
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയോട് ആൾക്കൂട്ടത്തിനിടയിൽ യുവാവ് നടത്തിയ അപ്രതീക്ഷിത ആവശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ആളുകളുമായി സംസാരിക്കുന്നതിനിടെ യുവാവ് മുഖ്യമന്ത്രിയുടെ അടുത്തെത്തി ‘സാർ, എനിക്ക് ഒരു ഐഫോൺ വേണം’ എന്നായിരുന്നു ആവശ്യപ്പെട്ടത്. അപ്രതീക്ഷിതമായ ആവശ്യം കേട്ട മുഖ്യമന്ത്രി തമാശരൂപേണ യുവാവിനോട് പഴയ ഐഫോണാണോ പുതിയതാണോ വേണ്ടതെന്ന് ചോദിച്ചു.
യുവാവിന്റെ ആവശ്യം കേട്ടതോടെ ഹിമന്ത ബിശ്വ ശർമയുടെ പ്രതികരണവും രസകരമായി. പിന്നീട് യുവാവിന് ഐഫോൺ വാങ്ങിനൽകാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. “ശരി, നമുക്ക് നിങ്ങൾക്കൊരു ഐഫോൺ വാങ്ങിത്തരാം. നിങ്ങൾക്ക് അത് ലഭിക്കും” എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇതിനുശേഷം അദ്ദേഹം ആൾക്കൂട്ടത്തിലുണ്ടായിരുന്ന മറ്റുള്ളവരുമായി കൂടിക്കാഴ്ച തുടരുകയും ചെയ്തു.
സംഭവത്തിന്റെ വീഡിയോ പിന്നീട് ഹിമന്ത ബിശ്വ ശർമ തന്നെയാണ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. “വളരെ വ്യക്തമായ മുൻഗണനകൾ” എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. മുഖ്യമന്ത്രിയോട് വിലകൂടിയ സ്മാർട്ട്ഫോൺ ആവശ്യപ്പെട്ട യുവാവിന്റെ ആത്മവിശ്വാസമാണ് സമൂഹമാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. മുഖ്യമന്ത്രിയുടെ മറുപടി ചിലർ രസകരമായി കാണുമ്പോൾ, യുവാവിന് ശരിക്കും ഐഫോൺ ലഭിക്കുമോ എന്ന ആകാംക്ഷയും ചിലർ പങ്കുവെച്ചു. ക്യാമറയ്ക്ക് മുന്നിൽ നടന്ന ഈ ചെറിയ സംഭാഷണം തന്നെയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുന്നത്.







Comments