
മകന്റെ ഗെയിമിംഗ് ഭ്രമം മനസിലാക്കാൻ ഗെയിം കളിച്ചുതുടങ്ങിയ 60-കാരി ഒടുവിൽ സ്വയം ഗെയിമിംഗ് താരമായി മാറിയിരിക്കുകയാണ്. ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിലെ മെയ്ഷോ സ്വദേശിനിയായ സോങ് ജുവാൻജുവാൻ ആണ് ഇപ്പോൾ ‘ആന്റി ജുവാൻ’ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഗെയിമിംഗിനെ ഒരിക്കൽ ശക്തമായി എതിർത്തിരുന്ന ഇവർ ഇന്ന് ഗെയിം കളിച്ച് തത്സമയ ദൃശ്യങ്ങൾ പങ്കുവയ്ക്കുന്ന താരമാണ്. 5.27 ലക്ഷം പേരാണ് ഇവരെ പിന്തുടരുന്നത്.
2020-ലാണ് സോങ് ഗെയിമിംഗ് പഠിച്ചുതുടങ്ങിയത്. ജോലി ഉപേക്ഷിച്ച് വീട്ടിലിരുന്ന് ഗെയിം കളിച്ചുകൊണ്ടിരുന്ന ഇളയ മകൻ സുവോഡെയുടെ ഗെയിമിംഗ് ഭ്രമം മനസിലാക്കുകയായിരുന്നു ലക്ഷ്യം. വർഷങ്ങൾക്ക് മുമ്പ് മകൻ സ്കൂൾ വിദ്യാർഥിയായിരുന്നപ്പോൾ പഠനത്തെ ബാധിക്കുന്ന തരത്തിൽ ഗെയിം കളിച്ചതിനെ തുടർന്ന് സോങ് ഇന്റർനെറ്റ് കഫേകളിൽ പോയി മകനെ പിടിച്ചുകൊണ്ടുവന്നിരുന്നു. എന്നാൽ വർഷങ്ങൾക്കുശേഷം മകൻ വീണ്ടും ഗെയിം കളിക്കുന്നത് കണ്ടപ്പോൾ ഇത്തവണ ദേഷ്യപ്പെടുന്നതിന് പകരം അതിന്റെ ആകർഷണം മനസിലാക്കാനായിരുന്നു ശ്രമം. ഒടുവിൽ മകനോട് തന്നെ ഗെയിം പഠിപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
തുടക്കത്തിൽ ഗെയിം കളിക്കുക സോങിന് ഒട്ടും എളുപ്പമായിരുന്നില്ല. കഥാപാത്രത്തെ ശരിയായി നിയന്ത്രിക്കാൻ പോലും കഴിയാതെ മതിലുകളിൽ ഇടിക്കുകയും ദിശ തെറ്റിക്കുകയും വെർച്വൽ പടികൾ കയറാൻ പോലും ബുദ്ധിമുട്ടുകയും ചെയ്തു. പ്രായം കാരണം കാഴ്ചയ്ക്കും പ്രതികരണ വേഗത്തിനുമുണ്ടായ പരിമിതികളും വെല്ലുവിളിയായി. എന്നാൽ പിന്മാറാൻ തയ്യാറാകാതെ പരിശീലനം തുടർന്നു. 2022ൽ ഗെയിം കളിക്കുന്നതിന്റെ തത്സമയ ദൃശ്യങ്ങൾ പങ്കുവയ്ക്കാനും തുടങ്ങി. പിന്നീട് പ്രേക്ഷകരുടെ എണ്ണം വർധിച്ചതോടെ ദിവസവും രണ്ട് തവണ വരെ തത്സമയ ഗെയിമിംഗ് നടത്തുകയും ഓരോ സെഷനും ഏകദേശം 10,000 പേർ കാണുകയും ചെയ്യുന്ന നിലയിലേക്ക് സോങ് എത്തി. ഇതുവരെ 8,000 മണിക്കൂറിലേറെ ഗെയിം കളിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
സോങിന്റെ ഏറ്റവും ശ്രദ്ധേയമായ നിമിഷങ്ങളിലൊന്ന് 2024 ഡിസംബറിലായിരുന്നു. കൗണ്ടർ-സ്ട്രൈക്ക്: ഗ്ലോബൽ ഒഫൻസീവിന്റെ ഒരു ഓൺലൈൻ പ്രദർശന മത്സരത്തിൽ റഷ്യൻ കൗമാര ഗെയിമിംഗ് പ്രതിഭയായ 17കാരൻ ‘ഡോങ്കിനെയും’ അവർ നേരിട്ടു. മത്സരത്തിനിടെ ഡോങ്കിനെ പുറത്താക്കാനും സോങിന് കഴിഞ്ഞു. ഇതോടെ ‘ആന്റി ജുവാൻ’ എന്ന പേരിലുള്ള ഇവരുടെ ജനപ്രീതി വീണ്ടും ഉയർന്നു. ഒരിക്കൽ മകന്റെ ഗെയിമിംഗ് ഭ്രമം മനസിലാക്കാൻ ഗെയിം പഠിച്ച അമ്മ ഇന്ന് അതേ ഗെയിമിംഗിലൂടെ തന്നെ ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയിരിക്കുകയാണ്.







Comments