുമാണ് രാജമൗലി പറയുന്നത്.
‘‘ഞാൻ പണ്ട് ഒരിക്കൽ ലാൽ സാറിനെ കണ്ടുമുട്ടിയിരുന്നു. അന്ന് ഞാൻ അദ്ദേഹത്തോട്, ‘സാറിന്റെ അഭിനയ രീതി എന്താണ്?, നൂറുകണക്കിന് കഥാപാത്രങ്ങൾ ചെയ്തയാളല്ലേ, എങ്ങനെയാണ് താങ്കൾ സ്വയം പുതുക്കിക്കൊണ്ടിരിക്കുന്നത്?...’’ എന്ന് ചോദിച്ചു. സാധാരണ ഒരു ആരാധകനായി ചോദിക്കുന്ന ചോദ്യങ്ങൾ തന്നെയായിരുന്നു അത്.
അപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി എന്നെ ശരിക്കും അത്ഭുതപ്പെുടുത്തി. ‘‘ഞാൻ എന്റെ രഹസ്യം പറഞ്ഞുതരാം. ഒരു സിനിമയുടെ ഷൂട്ടിംഗിന് തൊട്ടുമുമ്പ്, ഞാൻ പോയി പ്രപഞ്ചത്തോട് സംസാരിക്കും. നിങ്ങൾ അതിനെ ദൈവമെന്നോ, പ്രപഞ്ചമെന്നോ, ഊർജ്ജമെന്നോ എന്ത് വേണമെങ്കിലും വിളിച്ചോളൂ. ഞാൻ അതിനോട് പറയും, ‘എനിക്ക് ഒന്നുമറിയില്ല... അഭിനയത്തെക്കുറിച്ചോ, ആ കഥാപാത്രത്തെക്കുറിച്ചോ എനിക്ക് ഒന്നുമറിയില്ലെന്ന് എന്റെ ശരീരത്തിലെ ഓരോ കോശവും കൊണ്ട് വിശ്വസിച്ചു തന്നെയാണ് ഞാനിത് പറയുന്നത്. ഞാൻ നിന്റെ ഒരു ഭാഗമാണ്, നീ എനിക്കത് നൽകൂ. നീ എനിക്കത് തന്നേ തീരൂ...’ എന്ന്. ഞാൻ അത് വിശ്വസിക്കുന്നു, അങ്ങനെ ചെയ്യുന്നു. പ്രപഞ്ചം അത് എനിക്ക് തരുന്നു, ഞാൻ അത് ചെയ്യുന്നു....’’ എന്നാണ് അദ്ദേഹം പറഞ്ഞത്. അത് കേട്ടപ്പോൾ ഞാൻ വിചാരിച്ചു, ‘വൗ... ഇത് വേറെ ലെവൽ കാര്യം തന്നെ...’ എന്ന്...’’ രാജമൗലി പറഞ്ഞു. ഡോണ്ട് ട്രബിൾ ദി ട്രബിൾ എന്ന സിനിമയുടെ പ്രൊമോഷൻ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് രാജമൗലി ഇക്കാര്യം പറഞ്ഞത്. അഭിമുഖത്തില് എസ് എസ് രാജമൗലിയ്ക്കൊപ്പം ഫഹദ് ഫാസിൽ, സംഗീത്, ശ്യാം എന്നിവരുമുണ്ടായിരുന്നു.
നടനും നിർമാതാവുമായ ഫഹദ് ഫാസിലിന്റെ തെലുങ്കിലെ ഫാന്റസി-കോമഡി പ്രമേയത്തിലുള്ള പുതിയ ചിത്രമാണ് ഡോണ്ട് ട്രബിൾ ദി ട്രബിൾ. ശശാങ്ക് യെലേട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം അവതരിപ്പിക്കുന്നത് എസ്.എസ്. രാജമൗലിയാണ്. ആർക്ക മീഡിയ വർക്ക്സ്, ഷോയിംഗ് ബിസിനസ് എന്നീ ബാനറുകളുടെ കീഴിൽ ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, രാജമൗലിയുടെ മകനായ എസ്. എസ്. കാർത്തികേയ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഭാവന റിലീസാണ് ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്.
തനിക്ക് ഏറ്റവും ഇഷ്ടപെട്ട മോഹൻലാൽ സിനിമകളെക്കുറിച്ചും എസ് എസ് രാജമൗലി മനസ്സു തുറന്നു. ദൃശ്യം ഓൾ ടൈം ഫേവറിറ്റ് ആണെന്നും ബ്രോ ഡാഡി അടുത്തിടെ കണ്ടെന്നും ചെറിയ സിനിമകൾ മുതൽ വലിയ ചിത്രങ്ങൾ വരെയും സാമൂഹിക വിഷയങ്ങൾ പറയുന്ന സിനിമകൾ, പ്രണയകഥകൾ, ആക്ഷൻ സിനിമകൾ, ത്രില്ലറുകൾ തുടങ്ങി വ്യത്യസ്തമായ സിനിമകൾ മലയാളം ഒരുക്കുന്നതിൽ തനിക്ക് അത്ഭുതമുണ്ടെന്നും രാജമൗലി കൂട്ടിച്ചേർത്തു.
‘‘ഞാൻ ഒരുപാട് മലയാള സിനിമകൾ കണ്ടിട്ടില്ല. പക്ഷേ ഫഹദിന്റെ ഒരുപാട് സിനിമകൾ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്, ട്രാൻസ് എന്റെ ഓൾ ടൈം ഫേവറിറ്റാണ്. തീർച്ചയായും ‘ആവേശ’വും ഞാൻ വളരെ ആസ്വദിച്ച് കണ്ടിട്ടുണ്ട്. എന്റെ ഓൾ ടൈം ഫേവറിറ്റുകളിൽ ഒന്നാണ് ലാൽ സാറിന്റെ ദൃശ്യം. ദൃശ്യം 1, ദൃശ്യം 2 എന്നിവ എന്റെ ഓൾ ടൈം ഫേവറിറ്റുകളാണ്. രണ്ട് ദിവസം മുമ്പാണ് ‘ബ്രോ ഡാഡി’ കണ്ടത്. ഇപ്പോഴും അതിലെ ഡയലോഗുകൾ ഇവരോടൊക്കെ ആവർത്തിച്ചുപറയാറുണ്ട് .
ഒരിക്കല് എന്റെ സഹോദരി മോഹന്ലാല് അഭിനയിച്ച ഒരു സിനിമയിലെ ഒരു രംഗം കാണിച്ചുതന്നതോടെയാണ് എന്റെ ധാരണ മാറിയത്. . സിനിമയുടെ പേര് അന്ന് അറിയില്ലായിരുന്നു. മോഹന്ലാല് അതില് വില്ലന് കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഒരു പെണ്കുട്ടിയെ ഉപദ്രവിക്കാന് ലാല് സാറിന്റെ കഥാപാത്രം പോകുന്ന രംഗമായിരുന്നു അത്, എന്നാല് ആ രംഗത്തില് മോഹന്ലാല് കഥാപാത്രത്തെ അവതരിപ്പിച്ച രീതി എന്നെ ഏറെ ഭയപ്പെടുത്തി...’’ രാജമൗലി പറഞ്ഞു.







Comments