
സിനിമാപ്രേമികളുടെ പ്രിയപ്പെട്ട താരങ്ങളായ വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും അടുത്തിടെയാണ് വിവാഹിതരായത്. തങ്ങളുടെ പ്രണയം വർഷങ്ങളോളം രഹസ്യമായി വെച്ചതിനെക്കുറിച്ചും സ്വകാര്യത കാത്തുസൂക്ഷിച്ചതിനെക്കുറിച്ചും മനസ്സ് തുറക്കുകയാണ് ഇപ്പോൾ ഇരുവരും. പുതിയ ചിത്രമായ 'രണബാലി'യുടെ പ്രൊമോഷന്റെ ഭാഗമായി മൈത്രി മൂവി മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.വർഷങ്ങൾ നീണ്ട ആഴത്തിലുള്ള സൗഹൃദമാണ് തങ്ങളെ വിവാഹത്തിൽ എത്തിച്ചതെന്ന് വിജയ് ദേവരക്കൊണ്ട പറഞ്ഞു.
"എട്ട് വർഷമായി എനിക്ക് രശ്മികയെ അറിയാം. ആദ്യം വെറുമൊരു സഹതാരമായിരുന്നു, പിന്നീട് നല്ലൊരു സുഹൃത്തായി മാറി. ആ സൗഹൃദമാണ് പതിയെ പ്രണയത്തിലേക്കും ഇപ്പോൾ എന്റെ ഭാര്യ എന്ന പദവിയിലേക്കും എത്തിച്ചത്. ഇതൊരിക്കലും ആരുടെയും കണ്ണുവെട്ടിക്കാനുള്ള ഒളിച്ചുകളിയായിരുന്നില്ല. ഞങ്ങളുടെ വ്യക്തിജീവിതം മറ്റുള്ളവരോട് വെളിപ്പെടുത്തേണ്ടതുണ്ടെന്ന് തോന്നിയിരുന്നില്ല," എന്ന് വിജയ് പറഞ്ഞു.
തങ്ങളുടെ ബന്ധം മറ്റുള്ളവർക്ക് ആഘോഷിക്കാനുള്ള ഒരു വിനോദോപാധിയാക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്നാണ് രശ്മികയുടെ നിലപാട്. "ഞങ്ങളുടെ ബന്ധം ഞങ്ങളുടേത് മാത്രമാണ്. പരസ്പരം സംരക്ഷിച്ചു നിർിക്കേണ്ട കാര്യങ്ങൾ പുറത്തുള്ളവരോട് തുറന്നുപറയേണ്ട കാര്യമില്ലായിരുന്നു," രശ്മിക കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഫെബ്രുവരി 26-നായിരുന്നു വിജയ് ദേവരക്കൊണ്ടയും രശ്മികയും വിവാഹിതരാകുന്നത്. ഉദയ്പൂരിലെ ആഡംബര ഐടിസി മെമെന്റോസില് നടന്ന വിവാഹച്ചടങ്ങില് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.







Comments