
ജൂനിയർ എൻ.ടി.ആർ., ജാൻവി കപൂർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് കൊരട്ടാല ശിവ സംവിധാനം ചെയ്ത ദേവര: പാർട്ട് 1 എന്ന തെലുങ്ക് ചിത്രത്തിലെ റൊമാന്റിക് ഹിറ്റ് ഗാനമായിരുന്നു ‘ചുട്ടമല്ലെ’. ഹോട്ട്നെസ് വാരിവിതറിയ, തിയേറ്ററുകളിൽ വലിയ ആരവമുണ്ടാക്കിയ ഗാനമായിരുന്നു ഇത്.
എന്നാല് ഇക്കഴിഞ്ഞ ദിവസങ്ങളില് ഈ ഗാനരംഗവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ ഇറങ്ങി. ഗാനരംഗത്തിൽ ജൂനിയർ എൻടിആറിനൊപ്പം പ്രത്യക്ഷപ്പെട്ട ജാൻവി കപൂറിനെതിരെയാണ് എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അശ്ലീലസ്വഭാവമുള്ള ഒരു വീഡിയോ നിർമ്മിച്ചിരിക്കുന്നത്. യഥാർത്ഥ ഗാനരംഗത്ത് ഒട്ടും ഇല്ലാത്ത ലൈംഗികച്ചുവയുള്ള ദൃശ്യങ്ങൾ സൃഷ്ടിക്കുന്നതിനായി ജാന്വിയുടെ രൂപം ഡിജിറ്റലായി മാറ്റം വരുത്തിയാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
ഇപ്പോഴിതാ ഇത്തരത്തിലുള്ള മോശം വീഡിയോകൾക്കെതിരെ രൂക്ഷമായി പ്രതികരിക്കുകയാണ് ജൂനിയർ എൻടിആർ. ‘എക്സ്’ പ്ലാറ്റ്ഫോമിലൂടെയും ഇന്സ്റ്റഗ്രാം സ്റ്റോറിയിലൂടെയും തന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ജൂനിയര് എന്ടിആര് എഐ ദുരുപയോഗത്തിനെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർശനമായ നിയമങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് താരം ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്.
‘‘അറപ്പുളവാക്കുന്നതും വികൃതവും ലജ്ജാകരവുമാണിത്. സ്ത്രീകളെ അമ്മമാരായും ദേവതകളായും ആരാധിക്കുന്ന, ‘മാതൃദേവോ ഭവ’ എന്നത് വെറുമൊരു വാക്യമല്ല മറിച്ച് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായ ഒരു നാട്ടിൽ, ചിലർ എത്രത്തോളം അധഃപതിച്ചിരിക്കുന്നു... ഒരു സ്ത്രീയെ ഏറ്റവും മോശമായ രീതിയിൽ അപമാനിക്കാൻ അവർ എഐ ഉപയോഗിക്കുന്നു. ഇത്രയും നീചമായ കാര്യങ്ങൾ ചെയ്യാൻ എഐ ഉപയോഗിക്കുന്നത് വാക്കുകൾക്ക് അതീതമായ ലജ്ജാകരമായ പ്രവൃത്തിയാണ്.
ഈ ‘ചുട്ടമല്ലെ’ വീഡിയോ വികൃതമാക്കിയതിന് പിന്നിലുള്ള അധമന്മാരോട് പറയാനുള്ളത് ഇതാണ്, ‘നിങ്ങളാരെയും ഞാൻ വെറുതെ വിടില്ല. ഇത് സൃഷ്ടിച്ചവർക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരെ സാധ്യമായ എല്ലാ നിയമനടപടികളും ഞാൻ സ്വീകരിക്കും. ദയവായി ഇത്തരം ഉള്ളടക്കങ്ങൾ കാണുകയോ പങ്കിടുകയോ അതിൽ ഇടപെടുകയോ ചെയ്യരുത്. ഇന്ന് അത് മറ്റൊരാളാണ്; നാളെ അത് നിങ്ങളുടെ അമ്മയോ സഹോദരിയോ ഭാര്യയോ മകളോ ആകാം.
