
കാര്ഷികോല്പ്പന്നങ്ങള് പോയവാരം വിപണിയില് വില്പ്പനക്കെത്തിച്ചപ്പോള് നേട്ടം കിട്ടിയത് കുരുമുളകിന്. റബര് തേയില വില മാറ്റമില്ല. വെളിച്ചെണ്ണ വില തകര്ച്ചയിലേക്ക് ഇഴഞ്ഞ് നീങ്ങി.
സ്വര്ണവില കുറഞ്ഞു. ഉത്സവകാല ഡിമാന്റ് കുരുമുളക് കിലോ 3 രൂപ വില കൂടി. വില കൂടിയെങ്കിലും ശ്രീലങ്കന് മുളകിന്റെ വരവില് കര്ഷകര് ആശങ്കയിലാണ്. കൊച്ചി വിപണിയില് പോയവാരം വില്പ്പന സമ്മര്ദ്ദം കുറവായിരുനു. വില്പ്പനക്ക് വരവും കുറവായിരുന്നു. വില്പ്പനക്ക് 121 ടണ്കുരു മുളകാണ് വില്പ്പനക്കെത്തിയത് തലേവാരത്തെ അപേക്ഷിച്ച് 49 ടണ് കുറവാണ്.
ശ്രീലങ്കയില് നിന്ന് വലിയ തോതില് ഇന്ത്യയിലേക്ക് കയറ്റുമതി സമ്മര്ദ്ദമുണ്ട്. രൂപ 96 കടന്നിരിക്കെ ഇറക്കുമതിക്കാര്ക്ക് തിരിച്ചടിയാണ്. ശ്രീലങ്കയില് നിന്ന് ഇന്ത്യയിലേക്ക് കുരുമുളക് ഇറക്കുമതി ചെയ്താല് നികുതി, കപ്പല് കൂലി, തൊഴില്കുലി മറ്റ് ചെലവുകള് ഉള്പ്പടെ ഇവിടത്തെ ഇറക്കുമതിക്കാര്ക്ക് 1 കിലോ കുരുമുളകിന് 703 രൂപ നിലവില് വരും. ഇവിടെ 1 കിലോ കുരുമുളകിന് 702 രൂപയാണ് വില. ഈ സാഹചര്യത്തില് ശ്രീലങ്കയുടെ വില്പ്പനസമ്മര്ദ്ദത്തില് ഇറക്കുമതിക്കാര്ക്ക് താല്പ്പര്യമില്ലന്നാണ് വിപണിയില് നിന്ന് അറിവായത്. ഇതിനു പ്രധാന കാരണം മുംബൈ ഇപ്പോള് കുരുമുളകിന്റെ ഹബ്ബായി മാറി. ഇറക്കുമതി ഉള്പ്പടെ കുരുമുളകിന്റെ എല്ലാ ഇടപാടുകളും മുംബൈ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. ഇന്ത്യയിലെ ഉല്പ്പാദന മേഖലകളിലും കുരുമുളക് വില്ക്കുന്ന മാര്ക്കറ്റുകളിലും ഇറക്കുമതി ലോബികള് ശ്രീലങ്കന് മുളക് സുലഭമായി എത്തിച്ചിരിക്കയാണ്. നവരാത്രി, ദീപാവലി വിശേഷ ദിവസങ്ങളിലേക്ക് മസാല കമ്പനികള് ഇറക്കുമതി മുളക് ധാരാളമായി വാങ്ങുന്നുണ്ട്.
കൊച്ചി വിപണിയില് ഹൈറേഞ്ചില് നിന്ന് കുരുമുളക് വരവില്ല. കാരണം അയല് സംസ്ഥാനങ്ങളിലെ കച്ചവടക്കാര് ഹൈറേഞ്ചില് നിന്ന് കുരുമുളക് വാങ്ങുന്നുണ്ട്. തമിഴ്നാട്ടില് ഉല്പ്പാദനം കുറവാണ്. കര്ണാടകയില് കുരുമുളകിന് വില കൂടിയെന്നാണ് അവിടത്തെ കച്ചവടക്കാര് കൊച്ചിയില് അറിയിച്ചത്. ഇടുക്കിയിലെ കര്ഷകരും കച്ചവടക്കാരും മറ്റ് ഇടപാട് കാരുമെല്ലാം ഏലം കൃഷിയിലും കച്ചവടത്തിലേക്കും മാറി. സാന്ദ്രത കൂടിയ ഇടുക്കി മുളക് കൊച്ചി വിപണിയില് വില്പ്പനക്കെത്തുന്നില്ലന്നാണ് വ്യാപാരികള് പറയുന്നത്. വരും മാസങ്ങള് കുരുമുളക് വിളവെടുപ്പ് കാലമാണ്. ഇന്തോനീഷ്യയില് വിളവെടുപ്പ് തുടങ്ങി.
