
തിരുവനന്തപുരം: സർക്കാരിന് യുഡിഎഫുമായി കൂടിയാലോചനയില്ല എന്ന് മുഖ്യമന്ത്രി വി ഡി സതീശനെതിരായ പരസ്യവിമർശനം നടത്തിയ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് തിങ്കളാഴ്ച കോൺഗ്രസ് ഹൈക്കമാൻഡിന് രേഖാമൂലം പരാതി നൽകും. ഇതേ ദിവസം തന്നെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഡൽഹിയിൽ എത്തുന്നുണ്ട്. പിസിസി യോഗത്തിനെത്തുന്ന സണ്ണി ജോസഫിന് കേരളത്തിലെ സ്ഥിതിഗതികൾ ഹൈക്കമാൻഡിനെ അറിയിക്കേണ്ട ബാധ്യതകൂടി ഉണ്ട്.
ഹൈക്കമാൻഡ് ആരുടെ കൂടെ നിൽക്കും, എന്ത് പരിഹാരം നിർദേശിക്കും എന്നതാണ് പ്രശ്നം. ഒന്നും അറിയിക്കുന്നില്ല എന്ന ആക്ഷേപം ഉന്നയിച്ചുവെങ്കിലും അത് പാർട്ടി വേദിയിൽ എത്തും മുമ്പ് കെപിസിസി ആസ്ഥാനത്ത് വാർത്താ സമ്മേളനം നടത്തി പരസ്യമായി മുഖ്യമന്ത്രിക്കെതിരെ നിലപാട് സ്വീകരിച്ചത് അടൂർ പ്രകാശിന് തിരിച്ചടി ആയേക്കും. എന്നാൽ, മുതിർന്ന നേതാക്കളിൽ പലരും അടൂർ പ്രകാശിനെ പരോക്ഷമായി അനുകൂലിച്ച് കൂടിയാലോചന ആവശ്യമാണെന്ന് അഭിപ്രായപ്പെടുന്നത് ആരോപണത്തിന് വ്യക്തത നൽകാൻ സഹായിക്കും.
മുസ്ലീംലീഗ് നേതാവ് എം കെ മുനീറിനെ കാബിനറ്റ് പദവികളോടെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനാക്കാനുള്ള തീരുമാനത്തിന് പിന്നാലെയായിരുന്നു അടൂർ പ്രകാശിന്റെ വാർത്താസമ്മേളനം. മുനീറിന് സ്ഥാനം നൽകിയതിൽ അല്ല എതിർപ്പെന്ന് പിന്നീട് അടൂർ പ്രകാശ് വ്യക്തമാക്കിയിരുന്നു. പല തീരുമാനങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നത് എന്നും സർക്കാർ-പാർട്ടി ഏകോപനം ഇല്ല എന്നും പ്രകാശ് കുറ്റപ്പെടുത്തി. ചെയർമാൻ ആയ മുഖ്യമന്ത്രി മുൻകൈ എടുത്ത് യുഡിഎഫ് യോഗം വിളിക്കാത്തതിനെ വാർത്താ സമ്മേളനത്തിൽ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.
മുനീറിന് പദവി നൽകാനുള്ള തീരുമാനത്തിനു പിന്നാലെ പരസ്യ വിമർശനം ഉയർന്നത് ലിഗീന് അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. നിയമനം സംബന്ധിച്ച് യുഡിഎഫിൽ പറഞ്ഞില്ല എന്ന് കരുതുന്നില്ല എന്നായിരുന്നു മുനീർ പ്രതികരിച്ചത്. യുഡിഎഫിൽ ഹിമാലയൻ പ്രശ്നങ്ങളൊന്നും ഇല്ല എന്നായിരുന്നു പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. നേതാക്കളുടെ പ്രതികരണങ്ങളും ഹൈക്കമാൻഡ് കണക്കിലെടുക്കുമെന്നാണ് കരുതുന്നത്. അതേസമയം, മുഖ്യമന്ത്രിക്കെതിരെ പരസ്യനിലപാട് സ്വീകരിച്ചതിനെതിരെയും ഹൈക്കമാൻഡിന് പരാതി നൽകാൻ നീക്കമുണ്ടെന്നാണ് സൂചന.







Comments