
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ കൗണ്സിലര് ആർ ശ്രീലേഖയ്ക്കെതിരെ രൂക്ഷ വിമര്ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.ശിവന്കുട്ടി .ശ്രീലേഖ പറയുന്ന ഒരു കാര്യവും വിശ്വസിക്കാൻ കഴിയില്ലെന്നും നാക്കെടുത്താൽ കള്ളം മാത്രമേ പറയൂ എന്നും അദ്ദേഹം വിമർശിച്ചു. സ്ഥാനമാനങ്ങൾക്ക് വേണ്ടി ബിജെപിക്ക് നേരെ നടത്തിയ ഭീഷണിയായി ഇതിനെ കണ്ടാൽ മതിയെന്നും, ഇതൊരു ലേലം വിളിയാണെന്നും ഏറ്റവും കൂടുതൽ ആനുകൂല്യം കിട്ടുന്ന സ്ഥലത്തേക്ക് അവർ പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്കൂൾ ഒളിംപിക്സ് അട്ടിമറിക്കപ്പെട്ടതായി ആരോപിച്ച വി ശിവൻകുട്ടി, മേളയുടെ സ്വർണ്ണക്കപ്പും പതാകയും എവിടെയെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. കായികമേള നടത്തേണ്ട ചുമതല കായിക വകുപ്പിനല്ലെന്ന് വകുപ്പ് മന്ത്രി പറഞ്ഞത് വസ്തുതയാണെന്ന് അദ്ദേഹം സമ്മതിച്ചു. എന്നാൽ തൃശൂരിൽ നിന്നുള്ള മന്ത്രിയാണ് ജനീഷ് എന്നും, അവിടെ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ വന്ന് നോക്കണമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികൾക്ക് മലിനജലം ഉൾപ്പെടെ കുടിക്കേണ്ട സാഹചര്യം ഉണ്ടായതായും അദ്ദേഹം കുറ്റപ്പെടുത്തി.







Comments