ഈ മാസം ബ്രസീലില് വിളവെടുപ്പ് തുടങ്ങും. ഡിസംബര് ജനുവരിയില് ഇന്ത്യയിലും, ഫെബ്രുവരി-മാര്ച്ചില് വിയറ്റ്നാമിലും വിളവെടുപ്പ് തുടങ്ങും. മറ്റ് ഉല്പ്പാദക രാജ്യങ്ങളെക്കാള് ഇന്ത്യയുടെ നിരക്ക് ഉയര്ന്നിരിക്കെ വിളവെടുപ്പ് കഴിയുന്ന രാജ്യങ്ങളെല്ലാം ഇന്ത്യയിലേക്ക് കയറ്റുമതിക്കാണ് താല്പ്പര്യം കാട്ടുന്നത്. ഇന്ത്യയുടെ കയറ്റുമതി നിരക്ക് ടണ്ണിന് 7650 ഡോളര്. ശ്രീലങ്ക 6600, ബ്രസീല് 6000, വിയറ്റ്നാം 6250, ഇന്തോനീഷ്യ 6500 ഡോളര്, വാരാന്ത്യ വില കൊച്ചി കുരുമുളക് അണ്ഗാര്ബിള്ഡ് കിലോ 702 രൂപ ഗാര്ബിള്ഡ് 722, പുതിയ മുളക് 692 രൂപ
റബര് വേണം,
വില കൂട്ടില്ല!
ടയര് നിര്മ്മാതാക്കള്ക്ക് റബര് ആവശ്യമാണെങ്കിലും വില ഉയര്ത്തി വാങ്ങാന് താല്പ്പര്യമില്ലന്നാണ് വിതരണക്കാര് കൊച്ചിയില് പറഞ്ഞത്. ആര്.എസ്.എസ്-4 കിലോ 280 രൂപയില് വിറ്റ് നിര്ത്തിയത്
രാജ്യാന്തര വില തയാര് നിരക്കില് ബാങ്കോക്കില് റബര് കിലോ 7 രൂപ ഇടിഞ്ഞതോടെ ടയര് കമ്പനികള് 278 രൂപയായി വില കുറച്ചു. വില കുറഞ്ഞതോടെ ഇടനിലക്കാര് വില്ക്കാതെ മാറി. വില്പ്പനക്ക് ചെറുകിട കര്ഷകരില് നിന്ന് വരവ് കുറഞ്ഞതോടെ കമ്പനികള്ക്ക് വേണ്ടി വിതരണക്കാര് വില ഉയര്ത്തി. കിലോ 280 ലേക്ക് തിരിച്ചുകയറി. ചെറുകിട ടയര് കമ്പനികള് ആര്.എസ്.എസ്-5 കിലോ 275 ല് നിന്ന് 1 രൂപ വില ഉയര്ത്തി 276 രൂപയിലാണ് വാങ്ങിയത്. അവധി വ്യാപാരത്തില് ചൈന കിലോ 4 രൂപയും ടോക്കിയോ 5 രൂപയും വില കുറച്ചു. രാജ്യാന്തര വില ഇടിഞ്ഞിരിക്കെ വരുംദിവസങ്ങളില് വില ഇടിയുമെന്ന് വിതരണക്കാര് പറയുന്നുണ്ടെങ്കിലും വില്പ്പനക്ക് റബര് വരവ് കുറഞ്ഞാല് വില ഉയരുമെന്ന പ്രതീക്ഷയിലാണ് കര്ഷകര്.