ഇതൊരു ഗൗരവകരമായ വിഷയമാണ്. എഐയുടെ ദുരുപയോഗത്തിനെതിരെ ശക്തമായ നടപടികളും കർശനമായ നിയന്ത്രണങ്ങളും കൊണ്ടുവരണമെന്ന് എല്ലാ സംസ്ഥാന സർക്കാരുകളോടും കേന്ദ്ര സർക്കാരിനോടും ഞാൻ അഭ്യർത്ഥിക്കുന്നു...’’ എന്നാണ് താരം കുറിച്ചിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ തമ്മിലുള്ള കെമിസ്ട്രി എടുത്തുകാണിക്കുന്ന ഒരു റൊമാന്റിക് മെലഡിയായിരുന്നു ‘ചുട്ടമല്ലെ’. വനപ്രദേശങ്ങളുടെയും കടൽത്തീരങ്ങളുടെയും മനോഹരമായ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ഗാനം, ജാൻവി കപൂർ അവതരിപ്പിക്കുന്ന നായികയുടെ കാഴ്ചപ്പാടിലൂടെയാണ് ആവിഷ്കരിച്ചിരിക്കുന്നത്. തന്റെ പ്രണയഭാജനമായ ജൂനിയർ എൻടിആറിന്റെ സാന്നിധ്യത്തിൽ അവൾ അനുഭവിക്കുന്ന തീവ്രമായ വികാരങ്ങളെയാണ് ഗാനത്തിലെ വരികൾ പ്രതിഫലിപ്പിക്കുന്നത്.
അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയ ഈ ഗാനത്തിന്റെ വരികൾ എഴുതിയത് രാമജോഗയ്യ ശാസ്ത്രിയാണ്. ശിൽപ റാവു ആലപിച്ചിരിക്കുന്ന ഗാനത്തിന് ബോസ്കോ മാർട്ടിസ് ആണ് നൃത്തസംവിധാനം നിർവഹിച്ചത്. ‘ചുട്ടമല്ലെ’ ഗാനം തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിൽ റിലീസ് ചെയ്തിരുന്നു.
ജൂനിയർ എൻടിആറിനൊപ്പം ജാൻവി കപൂർ, സെയ്ഫ് അലി ഖാൻ, പ്രകാശ് രാജ്, ശ്രീകാന്ത് മേക, ടോം ഷൈൻ ചാക്കോ, നരേൻ തുടങ്ങിയ പ്രമുഖ താരനിരയും ഈ ചിത്രത്തിൽ അണിനിരന്നിരുന്നു. 2024 സെപ്റ്റംബർ 27-നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
ചിത്രത്തിൽ ജൂനിയർ എൻടിആർ ‘ദേവര’, ‘വരധ’ എന്നീ ഇരട്ട വേഷങ്ങളിലാണ് എത്തിയത്. അധികാര സമവാക്യങ്ങൾ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന തീരപ്രദേശ പശ്ചാത്തലത്തിൽ നടക്കുന്ന സംഘർഷഭരിതമായ കഥയായിരുന്നു ഇത്. എൻടിആർ ആർട്സ്, യുവസുധ ആർട്സ് എന്നീ ബാനറുകളിൽ കൊസരാജു ഹരികൃഷ്ണ, സുധാകർ മിക്കിലിനേനി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുകയാും നന്ദമൂരി കല്യാൺ റാം ചിത്രം അവതരിപ്പിക്കുകയും ചെയ്തു. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിൽ റിലീസ് ചെയ്തിരുന്നു.
അടുത്ത ഭാഗത്തിലേക്കുള്ള കഥയൊരുക്കി അവിശ്വസനീയമായ ഒരു സസ്പെൻസ് മുഹൂർത്തത്തോടെയാണ് ചിത്രം അവസാനിച്ചത്. ആരാധകർ ഇതിന്റെ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.







Comments