
തിരുവനന്തപുരം: കൗൺസിലർ ആർ ശ്രീലേഖയുടെ രാജി വാർത്തയെ പാടേ തള്ളി തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി വി രാജേഷ്. കൗൺസിലർ തനിക്ക് രാജിക്കത്ത് നൽകിയിട്ടില്ല. അവർ കൗൺസിലറായി തുടരും. അവർ നൽകിയത് ഭരണം സ്മൂത്താക്കാനുള്ള നിർദേശങ്ങളടങ്ങിയ കത്ത് ആണ്. സാധാരണയായി എല്ലാ കൗൺസിലർമാരും മേയർക്ക് കത്തുനൽകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൗൺസിലർക്ക് ചില ആരോഗ്യപ്രശ്നങ്ങളുണ്ട്. കഴിഞ്ഞ ദിവസം തന്നെ ശ്രീലേഖയെ കണ്ടിരുന്നു എന്നും മേയർ പറഞ്ഞു. മാധ്യമങ്ങൾ രാജിയെക്കുറിച്ച് ആവർത്തിച്ചു ചോദിച്ചപ്പോൾ രാജിക്കത്ത് ലഭിച്ചതായി താൻ പറഞ്ഞിട്ടില്ല എന്നും ഭരണം സ്മൂത്തായി പോവുമെന്നും പറഞ്ഞു. ശ്രീരേഖ വാട്സ്ആപ്പിൽ രാജി വിവരം പങ്കുവെച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ അങ്ങനെയൊന്നുമില്ല എന്ന മറുപടിയിൽ ഒതുക്കുകയും ചെയ്തു.
അതേസമയം, പ്രതിസന്ധി മുതലാക്കാൻ ശ്രമിച്ച പ്രതിപക്ഷ കക്ഷികൾക്ക് ശ്രീലേഖ രാജിയിൽ നിന്ന് പിന്നോട്ടുപോയത് തിരിച്ചടിയായി. കോർപറേഷനിലെ പ്രതിപക്ഷമായ കോൺഗ്രസ് അവസരം ഉപയോഗിക്കാൻ വലിയ ശ്രമമാണ് നടത്തിയത്. മന്ത്രി കെ മുരളീധരൻ ശ്രീലേഖയെ പാർട്ടിയിലേക്ക് ക്ഷണിച്ചു. അതേസമയം, ശ്രീലേഖയ്ക്ക് സ്ഥാനമോഹമാണുള്ളതെന്നായിരുന്നു സിപിഎം നേതാവ് വി ശിവൻകുട്ടി പ്രതികരിച്ചത്.







Comments