
ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ മൂന്ന് മണിക്കൂർ കുടുങ്ങിയ യുവതിയുടെ അനുഭവം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന കാവ്യയാണ് നഗരത്തിലെ ട്രാഫിക് അനുഭവം വീഡിയോയിലൂടെ പങ്കുവെച്ചത്. ഉച്ചസമയത്തുപോലും റോഡുകളിൽ വാഹനത്തിരക്ക് രൂക്ഷമായിരുന്നുവെന്ന് വീഡിയോയിൽ കാവ്യ പറയുന്നു. മണിക്കൂറുകളോളം യാത്രയിൽ കുടുങ്ങിയതോടെ സമയവും ഊർജവും ഇന്ധനവും നഷ്ടമായെന്നും അവർ ചൂണ്ടിക്കാട്ടി.
ഓഫീസിൽ നിന്ന് എപ്പോൾ ഇറങ്ങിയാൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാകുമെന്ന് കണ്ടെത്താൻ പല സമയങ്ങളും പരീക്ഷിച്ചിരുന്നുവെന്ന് കാവ്യ പറഞ്ഞു. രാവിലെ, ഉച്ച, വൈകുന്നേരം എന്നിങ്ങനെ വ്യത്യസ്ത സമയങ്ങളിൽ യാത്ര ചെയ്തിട്ടും കാര്യമായ മാറ്റമുണ്ടായില്ലെന്നാണ് അവരുടെ അനുഭവം. ഒടുവിൽ ട്രാഫിക്കിൽ നിന്ന് രക്ഷപ്പെടാനുള്ള ഏറ്റവും നല്ല മാർഗം കണ്ടെത്താൻ നടത്തിയ പരീക്ഷണങ്ങൾക്ക് കാവ്യ തന്നെ ഒരു വ്യത്യസ്ത നിഗമനത്തിലെത്തി.
ഓഫീസിൽ നിന്ന് ഇറങ്ങേണ്ട സമയത്തെക്കുറിച്ച് ഇത്രയും ആലോചിച്ച ശേഷമുള്ള കാവ്യയുടെ പരിഹാരമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ട്രാഫിക് ഒഴിവാക്കാൻ ഏറ്റവും നല്ല മാർഗം ഓഫീസിലേക്ക് പോകാതിരിക്കുകയാണെന്നാണ് കാവ്യയുടെ തമാശ കലർന്ന നിഗമനം. പകരം വീട്ടിലിരുന്ന് ജോലി ചെയ്യാമെന്നും അവർ നിർദേശിച്ചു. വീഡിയോ പങ്കുവെച്ചപ്പോൾ സമയം ഉച്ചയ്ക്ക് 3.20 ആയിരുന്നെങ്കിലും ബെംഗളൂരുവിലെ റോഡുകളിൽ അപ്പോഴും വലിയ തിരക്കായിരുന്നു.
വൈകുന്നേരത്തെ പതിവ് തിരക്കുസമയത്തിന് മുമ്പുതന്നെ ഇത്രയും ഗതാഗതക്കുരുക്ക് നേരിടേണ്ടിവന്നതിലുള്ള നിരാശയും കാവ്യ വീഡിയോയിൽ പങ്കുവെച്ചു. സംഭവത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. സമാനമായ അനുഭവം തങ്ങൾക്കും ഉണ്ടായിട്ടുണ്ടെന്ന് ചിലർ പറഞ്ഞു. ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിനെക്കുറിച്ചുള്ള ചർച്ചയ്ക്കും കാവ്യയുടെ രസകരമായ നിഗമനം വഴിവെച്ചിരിക്കുകയാണ്.







Comments