
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ കുടുംബത്തിന് കോടതി 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ചത് വാര്ത്തയായിരുന്നു.
ഈ തുക സുധിയുടെ ഭാര്യയ്ക്കും അമ്മയ്ക്കും മക്കള്ക്കുമായാണ് ലഭിക്കുക. ഈ വാര്ത്ത പുറത്ത് വന്നതിന് പിന്നാലെ പ്രചരിക്കുന്ന വ്യാജ വാര്ത്തയ്ക്കെതിരെ സുധിയുടെ ഭാര്യ രേണു സുധി രംഗത്തെത്തിയിരിക്കുകയാണ്.
സുധിയുമായുള്ള തന്റെ വിവാഹം നിയമപരമല്ലെന്ന ആരോപണത്തിനാണ് രേണു മറുപടി നല്കുന്നത്. മെയ്ന്സ്ട്രീം വണ്ണിന് നല്കിയ അഭിമുഖത്തിലാണ് രേണുവിന്റെ പ്രതികരണം.
"2017 മെയ് 7-നാണ് കോട്ടയം ചങ്ങനാശ്ശേരി താലൂക്കിലെ തെങ്ങണ സബ് രജിസ്ട്രേഷൻ ഓഫീസിൽ വെച്ച് ഞാനും സുധി ചേട്ടനും ഔദ്യോഗികമായി വിവാഹം രജിസ്റ്റർ ചെയ്തത്. സുധി ചേട്ടന്റെ മൂത്ത മകൻ രാഹുൽദാസും എന്റെ വീട്ടുകാരും സാക്ഷികളായി നിന്നാണ് ആ രജിസ്ട്രേഷൻ നടത്തിയത്. ചുമ്മാ ആർക്കും കോടതിയെ പറ്റിക്കാനോ കള്ളസർട്ടിഫിക്കറ്റ് ഉണ്ടാക്കാനോ കഴിയില്ല. നിയമപരമായി വിവാഹം കഴിച്ച ഭാര്യയായതുകൊണ്ടാണ് കോടതി അർഹതപ്പെട്ട വിഹിതം അനുവദിച്ചത്. ഇതൊക്കെ വ്യാജമാണെന്ന് പറയുന്നവരാണ് യഥാർത്ഥത്തിൽ ഫേക്ക് ആയ മനുഷ്യർ" എന്ന് രേണു തുറന്നടിച്ചു.
ഇൻഷുറൻസ് തുക അനുവദിച്ചതിൽ തനിക്ക് സന്തോഷമില്ലെന്നും, എത്ര കോടികൾ കിട്ടിയാലും തന്റെ സുധിച്ചേട്ടന്റെ ജീവന് പകരമാവില്ലെന്നും രേണു പറഞ്ഞു. അതേസമയം, കഴിഞ്ഞ ആറു മാസമായി കാൻസർ ചികിത്സയിലൂടെയും കീമോതെറാപ്പിയിലൂടെയും കടന്നുപോകുന്ന തനിക്ക്, സർജറിയും തുടർചികിത്സകളും മുന്നിലുള്ള ഈ സമയത്ത് ഈ തുക മക്കളുടെ സുരക്ഷിതത്വത്തിന് വലിയൊരു ആശ്വാസമാണെന്നും രേണു കൂട്ടിച്ചേർത്തു.







Comments