തെളിച്ചമില്ലാതെ വെളിച്ചെണ്ണ
തമിഴ്നാട്ടില് നിന്ന് നാളികേര ഉല്പ്പന്നങ്ങള് കേരളത്തില് വില്പ്പനക്കായി കൊണ്ടുവരുന്നതിന്റെ തോത്കൂടിയതോടെ സംസ്ഥാനത്ത് കഴിഞ്ഞ നാലാഴ്ച്ചയായി വെളിച്ചെണ്ണ, കൊപ്ര വില തകര്ച്ചയിലാണ്
തമിഴ്നാട്ടിലെ കാങ്കയം മാര്ക്കറ്റില് വെളിച്ചെണ്ണ ലിറ്ററിന് 206 രൂപ നിലവിലുള്ളപ്പോള് കൊച്ചിയില് 249 മുതല് 259 രൂപ വരെയാണ് വില. കൊച്ചിയില് വിറ്റാല് ലിറ്ററിന് 43 മുതല് 48 രൂപ അധികം കിട്ടുമെന്ന് കണ്ടാണ് തമിഴ്നാട്ടിലെ വെളിച്ചെണ്ണ കൊപ്ര ലോബികള് സംസ്ഥാനത്ത് വില്പ്പനക്കാരായി വരുന്നത്. ഇത് മൂലം ഇവിടത്തെ നാളികേര കര്ഷകരാണ് അവരുടെ അദ്ധ്വാനഫലം വില കുറച്ച് വില്ക്കേണ്ട ഗതികേടിലായത്.
സംസ്ഥാനത്ത് കോഴിക്കോട് വെളിച്ചെണ്ണ ലിറ്ററിന് 6 രൂപയും കൊപ്രയ്ക്ക് 5 രൂപയുമാണ് പോയവാരം വില കുറഞ്ഞത്. കൊച്ചി, തൃശൂര് വെളിച്ചെണ്ണ, കൊപ്ര യഥാക്രമം 4 രൂപ വീതം വില കുറഞ്ഞു.
തമിഴ്നാട്ടിലെ കാങ്കയം മാര്ക്കറ്റില് വെളിച്ചണ്ണ ലിറ്ററിന് 10 രൂപയും കൊപ്ര കിലോ 5 രൂപയും വില കുറഞ്ഞു. കൊച്ചി വെളിച്ചെണ്ണ മില്ലിങ് ലിറ്ററിന് 254 രൂപ. തയ്യാര് 249 കൊപ്ര തെളിവ് കിലോ 157 ഓടെ 155 രൂപ. തൃശൂര് വെളിച്ചെണ്ണ 250, കൊപ്ര 155 രൂപ കോഴികോട് വെളിച്ചെണ്ണ ലിറ്ററിന് 257, കൊപ്ര 154, കാങ്കയം വെളിച്ചെണ്ണ ലിറ്ററിന് 206, കൊപ്ര 148 രൂപ കൊച്ചിയില് പോയവാരം 29000 ലിറ്റര് വെളിച്ചെണ്ണ മൊത്ത വിപണിയില് വില്പ്പനക്കെത്തി.
സ്വര്ണ വില കുറഞ്ഞു;രൂപ തകര്ന്നു
വില കയറി ഇറങ്ങിയെങ്കിലും വാരാവസാനം സ്വര്ണ വില കുറഞ്ഞു. പവന് 111960 രൂപയില് വിറ്റ് നിറുത്തിയത് വാരാ വസാനം 109400 രൂപയായി കുറഞ്ഞാണ് വ്യാപാരം നിറുത്തിയത്. പോയവാരം പവന് 2560 രൂപ കുറഞ്ഞു.
രാജ്യാന്തര വില സ്വര്ണം ഔണ്സിന് 142 ഡോളര് കുറഞ്ഞു. ഔണ്സിന് 4142 ഡോളറിലാണ് ന്യൂയോര്ക്ക് സിറ്റിയില് വ്യാപാരം നിറുത്തിയത്. വിനിമയ നിരക്കില് രൂപ തകര്ച്ചയിലാണ് പോയവാരം കടന്നുപോയത്. 95.80ല് നിന്ന് രൂപ 96.30 ലേക്ക് ദുര്ബലനായതോടെ 50 പൈസയാണ് രൂപയ്ക്ക് നഷ്ടമായത്.
തേയിലയില് ചൂടാറിയില്ല
വില്പ്പനക്ക് തേയില വരവ് കുറഞ്ഞതോടെ ഇല തേയില പൊടി തേയില വിലയില് മാറ്റമില്ലാതെയാണ് ലേലം നടന്നത്. ഇല തേയില 281000 കിലോയും പൊടിതേയില 633500 കിലോയും ലേലത്തില് വില്പ്പനക്കെത്തി. തലേവാരത്തെ അപേക്ഷിച്ച് പോയവാരം ലേലത്തില്ഇല തേയില 15200 കിലോയും പൊടിതേയില 86500 കിലോയും കുറഞ്ഞാണ് എത്തിയത്.







Comments